നവരാത്രി വിഭവങ്ങള്‍
text_fieldsരാജ്യമെങ്ങും നവരാത്രി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വ്രതവും പൂജകളുമായി ഒന്‍പത് ദിനരാത്രങ്ങള്‍. ശക്തീദേവിയുടെ വിവിധ രൂപങ്ങളെയാണ് ഒന്‍പത് ദിവസങ്ങളില്‍ വിശ്വാസികള്‍ ആരാധിക്കുന്നത്. പത്താം ദിവസമാണ് വിജയദശമി അല്ലെങ്കില്‍ ദസറ. അന്നേദിവസം, കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് വിദ്യയുടെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും മറ്റിതര ജില്ലകളിലും നവരാത്രി ആഘോഷങ്ങളും വിദ്യാരംഭ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്.
നവരാത്രിക്കാലത്ത് പ്രത്യേക വിഭവങ്ങള്‍ തയാറാക്കാറുണ്ട്. ഇത്തരത്തിലുള്ള 11 വിഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു...
1. ശര്‍ക്കരപ്പുട്ട്
ചേരുവകള്‍:
- തുവരപ്പരിപ്പ് - 1/8 കപ്പ്
- പുഴുക്കലരി - ഒരു കപ്പ്
- ശര്‍ക്കര - ഒരു കപ്പ്
- ചുരണ്ടിയ തേങ്ങ -ഒരു കപ്പ്
- നെയ്യ് - രണ്ട് ടേബ്ള്‍ സ്പൂണ്‍
- ഏലക്ക -10 എണ്ണം പൊടിച്ചത്
- അണ്ടിപ്പരിപ്പ് -15 എണ്ണം ചെറുതായരിഞ്ഞത്
- ഉപ്പ് -1/4 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -ഒരു നുള്ള്
തയാറാക്കേണ്ടവിധം:
അരി കഴുകി രണ്ട് മണിക്കൂര്‍ കുതിര്‍ക്കുക. വെള്ളം വാര്‍ത്തുകളഞ്ഞ് ഒരു തുണിയില്‍ നിരത്തി 15 മിനിറ്റ് വെക്കുക. ഈര്‍പ്പം പൂര്‍ണമായും മാറുമ്പോള്‍ നന്നായി പൊടിക്കുക. ഇതു തെളിഞ്ഞശേഷം വറുക്കുക. ഒരു ബൗളിലേക്ക് ഇത് മാറ്റുക. ഒരു കപ്പ് വെള്ളം തിളപ്പിച്ച് 1/4 ടീസ്പൂണ്‍ ഉപ്പും ഒരു നുള്ള് മഞ്ഞളും ഇട്ട് വാങ്ങി അരിപ്പൊടിയില്‍ കുറേശ്ശെയായി ഒഴിച്ചു നനക്കുക. സ്റ്റീമറിന്‍െറ തട്ടില്‍ ഒരു തുണി വിരിച്ച് അതിലേക്ക് ഈ പൊടി നിരത്തി 10 മിനിറ്റ് അടച്ച് ആവിയില്‍ വേവിച്ചെടുക്കുക. ഒരു പരന്ന പാത്രത്തിലേക്ക് വിളമ്പുക.
തുവരപ്പരിപ്പ് പ്രത്യേകം വേവിച്ച് വെള്ളം മാറ്റി വെക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. 1/8 കപ്പ് വെള്ളം ശര്‍ക്കരയില്‍ ഒഴിച്ചു ചൂടാക്കി ഒരു നൂല്‍പരുവമുള്ള പാനി തയാറാക്കുക. ആവി കയറ്റിയ അരിപ്പൊടിയും വേവിച്ച തുവരപ്പരിപ്പും ഇതിലേക്കിട്ട് തുടരെ ഇളക്കുക. ആറിയശേഷം ഒരു മിക്സിയിലാക്കി കട്ട കെട്ടാതെ പുട്ടു പൊടിയുടെ പാകത്തിനു പൊടിച്ചെടുക്കുക. വറുത്ത അണ്ടിപ്പരിപ്പും ഏലക്ക പൊടിച്ചതും ഒരു ടീസ്പൂണ്‍ നെയ്യും ഒരു ടേബ്ള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വിളമ്പുക.
2. മിക്സഡ് ദാള്‍ പുട്ട്
ചേരുവകള്‍:
- കടലപ്പരിപ്പ് -ഒരു കപ്പ്
- തുവരപ്പരിപ്പ് -ഒരു കപ്പ്
- ചെറുപയര്‍ പരിപ്പ് -ഒരു കപ്പ്
സിറപ്പിന്:
- ശര്‍ക്കര ചീകിയത് -രണ്ട് കപ്പ്
- പഞ്ചസാര വെള്ളം -അരക്കപ്പ് വീതം
മറ്റു ചേരുവകള്‍ :
- ചുരണ്ടിയ തേങ്ങ -ഒരു കപ്പ്
- ഏലക്ക - നാലെണ്ണം പൊടിയായരിഞ്ഞത്
- കിസ്മിസ്, അണ്ടിപ്പരിപ്പ് - 10 എണ്ണം വീതം
- നെയ്യ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
തയാറാക്കേണ്ടവിധം:
ഓരോ പരിപ്പും പ്രത്യേകം പ്രത്യേകം വറുത്ത് പച്ചമണം മാറും വരെ വറുക്കുക. ഇത് നന്നായി കഴുകി വേവാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് വേവിക്കുക. പകുതി വെന്താല്‍ വാങ്ങുക. വെള്ളം അരിച്ച് മാറ്റുക. തണലത്ത് വെച്ചുണക്കുക. ഇനി പൊടിക്കുക. ഇത് തെള്ളുക. ഈ പൊടി ആവിയില്‍ 10 മിനിറ്റ് വെച്ച് വേവിച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാന്‍ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവയിട്ട് ഇളം ബ്രൗണ്‍ നിറം മാറുംവരെ വറുക്കുക. ദാള്‍ പൊടിച്ചത് കട്ടകെട്ടാതെ ചേര്‍ക്കുക. ചുരണ്ടിയ തേങ്ങയും ചേര്‍ത്ത് അഞ്ചു മിനിറ്റ് വറുക്കുക. മറ്റൊരു പാനില്‍ ശര്‍ക്കരയും അരക്കപ്പ് വെള്ളവും എടുത്ത് ചൂടാക്കി പാനി തയാറാക്കി വാങ്ങുക. തയാറാക്കിയ ദാള്‍ പുട്ടും ഏലക്കപ്പൊടിയും ഇതില്‍ ഇട്ടിളക്കുക. ആറിയ ശേഷം അല്‍പം പഞ്ചസാര വിതറി ടിന്നിലാക്കി അടച്ചു സൂക്ഷിക്കുക. നവരാത്രി കാലങ്ങളില്‍ കഴിക്കുക.
3. കടലച്ചുണ്ടന്‍
ചേരുവകള്‍:
- വന്‍കടല -രണ്ട് കപ്പ്
- മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
വറുക്കാന്‍:
- കടുക് -അര ടീ സ്പൂണ്‍
- കായപ്പൊടി -കാല്‍ ടീസ്പൂണ്‍
- പച്ചമുളക് -മൂന്നെണ്ണം പൊടിയായരിഞ്ഞത്
- കറിവേപ്പില -ഒരു തണ്ട് ഉതിര്‍ത്തത്
അലങ്കരിക്കാന്‍:
- ചുരണ്ടിയ തേങ്ങ -മൂന്ന് ടേബ്്ള്‍ സ്പൂണ്‍
- പച്ചമുളക് കഷണങ്ങള്‍ -രണ്ട് സ്പൂണ്‍
- നാരങ്ങ -ഒന്ന് (നീരിന്)
തയാറാക്കേണ്ടവിധം:
കടല കഴുകി ഒരു രാത്രി കുതിര്‍ക്കുക. വീണ്ടും കഴുകി ഒരു പാത്രത്തിലാക്കി വെള്ളവും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ഒരു ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കായപ്പൊടി, കടുക്, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ കടല വേവിച്ചതും അതില്‍ അവശേഷിക്കുന്ന വെള്ളവും കൂടി ചേര്‍ക്കുക. ഉപ്പിട്ട് വെള്ളം വറ്റുമ്പോള്‍ ചുരണ്ടിയ തേങ്ങയും ചെറുതായരിഞ്ഞ പച്ചമാങ്ങയും ചേര്‍ത്തിളക്കുക. വാങ്ങിവെച്ച് നാരങ്ങാ നീരൊഴിക്കുക.
4. മലര്‍ നിവേദ്യം
ചേരുവകള്‍:
- മലര്, അവല്‍ -ഒരു പിടി വീതം
- നെയ്യ് -നാല് ടീസ്പൂണ്‍
- കല്‍ക്കണ്ടം പൊടിച്ചത് -അര ടീസ്പൂണ്‍
തയാറാക്കേണ്ടവിധം:
ഇവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.
5. പാല്‍പായസം
ചേരുവകള്‍:
- ഉണക്കലരി, പഞ്ചസാര -125 ഗ്രാം വീതം
- പാല്‍ -ഒന്നര ലിറ്റര്‍
- ഏലക്ക -ഒരു ടീസ്പൂണ്‍
തയാറാക്കേണ്ടവിധം:
അരി നന്നായി കഴുകി കുറച്ചു വെള്ളവും പാലും ചേര്‍ത്ത് വേവിച്ച് ഏലക്കപ്പൊടി വിതറി ഉടന്‍ വാങ്ങുക.
6. കടല ഉണ്ട
ചേരുവകള്‍:
- പുഴുക്കലരി -അരക്കിലോ
- ഈന്തപ്പഴം -കാല്‍ കിലോ
- കപ്പലണ്ടി -കാല്‍ കിലോ
- ശര്‍ക്കര -അരക്കിലോ
- തേങ്ങ -രണ്ടെണ്ണം
- നെയ്യ് -25 ഗ്രാം
തയാറാക്കേണ്ടവിധം:
ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി അരിയും കപ്പലണ്ടിയും പ്രത്യേകം പ്രത്യേകം വറുക്കുക. ശര്‍ക്കര പാവ് കാച്ചി ഒഴിച്ചുവെക്കുക. കപ്പലണ്ടി തൊലി കളഞ്ഞ് തരുതരുപ്പായി പൊടിക്കുക. ഈന്തപ്പഴത്തിന്‍െറ കുരു കളഞ്ഞ് അരിഞ്ഞുവെക്കുക. ഒരു ഉരുളിയില്‍ തേങ്ങയും ശര്‍ക്കരപ്പാനിയും ചേര്‍ത്ത് വരട്ടുക. വാങ്ങിവെച്ച് അരിപ്പൊടിയും കപ്പലണ്ടിപ്പൊടിയും നെയ്യും ഈന്തപ്പഴവും ചേര്‍ത്തിളക്കുക. ചെറുചൂടോടെ ചെറുനാരങ്ങ വലുപ്പമുള്ള ഉരുളകള്‍ തയാറാക്കുക.
7. കോക്കനട്ട് ലഡു
ചേരുവകള്‍:
- തേങ്ങ -രണ്ടെണ്ണം ചുരണ്ടിയത്
- ഏലക്കപ്പൊടി -ഒരു ടീ സ്പൂണ്‍
- ശര്‍ക്കര ചീകിയത് -തേങ്ങ ചുരണ്ടിയതിന്‍െറ അത്രയും അളവില്‍
തയാറാക്കേണ്ടവിധം:
ശര്‍ക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകള്‍ പ്രത്യക്ഷപ്പെട്ട് ഒരു നൂല്‍പരുവമാവുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകള്‍ തയാറാക്കി ഒരു പ്ളേറ്റില്‍ നിരത്തുക.
8. ഗോതമ്പ് റവ ഖിച്ച്ഡി (KHICHDI)
ചേരുവകള്‍:
- ഗോതമ്പ് റവ -200 ഗ്രാം (വറുത്തത്)
- കാരറ്റ് -മൂന്നെണ്ണം പൊടിയായരിഞ്ഞത്
- ബീന്‍സ് -12 എണ്ണം പൊടിയായരിഞ്ഞത്
- ഉരുളക്കിഴങ്ങ് -രണ്ടെണ്ണം ചെറുകഷണങ്ങള്‍
- തക്കാളി -മൂന്നെണ്ണം
- സവാള -നാലെണ്ണം
- പച്ചമുളക് -മൂന്നെണ്ണം
- ഇഞ്ചി -ഒരിഞ്ച് നീളത്തില്‍
- മല്ലിയില, പുതിനയില -ഒരു കെട്ട് വീതം
- നാരങ്ങനീര് -ഒന്നിന്‍െറ
- ഉപ്പ് -പാകത്തിന്
- എണ്ണ -രണ്ട് ടീസ്പൂണ്‍
തയാറാക്കേണ്ടവിധം:
രണ്ട് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിങ് പാനില്‍ ഒഴിച്ചു ചൂടാക്കി ഈ അരപ്പിട്ട് വഴറ്റുക. പുതിനയിലയും മല്ലിയിലയും ഇട്ട് വഴറ്റുക. പച്ചക്കറികള്‍ അരിഞ്ഞത്, ഉപ്പ്, അര ക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വെച്ച് എല്ലാം നന്നായി വേവിക്കുക. മറ്റൊരു പാനില്‍ മിച്ചമുള്ള എണ്ണ ഒഴിച്ച് സവാള (രണ്ടെണ്ണം) ഇട്ട് വഴറ്റി മയമാക്കുക. മൂന്ന്- മൂന്നര കപ്പ് വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. റവ വിതറുക. നന്നായി വെന്താല്‍ വേവിച്ച പച്ചക്കറികളും നാരങ്ങനീരും (ഒരു നാരങ്ങയുടെ) ചേര്‍ത്തിളക്കി വാങ്ങുക.
9. ലൂച്ചി
ചേരുവകള്‍:
- ഗോതമ്പുമാവ് -നാല് കപ്പ്
- ഉപ്പ് -രണ്ട് നുള്ള്
- നെയ്യ് -വറുക്കാന്‍
തയാറാക്കേണ്ടവിധം:
ഗോതമ്പുമാവില്‍ പാകത്തിന് വെള്ളമൊഴിച്ച് ഉപ്പിട്ട് നല്ല കട്ടിയായി കുഴച്ച് ചെറു ഉരുളകളാക്കി പൂരിപോലെ പരത്തുക. ഇവ ചൂടു നെയ്യില്‍ ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
10. സേമിയ പകോഡ
ചേരുവകള്‍:
- സേമിയ -200 ഗ്രാം
- കടലമാവ് -100 ഗ്രാം
- സവാള - നാലെണ്ണം പൊടിയായരിഞ്ഞത്
- മല്ലിപ്പൊടി -ഒരു ടീ സ്പൂണ്‍
- കായപ്പൊടി -കാല്‍ ടീ സ്പൂണ്‍
- മുളകുപൊടി -ഒരു ടീ സ്പൂണ്‍
- പച്ചമുളക് -നാലെണ്ണം
- മല്ലിയില -രണ്ട് തണ്ട്
- ഇഞ്ചി -ഒരു കഷണം
- എണ്ണ -വറുക്കാന്‍
തയാറാക്കേണ്ടവിധം:
ഒരു ബൗളില്‍ എണ്ണ ഒഴിച്ചുള്ളവ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല കട്ടിയായി കുഴക്കുക. 10 മിനിറ്റ് വെക്കുക. എണ്ണ ചൂടാക്കുക. ഇതില്‍ കുറേശ്ശെയായിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
11. മധുരച്ചുണ്ടന്‍
ചേരുവകള്‍:
- ചെറുപയര്‍ പരിപ്പ് -രണ്ട് കപ്പ്
- ശര്‍ക്കര ചീകിയത് -ഒരു കപ്പ്
- ചുരണ്ടിയ തേങ്ങ -മൂന്ന് ടേബ്ള്‍ സ്പൂണ്‍
- ഏലക്ക -അഞ്ചെണ്ണം
- നെയ്യ് -ഒരു ടേബ്ള്‍ സ്പൂണ്‍
തയാറാക്കേണ്ടവിധം:
ചെറുപയര്‍ പരിപ്പ് മൂന്നു മണിക്കൂര്‍ കുതിര്‍ക്കുക. കഴുകി പ്രഷര്‍ കുക്കറിലാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. അരക്കപ്പ് വെള്ളവും ശര്‍ക്കര ചീകിയതും കൂടി പാത്രത്തിലെടുത്ത് തിളപ്പിച്ച് ഉരുകുമ്പോള്‍ ഒരു പാത്രത്തിലേക്ക് ഇത് പകരുക. ചൂടാക്കി കുറുകുമ്പോള്‍ വേവിച്ച ദാള്‍ ചേര്‍ത്ത് തുടരെ ഇളക്കുക. ഈര്‍പ്പം പൂര്‍ണമായും വിട്ടുകിട്ടുമ്പോള്‍ ചുരണ്ടിയ തേങ്ങ, ഏലക്കപ്പൊടി എന്നിവ ചേര്‍ത്തു വാങ്ങുക. ആറിയ ശേഷം വിളമ്പുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.