പെരുന്നാള്‍ സ്പെഷ്യല്‍
text_fields1. ബീഫ് വെളുത്തുള്ളി ഫ്രൈ
ചേരുവകള്‍:
- ചെറുതായി നുറുക്കിയ ബീഫ് -ഒരു കിലോ
- സവാള വലുത് -ഒന്ന്
- മുളകുപൊടി -ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഗരം മസാലപ്പൊടി -ഒരു സ്പൂണ്‍
- കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
- തേങ്ങ ചെറുതായി അരിഞ്ഞത് -മൂന്ന് ടീസ്പൂണ്‍
- വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില -ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
കഴുകി ഊറ്റിയ ബീഫും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ച് വെക്കുക. ചൂടായ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്, അരിഞ്ഞ വെളുത്തുള്ളിയും തേങ്ങയും കറിവേപ്പിലയും വറുത്ത് കോരിവെക്കുക. ബാക്കി എണ്ണയില്‍ വേവിച്ച ബീഫ് ഇട്ട് കുരുമുളകു പൊടിയും ചേര്‍ത്ത് ഫ്രൈ ചെയ്ത് എടുക്കുക. മുകളില്‍ വറുത്ത കൂട്ട് വിതറി ചൂടോടെ വിളമ്പാം. ഇത് ചപ്പാത്തി, റൈസ് ഇവ കൂട്ടി കഴിക്കാം.
2. മട്ടന്‍ കറി
ചേരുവകള്‍:
- ആട്ടിറച്ചി -500 ഗ്രാം
- സവാള അരിഞ്ഞത് -ഒന്നര കപ്പ്
- തക്കാളി -രണ്ട്
- ഇഞ്ചി -ഒരു കഷണം
- പച്ചമുളക് -നാല്
- മുളകുപൊടി -ഒരു ടേ. സ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- മല്ലിപ്പൊടി -രണ്ട് ടേ. സ്പൂണ്‍
- ഏലക്ക -രണ്ട്
- കറുവപ്പട്ട -രണ്ട്
- വെളുത്തുള്ളി -ആറ് അല്ലി
- ഗ്രാമ്പൂ -മൂന്ന്
- വെളിച്ചെണ്ണ -നാല് ടേ. സ്പൂണ്‍
- കടുക്, കറിവേപ്പില, ഉപ്പ് -പാകത്തിന്.
പാകം ചെയ്യേണ്ടവിധം:
ഇറച്ചി ചെറുതായി കഴുകി വഴറ്റണം. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ ഇവ ചൂടാക്കി മയത്തില്‍ അരച്ചെടുക്കണം. പാകം ചെയ്യാനുള്ള പാത്രം അടുപ്പില്‍വെച്ച് എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടുമ്പോള്‍ കറിവേപ്പിലയും അരിഞ്ഞ സവാളയും പച്ചമുളകും ഇട്ട് സവാള ചുവക്കുന്നതുവരെ വഴറ്റുക. തുടര്‍ന്ന് തക്കാളിക്കഷണങ്ങളും അരപ്പും ഇട്ട് വഴറ്റുക. ഇനി ഇറച്ചിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റിയതിനുശേഷം പാകത്തിന് വെള്ളം ഒഴിച്ച് ഇളക്കി മൂടിവെച്ച് വേവിക്കുക. ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വീണ്ടും മൂടിവെക്കുക. ഇറച്ചി വെന്ത് കുറുകി വരുമ്പോള്‍ ഇറക്കിവെക്കുക.
3. ചിക്കന്‍ സ്റ്റീം ഫ്രൈ
ചേരുവകള്‍:
- ചിക്കന്‍ -ഒരു കിലോ
- മുളകുപൊടി -രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ചിക്കന്‍ മസാല -രണ്ട് ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- തൈര് -രണ്ട് ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
- കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ -അര കിലോ
പാകം ചെയ്യേണ്ടവിധം:
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മുറിക്കുക. കഴുകിവാരി വെള്ളം വാര്‍ന്നുപോയതിനുശേഷം രണ്ടു മുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ കൂട്ടിത്തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക. അതിനുശേഷം ഒരു മണിക്കൂര്‍ ഇഡലിത്തട്ടില്‍വെച്ച് ആവിയില്‍ വേവിക്കുക. ചൂടാറിയതിനുശേഷം തിളപ്പിച്ച വെളിച്ചെണ്ണയില്‍ ഇട്ട് വറുത്ത് കോരുക. ചൂടാറിയതിനുശേഷം ഇത് വായുകടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിച്ചാല്‍ രണ്ടാഴ്ചയോളം കേടുകൂടാതെയിരിക്കും. കറിയാക്കിക്കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗ്രേവിയുണ്ടാക്കി ചിക്കന്‍ അതിലേക്കിട്ട് ചൂടാക്കി കഴിക്കാം.
4. വറുത്തരച്ച കോഴിക്കറി
ചേരുവകള്‍:
- കോഴിയിറച്ചി -ഒരു കപ്പ്
- തേങ്ങ ചിരവിയത് -രണ്ട് കപ്പ്
- തക്കാളി -രണ്ട് എണ്ണം
- പച്ചമുളക് -മൂന്ന്എണ്ണം
- ഇഞ്ചി -രണ്ട് ഇഞ്ച് കഷണം
- വെളുത്തുള്ളി -അഞ്ച് അല്ലി
- ചെറിയ ഉള്ളി രണ്ട്-മൂന്ന് എണ്ണം
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- മല്ലിപ്പൊടി -മൂന്ന് ടേബിള്‍സ്പൂണ്‍
- മുളകുപൊടി -മൂന്ന് ടേബിള്‍സ്പൂണ്‍
- എണ്ണ -മൂന്ന് ടേബിള്‍സ്പൂണ്‍
- കറിവേപ്പില -മൂന്ന് ഇതള്‍
- കടുക് -ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
കോഴിയിറച്ചി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളം വാര്‍ത്തു കളയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ ഒരേ വലുപ്പത്തിലാക്കാന്‍ വെള്ളം ചേര്‍ക്കാതെ ചെറുതായി മിക്സിയില്‍ അര ക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ചൂടാറുമ്പോള്‍, വെള്ളം ചേര്‍ക്കാതെ (നിറം മാറാതിരിക്കുന്നതിന്) മിക്സിയില്‍ അരക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പ നേരം ഇളക്കുക. അതിനുശേഷം കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നാല് -അഞ്ച് മിനിറ്റ് ഇളക്കുക. പിന്നീട് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പതുക്കെ തിളക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക.
5. ബീഫ് വറുത്തത് (ഫ്രൈഡ് ബീഫ്)
ചേരുവകള്‍:
- ബീഫ് -500 ഗ്രാം
- കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- മസാലപ്പൊടി -അര ടീസ്പൂണ്‍
- മുളകുപൊടി, മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
- ഇഞ്ചി -ഒരു കഷണം
- വെളുത്തുള്ളി -ആറ് അല്ലി
- ഉപ്പ് ആവശ്യത്തിന്
- എണ്ണ -അര കപ്പ്
പാകം ചെയ്യേണ്ടവിധം:
ഇറച്ചി കനംകുറച്ച് നുറുക്കി അതില്‍ പൊടികളും ഇഞ്ചി, വെളുത്തുള്ളി അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് വെക്കുക. ചൂടായ പാത്രത്തില്‍ എണ്ണ ഒഴിച്ച് ഇറച്ചി മൂപ്പിച്ചെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.