Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഈദ് സ്പെഷ്യൽ വിഭവങ്ങൾ

ഈദ് സ്പെഷ്യൽ വിഭവങ്ങൾ

text_fields
bookmark_border
ഈദ് സ്പെഷ്യൽ വിഭവങ്ങൾ
cancel
മീന്‍ ബിരിയാണി

ചേരുവകള്‍:  

  1. മീന്‍ -അര കിലോഗ്രാം
  2. സവാള -അര കിലോഗ്രാം
  3. അണ്ടിപ്പരിപ്പ് -50 ഗ്രാം
  4. കിസ്മിസ് -50 ഗ്രാം
  5. നെയ്യ് -250 ഗ്രാം
  6. ബിരിയാണി അരി -ഒരു കിലോഗ്രാം
  7. തക്കാളി -അര കിലോഗ്രാം
  8. പച്ചമുളക് -പത്ത് എണ്ണം
  9. ഗരംമസാല -ഒരു ടീസ്പൂണ്‍
  10. മല്ലിയില -പത്ത് ഗ്രാം
  11. പുതിനയില -പത്തു ഗ്രാം
  12. വെളിച്ചെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
  13. മുളകുപൊടി -ഒരു ടീ സ്പൂണ്‍
  14. മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍
  15. ഇഞ്ചി അരച്ചത് -ഒരു കഷണം
  16. വെളുത്തുള്ളി അരച്ചത് -ഒന്ന്
  17. പെരുംജീരകം അരച്ചത് -കുറച്ച്
  18. ഉപ്പ് -പാകത്തിന്
  19. കോഴിമുട്ട -ഒന്ന്

തയാറാക്കുന്ന വിധം:

മീന്‍ കഴുകി വൃത്തിയാക്കുക. കോഴിമുട്ട നന്നായി പതപ്പിച്ച് അതില്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായിളക്കി മീനില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് മീന്‍കഷണങ്ങള്‍ നന്നായി വറുത്തു കോരുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി സവാള വറുത്തെടുക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരുക. കഴുകിയെടുത്ത അരി ഇതിലിട്ട് രണ്ടു മിനിറ്റ് നന്നായി ചൂടാക്കുക. ഒരു ലിറ്റര്‍ തിളച്ച വെള്ളവും പാകത്തിന് ഉപ്പും അരിയില്‍ ഒഴിച്ച് പാത്രം മൂടിവെച്ച് തീകുറച്ച് വേവിക്കുക. ഇടക്ക് നന്നായി ഇളക്കണം.മീന്‍ വറുത്ത് ബാക്കിയുള്ള വെളിച്ചെണ്ണ ഫ്രൈ പാനില്‍ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരച്ചുവെച്ച വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം എന്നിവയും തക്കാളി, പച്ചമുളക് എന്നിവ അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ സവാള വറുത്തതിന്‍റെ പകുതിയും പാകത്തിന് ഉപ്പും ചേര്‍ക്കുക. മല്ലിയില, പുതിനയില എന്നിവ അരിഞ്ഞു ചേര്‍ക്കാം. ഗരംമസാല ചേര്‍ത്തിളക്കി ചെറുതീയില്‍ അഞ്ചു മിനിറ്റ് ചൂടാക്കുക. ഇതില്‍ മീന്‍ കഷണങ്ങള്‍ വറുത്തത് ചേര്‍ത്ത് മസാല പുരളുംവിധം ഇളക്കുക. മീന്‍ പൊടിയാതെ നോക്കണം. ഇതിലേക്ക് വേവിച്ച അരി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സവാള വറുത്തതും അണ്ടിപ്പരിപ്പും കിസ്മിസും ഉപയോഗിച്ച് അലങ്കരിച്ചശേഷം ചൂടോടെ വിളമ്പാം.

ബീഫ് പിടി

ചേരുവകൾ:

  1. ബീഫ് -1/2 കിലോ
  2. പച്ചരി -300 ഗ്രാം
  3. ചെറിയുള്ളി -10 എണ്ണം
  4. തേങ്ങ -1 മുറി ( ചിരവിയത്)
  5. ജീരകം -1/4 സ്പൂണ്‍
  6. ഉപ്പ് -ആവശ്യത്തിന്
  7. സവാള -2 എണ്ണം (ചെറുതായരിഞ്ഞത്)
  8. പച്ചമുളക് -4 എണ്ണം (കീറിയത്)
  9. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
  10. തക്കാളി -1 എണ്ണം (ചെറുതായരിഞ്ഞത്)
  11. മുളകുപൊടി -2 സ്പൂണ്‍
  12. മല്ലിപ്പൊടി -2 സ്പൂണ്‍
  13. മഞ്ഞള്‍പൊടി -1/2 സ്പൂണ്‍
  14. കുരുമുളക് പൊടി -1/2 സ്പൂണ്‍
  15. കറിവേപ്പില -1 തണ്ട്
  16. എണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം:

പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക. ചെറിയുള്ളി, തേങ്ങ, ജീരകം ഇവ പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായരച്ച് അതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക. ഇതിലേക്ക് ഇത്തിരി എണ്ണ ചേര്‍ത്ത് മാവ് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ ഇഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. ബീഫ് നന്നായി കഴുകി കുറച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. സവാള നന്നായി വഴറ്റുക, ഇതിലേക്ക് പച്ചമുളക് ചേര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. തക്കാളി ചേര്‍ക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായിളക്കുക. ഇതിലേക്ക് വെന്ത ബീഫ് ചേര്‍ക്കുക. കുരുമുളക് പൊടി ഇടുക. വെന്ത പിടിയും ചേര്‍ത്ത് വേപ്പിലയും ഇട്ട് അടച്ചുവെച്ച് ഗ്രേവി പിടിയില്‍ പിടിക്കുന്നതുവരെ വേവിക്കുക.

ഇറച്ചി ചോറ്

ചേരുവകള്‍:

  1. ബീഫ്  -1 കിലോ
  2. ബസ്മതി അരി -1 കിലോ
  3. സവാള -4 എണ്ണം അരിഞ്ഞത്
  4. തക്കാളി -3 എണ്ണം അരിഞ്ഞത്
  5. പച്ചമുളക് -6 എണ്ണം (ചെറുതായി അരിഞ്ഞത്)
  6. ഇഞ്ചി -ഒരു വലിയ കഷ്ണം ചതച്ചത്
  7. വെളുത്തുള്ളി -8 അല്ലി ചതച്ചത്
  8. മല്ലിയില -ആവശ്യത്തിന്
  9. കറിവേപ്പില -ആവശ്യത്തിന്
  10. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  11. മുളകുപൊടി -1 ടീസ്പൂണ്‍
  12. മല്ലിപൊടി -2 ടേബിള്‍ സ്പൂണ്‍
  13. ഗരംമസാലപൊടി -ഒരു ടീസ്പൂണ്‍
  14. തൈര് -ഒരു കപ്പ്
  15. പട്ട, ഗ്രാമ്പു, ഏലക്ക -ആവശ്യത്തിന്
  16. വെളിച്ചണ്ണെ, ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പ്രഷര്‍ കുക്കറില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീഫും മൂന്നു മുതല്‍ 14 വരെയുളള ചേരുവകളും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം അടുപ്പില്‍വെച്ച് വേവിക്കുക. ഈ സമയം മറ്റൊരു പാത്രത്തില്‍ അരിയുടെ ഇരട്ടി വെള്ളം വെച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഇതിലേക്ക് അരി, പട്ട, ഏലക്ക, ഗ്രാമ്പു, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരി മുക്കാല്‍ വേവാകുമ്പോള്‍ ബീഫ് കറി ഇതിലേക്ക് പകര്‍ത്തുക. അല്‍പ്പം മല്ലിയിലയും ഗരംമസാല പൊടിയും തൂവുക. പാത്രം അടച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. ഇറച്ചി ചോറ് തയ്യാര്‍.

പഴം നിറച്ചത്

ചേരുവകൾ:

  1. പഴുത്ത നേന്ത്രപ്പഴം -3 എണ്ണം
  2. മൈദ -1 കപ്പ്
  3. മഞ്ഞള്‍പൊടി -1/4 സ്പൂണ്‍
  4. മുട്ട -1 എണ്ണം

നിറക്കാന്‍

  1. ചിരകിയ തേങ്ങ -1/2 മുറി
  2. ചുക്കുപൊടി -1/2 സ്പൂണ്‍
  3. ഏലക്കാപ്പൊടി -1/2 സ്പൂണ്‍
  4. പഞ്ചസാര -8 സ്പൂണ്‍
  5. അവല്‍ -15 ഗ്രാം
  6. നെയ്യ് -4 സ്പൂണ്‍
  7. എണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം:

നെയ്യില്‍ തേങ്ങ വറുത്ത്, അവലും പകുതി പഞ്ചസാരയും ചുക്കുപൊടിയും ഏലക്കപ്പൊടിയും ചേര്‍ക്കുക. മൈദ മഞ്ഞള്‍പൊടിയും ബാക്കി പഞ്ചസാരയും മുട്ടയും ചേര്‍ത്ത് നന്നായി ഗ്രേവി ആക്കുക. അധികം വെള്ളം ചേര്‍ക്കരുത്. പഴം നെടുകെ കീറി (വിട്ടുപോകരുത്) ഉള്ളില്‍ മിക്ചര്‍ നിറച്ച്, മൈദ മാവില്‍ മുക്കി പൊരിച്ചെടുക്കുക.

ചിക്കൻ കബാബ്

ചേരുവകൾ:

  1. എല്ലില്ലാത്ത ചിക്കന്‍ -1/2 കിലോ
  2. ഉരുളക്കിഴങ്ങ് -2 എണ്ണം
  3. സവാള -2 എണ്ണം
  4. പച്ചമുളക് -5 എണ്ണം
  5. ഇഞ്ചി -1 ചെറിയ കഷണം
  6. വെളുത്തുള്ളി -4 അല്ലി
  7. മല്ലിയില -2 തണ്ട്
  8. മുളക് -1/2 സ്പൂണ്‍
  9. കശുവണ്ടി -100 ഗ്രാം
  10. ഉപ്പ് -പാകത്തിന്
  11. മഞ്ഞള്‍പൊടി -1/2 സ്പൂണ്‍
  12. മുട്ട -2 എണ്ണം
  13. റസ്ക്പൊടി -250 ഗ്രാം
  14. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ കുറച്ച് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമില്ലാതെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങുക. സവാള മുതല്‍ കശുവണ്ടി വരെയുള്ള കൂട്ടുകള്‍ നന്നായരക്കുക. ഇതിലേക്ക് വെന്ത ചിക്കനും തൊലികളഞ്ഞ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പ് ചേര്‍ക്കാം. ഇത് 1/2 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക. ചിക്കന്‍ കബാബ് ഷേപ്പില്‍ ആക്കി, മുട്ടയില്‍ മുക്കി, റസ്ക്പൊടി പുരട്ടി എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം.

മുട്ട പാൻ കേക്ക്

ചേരുവകൾ:

  1. മുട്ട -6 എണ്ണം
  2. മൈദ -250 ഗ്രാം
  3. പഞ്ചസാര -3 സ്പൂണ്‍
  4. ഡാല്‍ഡ -2 സ്പൂണ്‍
  5. സവാള -2 എണ്ണം
  6. പച്ചമുളക് -3 എണ്ണം
  7. ഇഞ്ചി /വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
  8. ടൊമാറ്റോ സോസ് -2 സ്പൂണ്‍
  9. മുളകുപൊടി -1 സ്പൂണ്‍
  10. മഞ്ഞള്‍പൊടി -1/4 സ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. കുരുമുളകുപൊടി -1/2 സ്പൂണ്‍
  13. വെള്ളം -ആവശ്യത്തിന്
  14. വേപ്പില -1 തണ്ട്
  15. എണ്ണ -4 സ്പൂണ്‍

തയാറാക്കുന്ന വിധം:

മൈദ, 2 മുട്ടയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഡാല്‍ഡയും ചേര്‍ത്ത് ദോശമാവു പരുവത്തില്‍ കുഴക്കുക. 4 മുട്ട നന്നായി അടിച്ചുവെക്കുക. സവാള, പച്ചമുളക്, ഇവ ചെറുതായരിയുക. കട്ടിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. നന്നായി വഴന്നാള്‍ ഉപ്പുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് പൊടിമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് അടിച്ചുവെച്ച നാല് മുട്ട മിശ്രിതം ചേര്‍ക്കുക. സോസ് ചേര്‍ത്ത്, വേപ്പിലയും ഇടാം. ഇതാണു പാന്‍ കേക്കിനുള്ള ഫില്ലിങ്. മൈദ മാവ് പാനില്‍ പരത്തി അടച്ചുവെച്ച് 2 മിനിറ്റ് വേവിക്കുക. വെന്ത പാന്‍ കേക്കിനു മുകളിലായി മുട്ട ഫില്ലിങ് ഇടുക. നന്നായി റോള്‍ ചെയ്ത് എടുക്കാം. ഇങ്ങനെ ഓരോ പാന്‍ കേക്കിലും മുട്ട ഫില്ലിങ് ഇട്ട് എടുക്കാം.

ഉന്നക്കായ

ചേരുവകൾ:

  1. പഴുത്ത പഴം -4 എണ്ണം
  2. കശുവണ്ടി -25 ഗ്രാം
  3. ഉണക്കമുന്തിരി -25 ഗ്രാം
  4. തേങ്ങാക്കൊത്ത് (ചെറുതായരിഞ്ഞത്) -1 മുറിയുടെ പകുതി
  5. നെയ്യ് -4 സ്പൂണ്‍
  6. ഏലക്കപ്പൊടി -1 സ്പൂണ്‍
  7. എണ്ണ -ആവശ്യത്തിന്
  8. അവല്‍ -50 ഗ്രാം
  9. പഞ്ചസാര -4 സ്പൂണ്‍

തയാറാക്കുന്ന വിധം:

പഴം പുഴുങ്ങി, നാരെല്ലാം കളഞ്ഞ് നന്നായി ഉടക്കുക. നെയ്യില്‍ കശുവണ്ടിയും തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇതിലേക്ക് അവല്‍ ചേര്‍ക്കുക. ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഉടച്ച പഴം ഉള്ളംകൈയില്‍ വെച്ച് പരത്തി ഉള്ളിലായ് മിശ്രിതം നിറച്ച് സിലിണ്ടര്‍ ആകൃതിയില്‍ പരത്തി, അറ്റം രണ്ടും കൂട്ടി യോജിപ്പിക്കുക. ഓരോന്നായി തിളച്ച എണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ മാറ്റാം.

തരിക്കഞ്ഞി

ചേരുവകൾ:

  1. നുറുക്കു ഗോതമ്പ് -50 ഗ്രാം
  2. പാല്‍ -500 മില്ലി
  3. പഞ്ചസാര -4 സ്പൂണ്‍
  4. നെയ്യ് -2 സ്പൂണ്‍
  5. കശുവണ്ടി -1 സ്പൂണ്‍ ( ചെറുതായരിഞ്ഞത്)
  6. ആല്‍മണ്ട് -1 സ്പൂണ്‍ ( ചെറുതാക്കിയത്)
  7. ബദാം -1 സ്പൂണ്‍ ( ചെറുതായരിഞ്ഞത്)
  8. ഉണക്കമുന്തിരി -1 സ്പൂണ്‍

തയാറാക്കുന്ന വിധം:

ഗോതമ്പ്, നന്നായി വേവിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. നട്ട്സ് നെയ്യില്‍ വറുക്കുക. ഓരോ ഗ്ലാസ് കഞ്ഞിയിലും വറുത്ത നട്ട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid special dishesfestival dishesLifestyle News
Next Story