കൂട്ടിനൊരു കൂട്ടുകറി കൂടിയായാലോ?
text_fieldsഇന്നൊരു സ്പെഷല്‍ വിഭവം ആകാം. തൃപ്പൂണിത്തുറക്കാര്‍ പൊതുവെ ഉപയോഗിക്കുന്ന അല്‍പം മധുരമുള്ള കൂട്ടുകറിയാണ് ഇത്. നല്ല ഇഷ്ടമാണെങ്കിലും സദ്യക്കല്ലാതെ ഈ കൂട്ടാന്‍ അധികം വെക്കുക പതിവില്ല. മധുരം ഒഴിവാക്കി വേണ്ടവര്‍ക്ക് അങ്ങനെയുമാകാം. കുതിര്‍ത്ത കടലയോ കടലപ്പരിപ്പോ പിന്നെ ചേനയും നേന്ത്രക്കായയും ചെറിയ ചതുരക്കഷണങ്ങളാക്കിയതമാണ് പ്രധാന ചേരുവ. കൂര്‍ക്കയുണ്ടെങ്കില്‍ അതുമാവാം. രുചി ഏറുകയും ചെയ്യും.
കുതിര്‍ത്ത കടല അല്‍പം മഞ്ഞള്‍പ്പൊടിയിട്ടു പ്രഷര്‍ കുക്കറില്‍ വേവിച്ചു വെക്കാം. മറ്റൊരു പാത്രത്തില്‍ ചേന വേവിക്കാന്‍ വെക്കുക. ചേന പകുതി വേവാകുമ്പോള്‍ കായകൂടി ചേര്‍ക്കാം. കഷണങ്ങള്‍ വെന്താല്‍ ഉപ്പും കുരുമുളകു പൊടിയും വേവിച്ച കടലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി തീ കുറച്ച് എരിവും ഉപ്പുമൊക്കെ പിടിക്കാന്‍ അനുവദിക്കുക. മധുരമുള്ളതാണ് ഇഷ്ടമെങ്കില്‍ അല്‍പം ശരക്കര അരിഞ്ഞതോ പാനിയാക്കിയതോ ചേര്‍ക്കാം. വെള്ളം വലിഞ്ഞുവരുമ്പോള്‍ തേങ്ങയും ജീരകവും അല്‍പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു തരുതരുപ്പായി അരച്ചത് ചേര്‍ത്ത് ചൂടായാല്‍ തീ അണക്കാം.
കുറച്ചുകൂടി കറിവേപ്പില ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വെക്കാം. ഇനി എരിശ്ശേരിയുടേതുപോലെ തേങ്ങാ മൂപ്പിച്ചു വറുത്തിടണം. അതിനായി പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയശേഷം ഉഴുന്നുപരിപ്പ് മൂപ്പിക്കണം. നല്ല മണം വരുംവരെ ഉഴുന്ന് പരിപ്പ് മൂപ്പിക്കാം. കരിഞ്ഞു പോവുകയുമരുത്. പിന്നാലെ വറ്റല്‍മുളക് മൂപ്പിച്ചശേഷം കുറച്ചു ചിരകിയ തേങ്ങയും കറിവേപ്പിലയും ചേര്‍ത്തു നന്നായി ചുവക്കെ മൂപ്പിക്കുക. ഈ വറവ് അല്‍പം കുരുമുളകു പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് തയാറായ കൂട്ടാനിലേക്കു ചേര്‍ത്തിളക്കിയാല്‍ സംഭവം റെഡി.
മേമ്പൊടി: ഇന്നലെ പറഞ്ഞു തന്ന തേങ്ങ പൊടിച്ചു ഒരു പോലെയാക്കി മൂപ്പിക്കുന്ന വിദ്യ ഓര്‍ക്കുമല്ളോ. പിന്നെ ഈ കൂട്ടുകറിയുടെ സ്വാദ് അതില്‍ അരച്ചതും മൂപ്പിച്ചുചേര്‍ത്തതുമായ തേങ്ങയുടെ അളവാണ്. അതു കഷണങ്ങളെക്കാള്‍ മുന്നിട്ടുനില്‍ക്കണം. തേങ്ങ നന്നായി ചേര്‍ത്തോളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.