വലിയ പെരുന്നാൾ സ്പെഷ്യൽ
text_fieldsഅറേബ്യന്‍ ബിരിയാണി
ചേരുവകള്‍:
- മട്ടന്‍ -അര കിലോ വലിയ പീസാക്കിയത്
- ബസുമതി അരി -ഒരു കിലോ
- വലിയ ഉള്ളി -നാലെണ്ണം മുറിച്ചത്
- തക്കാളി -രണ്ടെണ്ണം മുറിച്ചത്
- പച്ചമുളക് -അഞ്ചെണ്ണം കീറിയത്
- ഇഞ്ചി -ഒരു വലിയ കഷ്ണം ചതച്ചത്
- വെളുത്തുളളി -എട്ട് അല്ലി
- മഞ്ഞള്‍ പൊടി -രണ്ട് ടീ സ്പൂണ്‍
- ഗരം മസാല പൊടി -ഒരു ടീ സ്പൂണ്‍
- പട്ട -രണ്ട് കഷ്ണം
- ഗ്രാമ്പു -അഞ്ചെണ്ണം
- ജാതിക്ക -ഒരു കഷ്ണം
- ഏലക്കാ -നാലെണ്ണം
- നെയ്യ് - 500 ഗ്രാം
- ചെറുനാരങ്ങനീര് -അര കപ്പ്
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പില്‍ വെച്ച് രണ്ട് ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ വാട്ടി മട്ടനും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ഇറച്ചി മാറ്റി വെക്കുക. ചുവട് കട്ടിയുള്ള വേറൊരു പാത്രം അടുപ്പില്‍ വെച്ച് ബാക്കിയുള്ള നെയ്യൊഴിച്ച് 10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ച് കഴുകി വെച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്നിളക്കി ഇറച്ചി വെന്ത മസാലയും ചോറ് വേവാന്‍ ആവശ്യമുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തിളച്ചാല്‍ ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ചോറ് ഇളക്കി മറിച്ചിടുക.
വിളമ്പുന്ന വിധം:
വൃത്താകൃതിയിലുള്ള പ്ലേറ്റില്‍ ആദ്യം വെന്ത ഇറച്ചി നിരത്തി വെക്കുക. അതിന് മുകളില്‍ ചോറ് വിളമ്പി മുകളില്‍ അണ്ടിപരിപ്പ്, കിസ്മിസ്, ബദാം, ഉള്ളിപൊരിച്ചത്, മല്ലിയില ഇവകൊണ്ടലങ്കരിക്കുക.
മീന്‍ ബിരിയാണി
ചേരുവകള്‍:
- മീന്‍ -അര കിലോഗ്രാം
- സവാള -അര കിലോഗ്രാം
- അണ്ടിപ്പരിപ്പ് -50 ഗ്രാം
- കിസ്മിസ് -50 ഗ്രാം
- നെയ്യ് -250 ഗ്രാം
- ബിരിയാണി അരി -ഒരു കിലോഗ്രാം
- തക്കാളി -അര കിലോഗ്രാം
- പച്ചമുളക് -പത്ത് എണ്ണം
- ഗരംമസാല -ഒരു ടീസ്പൂണ്‍
- മല്ലിയില -പത്ത് ഗ്രാം
- പുതിനയില -പത്തു ഗ്രാം
- വെളിച്ചെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
- മുളകുപൊടി -ഒരു ടീ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍
- ഇഞ്ചി അരച്ചത് -ഒരു കഷണം
- വെളുത്തുള്ളി അരച്ചത് -ഒന്ന്
- പെരുംജീരകം അരച്ചത് -കുറച്ച്
- ഉപ്പ് -പാകത്തിന്
- കോഴിമുട്ട -ഒന്ന്
തയാറാക്കുന്ന വിധം:
മീന്‍ കഴുകി വൃത്തിയാക്കുക. കോഴിമുട്ട നന്നായി പതപ്പിച്ച് അതില്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായിളക്കി മീനില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് മീന്‍കഷണങ്ങള്‍ നന്നായി വറുത്തു കോരുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി സവാള വറുത്തെടുക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് കോരുക. കഴുകിയെടുത്ത അരി ഇതിലിട്ട് രണ്ടു മിനിറ്റ് നന്നായി ചൂടാക്കുക. ഒരു ലിറ്റര്‍ തിളച്ച വെള്ളവും പാകത്തിന് ഉപ്പും അരിയില്‍ ഒഴിച്ച് പാത്രം മൂടിവെച്ച് തീകുറച്ച് വേവിക്കുക. ഇടക്ക് നന്നായി ഇളക്കണം.മീന്‍ വറുത്ത് ബാക്കിയുള്ള വെളിച്ചെണ്ണ ഫ്രൈ പാനില്‍ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരച്ചുവെച്ച വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം എന്നിവയും തക്കാളി, പച്ചമുളക് എന്നിവ അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ സവാള വറുത്തതിന്‍റെ പകുതിയും പാകത്തിന് ഉപ്പും ചേര്‍ക്കുക. മല്ലിയില, പുതിനയില എന്നിവ അരിഞ്ഞു ചേര്‍ക്കാം. ഗരംമസാല ചേര്‍ത്തിളക്കി ചെറുതീയില്‍ അഞ്ചു മിനിറ്റ് ചൂടാക്കുക. ഇതില്‍ മീന്‍ കഷണങ്ങള്‍ വറുത്തത് ചേര്‍ത്ത് മസാല പുരളുംവിധം ഇളക്കുക. മീന്‍ പൊടിയാതെ നോക്കണം. ഇതിലേക്ക് വേവിച്ച അരി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സവാള വറുത്തതും അണ്ടിപ്പരിപ്പും കിസ്മിസും ഉപയോഗിച്ച് അലങ്കരിച്ചശേഷം ചൂടോടെ വിളമ്പാം.
ചിക്കന്‍ കബ്സ
ആവശ്യമുള്ള സാധനങ്ങള്‍:
- ചിക്കന്‍ - എട്ട് (വലിയ കഷണങ്ങള്‍)
- ബസ്മതി അരി - ഒരു കിലോ (45 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തത്)
- കാരറ്റ് - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
- സവാള - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
- തക്കാളി - രണ്ട് കപ്പ് (കനം കുറച്ച് അരിഞ്ഞത്)
- തക്കാളി പ്യൂരി - 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി - 1/2 ടീസ്പൂണ്‍
- കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
- ഓറഞ്ച് തൊലി പൊടിച്ചത് - 1/2 ടേബിള്‍സ്പൂണ്‍
- ഏലക്കാപൊടി - 1/2 ടേബിള്‍സ്പൂണ്‍
- കറുവപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂണ്‍
- കറയാമ്പു പൊടിച്ചത് - 1/4 ടീസ്പൂണ്‍
- ഉണങ്ങിയ ചെറുനാരങ്ങ - ഒരെണ്ണം
- വെജിറ്റബിള്‍ ഓയില്‍ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
കബ്സ അലങ്കരിക്കുന്നതിന്:
- ബദാം - കാല്‍ കപ്പ് (രണ്ടായി മുറിച്ചത്)
- ഉണക്കമുന്തിരി - കാല്‍ കപ്പ്
തയാറാക്കുന്ന വിധം:
ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക. ഇതിലേക്ക് ഓറഞ്ച് തൊലി പൊടിച്ചത്, കുരുമുളക് പൊടി, ഏലക്കാപൊടി, കറുവപ്പട്ട പൊടിച്ചത്, കറയാമ്പു പൊടിച്ചത്, തക്കാളി പ്യൂരി, തക്കാളി അരിഞ്ഞത്, ഉണങ്ങിയ നാരങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. എണ്ണ തെളിഞ്ഞ് വരുമ്പോള്‍ മൂന്ന് കപ്പ് വെള്ളം ചേര്‍ക്കുക. ചിക്കന്‍ വേവുന്നതുവരെ പാത്രം അടച്ച് ചെറുചൂടില്‍ 25 മിനിറ്റ് വേവിക്കുക. പാകമായ ചിക്കന്‍ പാത്രത്തില്‍ നിന്ന് മാറ്റി ചൂട് പോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് കുതിര്‍ത്തുവെച്ച അരിയും കാരറ്റും ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ 25 മിനിറ്റ് പാകം ചെയ്തെടുക്കാം. ഇതേസമയം മറ്റൊരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ബദാമും ഉണക്കമുന്തിരിയും വറുത്തുകോരുക. പാകമായ ചോറിന് മുകളില്‍ തയ്യാറാക്കിവെച്ച ചിക്കന്‍ കഷണങ്ങള്‍ നിരത്തിവെച്ച് ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.