പൂരാടത്തിനിത്തിരി തൊടുകറിയും ഉപ്പേരിയും
text_fieldsപൂരാടമായിരിക്കുന്നു. ഇക്കുറി ഓണവും പെരുന്നാളും ഒത്തുവന്ന അവധിയുടെ ആഹ്ളാദത്തില്‍ ആണല്ളോ നമ്മള്‍. ഒരുക്കങ്ങള്‍ നടത്താന്‍ ഇഷ്ടംപോലെ സമയം. ഇന്ന് ഇഞ്ചിയും മാങ്ങയും നാരങ്ങയും അച്ചാറുകള്‍ ആക്കിവെക്കാം. നാരങ്ങ തെക്കന്‍ സ്റ്റൈലില്‍ വെള്ള നാരങ്ങ ആകാം. നല്ല പഴുത്ത വടുകാപ്പുളി നാരങ്ങ എടുക്കുക. പുറം വൃത്തിയായി കഴുകുക. ഇനി ആവിവരുന്ന ഇഡലി പാത്രത്തിന്‍െറ തട്ടില്‍വെച്ച് വാട്ടി എടുക്കണം.
ആവിയില്‍ വേവുകേറി നാരങ്ങ സോഫ്റ്റ് ആവും. കയ്പ്പും കുറയും. ഇനി ആവിയൊക്കെ പോയി തണുത്ത ശേഷം പുറം തുടച്ച് വെള്ളം കളഞ്ഞ് ചെറുതായി അരിയുക. വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെക്കുക. പാനില്‍ കടുകും ഉലുവയും പൊട്ടിച്ചശേഷം വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിക്കണം. ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് ഒന്നു വാട്ടിയശേഷം അരിഞ്ഞ നാരങ്ങയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടായാല്‍ ഇറക്കാം.
മാങ്ങാക്കറി
മാങ്ങ അരിഞ്ഞ് ഉപ്പും കുറച്ചു കറിവേപ്പിലയും തിരുമ്മിപ്പിടിപ്പിച്ച് ഒന്നു രണ്ടു മണിക്കൂര്‍ വെക്കുക. ഇനി നല്ളെണ്ണയില്‍ കടുകും ഉലുവയും പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍ മുളകുമൊക്കെ മൂപ്പിച്ചശേഷം ഇറക്കിവെച്ചു മുളകുപൊടി ചേര്‍ക്കുക. അതിലേക്ക് അരിഞ്ഞു വെച്ച മാങ്ങ ചേര്‍ത്തിളക്കി വറുത്തു പൊടിച്ച കായവും (കായം പൗഡറായാലും മതി) ഉലുവയും തൂകി ഇളക്കിച്ചേര്‍ത്തു കഴിഞ്ഞാല്‍ ഇലയില്‍ വിളമ്പാന്‍ ഉള്ള മാങ്ങാക്കറി ആയി. പാന്‍ ഇറക്കിവെച്ച ശേഷം മാങ്ങ ചേര്‍ക്കുമ്പോള്‍ കഷണങ്ങള്‍ വെന്തുപോകാതെ ഫ്രഷ് ആയി ഇരിക്കും.
പുളിയിഞ്ചി
ഇനിയൊരു വടക്കന്‍ സ്റ്റൈല്‍ പുളിയിഞ്ചി കൂടിയാവാം. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് മൂപ്പിച്ചശേഷം വറ്റല്‍ മുളകും കറിവേപ്പിലയും വറുക്കുക. തുടര്‍ന്ന് പൊടിയായി കൊത്തിയരിഞ്ഞ ഇഞ്ചിയും അരിഞ്ഞ പച്ചമുളകും ചേര്‍ത്ത് വറുത്തെടുക്കണം. ഇനി ഈ വറവും വാളന്‍ പുളി പിഴിഞ്ഞ് അരിച്ചെടുത്തതും ശര്‍ക്കര പാനിയാക്കി അരിച്ചതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഒരു മണ്‍കലത്തിലോ സ്റ്റീല്‍ പാനിലോ വെച്ച് കുറുക്കി വറ്റിച്ചെടുക്കണം. ഓണത്തിന് ഉണ്ടാക്കിവെച്ചാല്‍ വിഷുവരെ ഇടയ്ക്കിടെ സേവിക്കാം. ഉപ്പേരി വറുക്കാന്‍ പറഞ്ഞുതരേണ്ട കാര്യമില്ലല്ളോ.
പണ്ടത്തെപ്പോലെ ചേനയും ചേമ്പും അച്ചിങ്ങപ്പയറും വറുക്കാനും ചീട ഉണ്ടാക്കാനുമൊന്നും മെനക്കെടാന്‍ വയ്യെങ്കിലും നേന്ത്രക്കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും കൂടിയേ തീരൂ. ഒരുപാടൊന്നും വേണ്ടെന്നേ. മൂന്നു കായ വീതം ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും എടുത്താല്‍ തന്നെ ധാരാളമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.