മധുര ദീപാവലി
text_fieldsനിറദീപങ്ങൾ കൺതുറക്കുന്ന ദീപാവലി മധുരത്തിന്റെയും ആഘോഷമാണ്. വ്യത്യസ്തങ്ങളായ ദീപാവലി മധുരങ്ങൾ പരിചയപ്പെടാം...
1. കലശ്
ചേരുവകൾ:
- പാൽഗോവ -1 കിലോ
- പഞ്ചസാര -1 കിലോ
തയാറാക്കുന്നവിധം:
പാൽഗോവ തയാറാക്കാൻ ഒരു ലിറ്റർ കട്ടിപ്പാൽ 30 മിനിറ്റോളം നന്നായി തിളപ്പിച്ച് പകുതിയായി കുറുക്കിയെടുക്കുക. നന്നായി ഇളക്കി വറ്റുമ്പോൾ കോരിയെടുത്ത് മാറ്റിവെക്കുക. പാൽഗോവയിലേക്ക് പഞ്ചസാര മിക്സ് ചെയ്ത് 5 മിനിറ്റ് നേരം നന്നായി കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റുക. പിന്നീട് ഇൗ ഉരുളകൾ കുംഭത്തിെൻറ ആകൃതിയിലാക്കി ഫുഡ് കളറും ചേർത്ത് അലങ്കരിച്ചാൽ മധുരമൂറും കലശ് റെഡി. ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവകൊണ്ട് അലങ്കരിക്കാം. സിൽവർ ലീവ്സിൽ പൊതിഞ്ഞെടുത്താൽ കൂടുതൽ മനോഹരമാകും.
2. രസ്മലായ് സാൻഡ് വിച്ച്
ചേരുവകൾ:
- പാൽ - 2 ലിറ്റർ
- പഞ്ചസാര -ഒന്നര കപ്പ്
- ഏലക്കപ്പൊടി -2 ടീസ്പൂൺ
- നാരങ്ങനീര് - 2 ടേബ്ൾ സ്പൂൺ
- വെള്ളം - 6 കപ്പ്
- പഞ്ചസാരപ്പൊടി - 200 ഗ്രാം
- ബദാം, പിസ്ത - അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:
പനീർ തയാറാക്കാനായി ഒരു ലിറ്റർ പാൽ നന്നായി തിളപ്പിക്കുക. പാൽ തിളച്ചുവരുമ്പോൾ നാരങ്ങനീരിനൊപ്പം അൽപം വെള്ളവും (1 ടേബ്ൾ സ്പൂൺ) ചേർത്ത് ലയിപ്പിച്ച ലായനി തിളക്കുന്ന പാലിലേക്ക് കുറച്ചായി ഒഴിച്ച് ഇളക്കുക. വെള്ളവും പനീറും വെവ്വേറെ ആയതിനുശേഷം ഒരു കോട്ടൺ തുണിയിലേക്ക് അരിച്ചു മാറ്റുക. വെള്ളം മുഴുവനായും വാർന്നുപോകുന്നതുവരെ അരിക്കണം. ലഭിക്കുന്ന പനീർ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടിയെടുത്ത ശേഷം ഇഡലിയുടെ ആകൃതി കിട്ടുന്ന രീതിയിൽ ചെറുതായി പ്രസ് ചെയ്തെടുക്കുക. ശേഷം നേരത്തേ തയാറാക്കിയ പഞ്ചസാര സിറപ്പിൽ ഇട്ട് അടച്ചുവെച്ച് വേവിക്കുക. ഏകദേശം 15-20 മിനിറ്റുകൊണ്ട് ഉരുളകൾ വെന്തുവരും.
വെന്തുവരുമ്പോൾ ഓരോ ഉരുളയും ഇരട്ടി വലുപ്പമാകും. ഇവ അരിപ്പ തവി കൊണ്ട് കോരി മാറ്റിവെച്ച് തണുപ്പിക്കുക. ഒരു ലിറ്റർ കട്ടിപ്പാൽ 30 മിനിറ്റോളം തിളപ്പിച്ച് പകുതിയായി കുറുക്കിയെടുക്കുക. ശേഷം വാങ്ങിവെച്ച് ഉരുളകളാക്കി പാൽഗോവ തയാറാക്കുക. നേരത്തേ തണുപ്പിക്കാൻ വെച്ച പനീർ ഉരുളകൾ മുറിച്ച് പഞ്ചസാരപ്പൊടിയും അതിൽ അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് തേച്ചുപിടിപ്പിക്കുക. ഒപ്പം പാൽഗോവ ഉരുള അകത്തുവെച്ച് പനീർ ഉരുള ചേർത്തടച്ച് സ്റ്റഫ് ചെയ്തെടുത്താൽ നല്ല മൃദുവായ രസ്മലായ് സാൻഡ്വിച്ച് തയാർ. ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് ഗാർനിഷ് ചെയ്ത് വിളമ്പാം.
3. രസ്മലായ്
ചേരുവകൾ:
- പാൽ -2 ലിറ്റർ
- പഞ്ചസാര -ഒന്നര കപ്പ്
- ഏലക്കപ്പൊടി -1 ടീസ്പൂൺ
- നാരങ്ങനീര് -2 ടേബ്ൾ സ്പൂൺ
- വെള്ളം -6 കപ്പ്
- കുങ്കുമപ്പൂവ് -ഒരു നുള്ള്
- ബദാം, പിസ്ത -അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:
പനീർ തയാറാക്കാനായി ഒരു ലിറ്റർ പാൽ നന്നായി തിളപ്പിക്കുക. പാൽ തിളച്ചുവരുമ്പോൾ നാരങ്ങനീരിനൊപ്പം അൽപം വെള്ളവും (1 ടേബ്ൾ സ്പൂൺ) ചേർത്ത് ലയിപ്പിച്ച ശേഷം തിളക്കുന്ന പാലിലേക്ക് കുറച്ചായി ചേർത്ത് ഇളക്കുക. വെള്ളവും പനീറും വെവ്വേറെ ആയതിനുശേഷം ഒരു കോട്ടൺതുണിയിലേക്ക് അരിച്ചു മാറ്റുക. വെള്ളം മുഴുവനായും വാർന്നുപോകുന്നതുവരെ അരിക്കുക. ഇനി പനീർ ഉപയോഗിച്ച് ഉരുളകൾ തയാറാക്കണം.
ശേഷം ഒരു പാത്രത്തിൽ ആറു കപ്പ് വെള്ളത്തിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ഒപ്പംതന്നെ അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർക്കുക. ഇനി തയാറാക്കിെവച്ച പനീർ കൈകൊണ്ട് നന്നായി ഉരുട്ടിയെടുക്കാൻ പാകത്തിന് കുഴച്ചെടുക്കുക. ശേഷം പനീർ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടിയെടുത്ത ശേഷം ഇഡലിയുടെ ആകൃതി കിട്ടുന്ന രീതിയിൽ ചെറുതായി പ്രസ് ചെയ്തെടുക്കുക. പനീർ എല്ലാം ഇങ്ങനെ ചെയ്തുെവച്ച ശേഷം നേരത്തേ തയ്യാറാക്കിയ തിളപ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അടച്ചുെവച്ച് വേവിക്കുക. ഏകദേശം 15-20 മിനിറ്റ് കൊണ്ട് ഉരുളകൾ വെന്തുവരും. വെന്തുവരുമ്പോൾ ഓരോ ഉരുളയും ഇരട്ടി വലുപ്പമാകും. ഇവ അരിപ്പ തവി കൊണ്ട് കോരി മാറ്റിവെക്കുക.
റബറി (പാലുപയോഗിച്ചു തയാറാക്കുന്ന സിറപ്പ്) തയാറാക്കാനായി ഒരു ലിറ്റർ പാൽ തിളപ്പിച്ച് കുറുക്കി അര ലിറ്റർ ആക്കിയെടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങിവെക്കുക. ഇളകിവരുമ്പോൾ ഒരു നുള്ളു കുങ്കുമപ്പൊടി വിതറണം. ശേഷം ചെറുകഷണങ്ങളാക്കിയ ബദാമും ചേർക്കുക. ആദ്യം തയാറാക്കിവെച്ച ഉരുളകൾ ഓരോന്നും പതിയെ അമർത്തി ഉള്ളിലെ വെള്ളം കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം റബറി മീതെ ഒഴിക്കുക. സ്വാദിഷ്ടമായ രസ്മലായ് റെഡി. റബറി ഉരുളകൾക്കുള്ളിലേക്ക് പിടിച്ച ശേഷം ബദാം, പിസ്ത ഇവകൊണ്ട് അലങ്കരിച്ചു വിളമ്പാം.
4. കാലാ ജാമുൻ
ചേരുവകൾ:
- പഞ്ചസാര -250 ഗ്രാം
- മിൽക്ക് പൗഡർ -2 കപ്പ്
- മൈദ -250 ഗ്രാം
- ബേക്കിങ് പൗഡർ -ഒരു നുള്ള്
- കോൺേഫ്ലാർ -1/2 കപ്പ്
- ഏലക്കപ്പൊടി -ഒരു നുള്ള്
- നാരങ്ങനീര് -4 തുള്ളി
തയാറാക്കുന്നവിധം:
ആദ്യം സിറപ്പ് തയാറാക്കണം. ഇതിനായി 2 കപ്പ് തിളച്ച വെള്ളത്തിൽ പഞ്ചസാര അലിയിച്ച് ചേർക്കണം. ഇതിൽ ഏലക്കപ്പൊടിയും ചേർക്കുക. ചെറുതീയിൽ അൽപംകൂടി തിളപ്പിച്ചാൽ സിറപ്പ് റെഡിയാവും. മൈദയും ബേക്കിങ് പൗഡറും ചേർത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മിൽക്ക് പൗഡർ, കോൺേഫ്ലാർ എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴക്കണം. ഒട്ടുന്ന പരുവത്തിൽ നെയ്യ് ചേർത്ത് ഒന്നുകൂടി മാർദവമാക്കാം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പത്ത് ചട്ടിയിൽ എണ്ണയിൽ വറുത്ത് കോരണം. തവിട്ടുനിറം മാറി ഇളംകറുപ്പ് നിറമാകും വരെ വറുക്കാൻ ശ്രദ്ധിക്കുക. ശേഷം കോരിയെടുക്കുന്ന ഉരുളകൾ സിറപ്പിലേക്ക് ഇടണം. ഉരുളകൾ ഇട്ടശേഷം സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിയാൽ കാലാ ജാമുൻ െറഡി!
5. കാജു കസാട്ട
ചേരുവകൾ:
- അണ്ടിപ്പരിപ്പ് -1 കിലോ
- പഞ്ചസാര - 800 ഗ്രാം
- എണ്ണ -അര ലിറ്റർ
തയാറാക്കുന്നവിധം:
അണ്ടിപ്പരിപ്പ് ചെറുകഷണങ്ങളാക്കി മാറ്റിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരപ്പിനോടൊപ്പം പഞ്ചസാര ചേർത്ത് ഇളക്കി അൽപസമയം മാറ്റിവെക്കുക. കടായിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇൗ മിശ്രിതം ഒഴിച്ചുകൊടുക്കുക. തിളച്ച് അൽപം കുറുകിയ ശേഷം ഫുഡ് കളർ ചേർത്ത് ഇളക്കി അടുപ്പിൽനിന്ന് ഇറക്കിവെക്കുക. നുറുക്കിയ അണ്ടിപ്പരിപ്പ് അകത്തുവെച്ച് വൃത്താകൃതിയിൽ മടക്കിയെടുക്കുക. നാല് പീസുകളായി മുറിച്ചെടുത്താൽ കാജു കസാട്ട തയാർ.
5. കാജു റോൾ
ചേരുവകൾ:
- അണ്ടിപ്പരിപ്പ് -1 കിലോ
- പഞ്ചസാര -800 ഗ്രാം
- എണ്ണ -അര ലിറ്റർ
തയാറാക്കുന്നവിധം:
അണ്ടിപ്പരിപ്പ് ചെറുകഷണങ്ങളാക്കി മാറ്റിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരപ്പിനോടൊപ്പം പഞ്ചസാര ചേർത്ത് ഇളക്കി അൽപ സമയം മാറ്റിവെക്കുക. കടായിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇൗ മിശ്രിതം ഒഴിച്ചുകൊടുക്കുക. തിളച്ച് അൽപം കുറുകിയ ശേഷം അടുപ്പിൽനിന്ന് ഇറക്കിവെക്കുക. പിന്നീട് ഇതിൽനിന്ന് അൽപമെടുത്ത് ഫുഡ് കളർ ചേർത്ത് ഇളക്കിയ ശേഷം വീണ്ടും എണ്ണ ഒഴിച്ച് ചൂടാക്കുക. കുറുകിയ ശേഷം ഇതും അടുപ്പിൽ നിന്ന് മാറ്റിവെക്കുക.
മാവ് രൂപത്തിൽ ലഭിക്കുന്ന ഇവ രണ്ടും പരത്തുകയാണ് അടുത്തപടി. ചപ്പാത്തി വലുപ്പത്തിൽ പരത്തിയെടുത്ത ശേഷം പകുതിയായി മുറിക്കുക. ശേഷം ഫുഡ് കളർ ചേർത്തവ അകത്തുവരുന്ന വിധത്തിൽ രണ്ടു ലയറുകൾ തീർത്ത് റോൾ ആകൃതിയിൽ ചുരുട്ടിയെടുക്കുക. കൃത്യമായ അളവിൽ മുറിച്ചെടുത്താൽ കാജു റോൾ റെഡി. സിൽവർ ലീവ്സിൽ പൊതിഞ്ഞെടുത്താൽ ഭംഗിയേറും.
6. മോത്തിചോർ ലഡു
ചേരുവകൾ:
- കടലമാവ് -500 ഗ്രാം
- പഞ്ചസാര -250 ഗ്രാം
- പശുവിൻ നെയ്യ് -ആവശ്യത്തിന്
- ഏലക്കപ്പൊടി -ആവശ്യത്തിന്
തയാറാക്കുന്നവിധം:
കടലമാവ് വെള്ളം ചേർത്ത് ലായനിയാക്കുക. ഇത് ചൂടാക്കിയ പശുവിൻ നെയ്യിലേക്ക് വളരെ നേർത്ത അരിപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. ശേഷം വറുത്തു കോരിയ ചെറുതരികൾ ഒന്നര കപ്പ് തിളച്ച വെള്ളത്തിൽ പഞ്ചസാര അലിയിച്ച് ഏലക്കപ്പൊടിയും ചേർത്ത് ചെറുതീയിൽ അൽപംകൂടി തിളപ്പിച്ചുണ്ടാക്കിയ പഞ്ചസാര ലായനിയിൽ 5-10 മിനിറ്റ് നേരം ഇട്ടുവെക്കുക. വറുത്ത് കോരിയ തരികർ ഏലക്കപ്പൊടിയും ചേർത്ത് ലഡുവായി ഉരുട്ടിയെടുത്താൽ സ്വാദേറും മോത്തിചോർ ലഡു തയാർ.
7. ഗുൽദസ്ത
ചേരുവകൾ:
- പാൽഗോവ -1 കിലോ
- പഞ്ചസാര -1 കിലോ
തയാറാക്കുന്നവിധം:
പാൽഗോവ തയാറാക്കാൻ ഒരു ലിറ്റർ കട്ടിപ്പാൽ 30 മിനിറ്റോളം നന്നായി തിളപ്പിച്ച് പകുതിയായി കുറുക്കിയെടുക്കുക. നന്നായി ഇളക്കി വറ്റുമ്പോൾ കോരിയെടുത്ത് മാറ്റിവെക്കുക. പാൽഗോവക്കൊപ്പം പഞ്ചസാര മിക്സ് ചെയ്ത് അഞ്ചു മിനിറ്റ് നന്നായി കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റുക. പിന്നീട് ഇൗ ഉരുളകൾ ബൊക്കയുടെ ആകൃതിയിൽ കൈകൊണ്ട് പരത്തിവെച്ച് ഫുഡ് കളറും ചേർത്ത് അലങ്കരിച്ചാൽ ഗുൽദസ്ത റെഡി. ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവകൊണ്ട് അലങ്കരിക്കാം. സിൽവർ ലീവ്സിൽ പൊതിഞ്ഞെടുത്താൽ കൂടുതൽ മനോഹരമാകും.
തയാറാക്കിയത്: കുശാൽ അഗർവാൾ
പഞ്ചാബ് ദി രസോയ്, സിൽക്ക് സ്ട്രീറ്റ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.