'ഷുവ' സൂപ്പറാണ്
text_fieldsകുഴിമന്തി കഴിച്ച് ഇനിയെന്തെന്ന് കരുതിയിരിക്കുന്നവരേ 'ഷുവ' ഒന്ന് പരീക്ഷിക്കൂ. ഒമാനികളുടെ ആതിഥ്യമര്യാദ പോലെ പേരുകേട്ടതാണ് ഇൗ പരമ്പരാഗത ഒമാനി ഭക്ഷ്യവിഭവമായ ഷുവ. ചുട്ട ഇറച്ചി എന്നാണ് ഷുവ എന്ന അറബി വാക്കിന്റെ അർഥം. ഒമാന്റെ രുചി പൈതൃകത്തിലെ പ്രധാന വിഭവമായ ഇത് ഒരുമയുടെ പ്രതീകം തന്നെ. ആട്ടിറച്ചിയാണ് ഷുവ തയാറാക്കാൻ പ്രധാനമായി ഉപയോഗിക്കുക. ഒട്ടകത്തിന്റെ ഇറച്ചിയും നല്ലത്.
കുഴിയടുപ്പ് വേണം
പെരുന്നാൾ ആഘോഷ ദിവസങ്ങളിലാണ് ഒമാനികൾ ഷുവ ഉണ്ടാക്കുക. ഒന്നാമത്തെ പെരുന്നാളിന് അറുക്കുന്ന ഇറച്ചി ഒമാനി സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം പുരട്ടി മണ്ണിൽ കുഴിയുണ്ടാക്കി നിർമിക്കുന്ന അടുപ്പിലിട്ട് ചുെട്ടടുക്കും.
വെളുത്തുള്ളി ചതച്ചത്, കുരുമുളക്, ജീരകം, മല്ലി, മഞ്ഞൾപ്പൊടി, കരയാമ്പു, ചുവന്ന മുളകുപൊടി, പാചകയെണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്ത മിശ്രിതം ഇറച്ചിയിൽ പുരട്ടും. പിന്നീടിത് വാഴയിലയിൽ പൊതിഞ്ഞ് ഇൗത്തപ്പനയോലകൾ കൊണ്ട് മെടഞ്ഞെടുത്ത സഞ്ചിയിലാക്കിയ ശേഷം തുറന്ന ഭാഗം തുന്നി ഭദ്രമായി അടക്കും. ബാഗിനെ നേർത്ത ലോഹനെറ്റു കൊണ്ട് മൂടിയ ശേഷം തനൂർ എന്ന് പ്രാദേശികമായി അറിയുന്ന കുഴിയടുപ്പിലേക്ക് ഇടും.
പാചകം 24 മണിക്കൂർ
സുമർ എന്ന മരത്തിന്റെ കഷണങ്ങളാണ് പൊതുവെ അടുപ്പിൽ കത്തിക്കാൻ ഉപയോഗിക്കുക. ഇറച്ചി സഞ്ചി ഇട്ടശേഷം അടുപ്പ് മൂടികൊണ്ട് മൂടുകയും മുകളിൽ മണ്ണിടുകയും ചെയ്യും. 24 അല്ലെങ്കിൽ 48 മണിക്കൂറിന് ശേഷമാണ് ഇറച്ചി പുറത്തെടുക്കുക. എത്രയധികം പാചകം ചെയ്യുന്നുവോ അത്രയും സ്വാദിഷ്ടമാകും ഇറച്ചി.
ബസ്മതി അരിയും സുഗന്ധവ്യഞ്ജനങ്ങളും ഒക്കെയിട്ട് ഉണ്ടാക്കിയ ചോറിനൊപ്പമാണ് കഴിക്കുക. മസാലയും എണ്ണയും വളരെ കുറവാണെന്നതിനാൽ ധൈര്യമായി കഴിക്കാം. ഇറച്ചിയും ചോറും വലിയ തളികയിലാക്കി എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.