ഹെൽത്തി ആൻഡ് ടേസ്റ്റി, സ്റ്റഫ്ഡ് പിടി മസാല
text_fieldsകൈപ്പുണ്യമുള്ള ഉമ്മയാണ് പാചകത്തിൽ തനിക്കു പ്രചോദനം എന്നു പറയുന്നു നിജ ആസിഫ്. ആലുവയിൽ ചെലവിട്ട കുട്ടിക്കാലത്തെ റമദാനുകളിൽ ഉമ്മയുണ്ടാക്കിയിരുന്ന ഫിഷ് ബിരിയാണിയാണ് നിജയുടെ ഫേവറിറ്റ്. അന്നൊക്കെ റമദാന്‍റെ ഒരു മാസം വീട്ടിലെ നമസ്ക്കാരവും നോമ്പുതുറയും പിന്നെ ബന്ധുവീടുകളിലെ നോമ്പുതുറകളും എല്ലാം കൂടി കൂട്ടായ്മയുടെ സന്തോഷം നിറയുന്ന അനുഭവങ്ങളായിരുന്നു.
ഒമാനിൽ എത്തിയിട്ടു പത്തു കൊല്ലം കഴിഞ്ഞു. ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശിയായ ആസിഫ് റഹ്മാനും മെഹക്ക്, മന്നത്ത് എന്നീ രണ്ടു പെൺമക്കൾക്കും ഒപ്പം ദാർസൈത്തിൽ താമസിക്കുന്നു. നിജ പങ്കുവെക്കുന്ന ഇഫ്താർ വിഭവമായ സ്റ്റഫ്ഡ് പിടി മസാല ഹെൽത്തിയാണ്, ടേസ്റ്റിയും!
ചേരുവകൾ:
പിടിക്ക്:
- അരിപ്പൊടി -ഒരു കപ്പ്
- പെരുംജീരകം പൊടി -ഒരു ടീസ് പൂൺ
- ഉപ്പ്, വെള്ളം -ആവശ്യത്തിന്
ഫില്ലിങ്ങിന്:
- മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് വേവില്ലെടുത്ത ചിക്കൻ -അരക്കപ്പ്
- സവോള -ഒന്ന്
- ഇഞ്ചി, പച്ചമുളക് ചതച്ചത് -ഒന്നര ടീസ് പൂൺ
- മഞ്ഞൾപ്പൊടി -അര ടീസ് പൂൺ
- ഷാഹി ഗരംമസാല -അര ടീസപൂൺ
- എണ്ണ -ആവശ്യത്തിന്
- കട്ടിയുള്ള തേങ്ങാപാൽ -അരക്കപ്പ്
തയാറാക്കുന്നവിധം:
ആദ്യം ഒന്നര കപ്പ് വെള്ളം ഉപ്പും പെരുംജീരകം പൊടിച്ചതും ചേർത്ത് തിളപ്പിച്ച് അതിലേക്കു അരിപ്പൊടി ചേർത്ത് കട്ടകെട്ടാതെ ഇളക്കി ഇറക്കുക. തണുക്കുമ്പോൾ ചെറിയ ഉരുളകൾ ആയി പിടി ഉണ്ടാക്കുക. വേവിച്ചുവെച്ച ചിക്കൻ ചെറുതായി പൊടിക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവോളയും ഇഞ്ചി, പച്ചമുളക് ചതച്ച കൂട്ടും നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരം മസാലപ്പൊടിയും ചേർത്തിളക്കുക. പാകമായ മസാലയിൽ നിന്ന് പകുതി മാറ്റിവെച്ച ശേഷം ചിക്കൻ ചേർത്തിളക്കി ഇറക്കുക. ഇനി നേരത്തെ ഉണ്ടാക്കിയ പിടികൾക്കുള്ളിൽ ചിക്കൻ മസാല നിറച്ച് ആവിയിൽ വേവിക്കണം. വെന്ത പിടികൾ അരകപ്പ് തേങ്ങാ പാൽ ചേർത്ത് തിളപ്പിക്കുക. അതിലേക്കു നേരത്തെ മാറ്റിവെച്ച ചിക്കൻ ചേർക്കാത്ത മസാല കൂടി ചേർത്തു നന്നായി ഇളക്കി അൽപം പെരുംജീരകം പൊടിച്ചതും തൂകി ഇറക്കാം. പൊടിയായി അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പിയാൽ കണ്ണും മനസ്സും വയറും നിറയും.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.