മഴക്കാലത്തെ സൂപ്പുകള്‍
text_fieldsമഴക്കാലത്തെ ആരോഗ്യ ഭക്ഷണശീലത്തില്‍ സൂപ്പുകള്‍ പ്രധാനമാണ്. ആറ് ഹെല്‍ത്തി സൂപ്പുകള്‍ വായനകാർക്ക് പരിചയപ്പെടുത്തുന്നു...
1. ഗ്രീന്‍ കോക്കനട്ട് ക്രീമി സൂപ്പ്
ചേരുവകള്‍:
- കണവ റിങ്– 50 ഗ്രാം
- കണവ തല – 50 ഗ്രാം
- ഗ്രീൻ കറി പേസ്റ്റ്– ഒരു ടീ സ്പൂൺ
- വറുത്ത തേങ്ങ– അഞ്ച് ഗ്രാം
- ഫിഷ് സോസ്– ഒരു ടീസ്പൂൺ
- കൂൺ– അര കപ്പ്
- ഇഞ്ചി – അഞ്ച് ഗ്രാം
- ഉരുളക്കിഴങ്ങ്– ഒരെണ്ണം
- തേങ്ങാപാൽ– ഒരു കപ്പ്
- ചുവന്നുള്ളി– 50 ഗ്രാം
- ബ്രൗൺ ഷുഗർ– ഒരു ടീസ്പൂൺ
- ഉപ്പ്– സ്വാദനുസരിച്ച്
- നാരങ്ങ നീര്– രണ്ട് ടീസ്പൂൺ
- ലെമൺഗ്രാസ്– ഒരെണ്ണം
തയാറാക്കുന്ന വിധം:
തേങ്ങാപാൽ, േബ്രാത്ത്, ഇഞ്ചി, ലെമൺ ഗ്രാസ്, പച്ച മുളക് എന്നിവ സോസ്പാനിൽ നല്ല തീയിൽ തിളപ്പിക്കുക. ഇതിലേക്ക് കണവ റിങ്ങുകൾ, തല, കൂൺ, നാരങ്ങ നീര്, ഫിഷ്സോസ്, ബ്രൗൺ ഷുഗർ, ഗ്രീൻ കറി പേസ്റ്റ് എന്നിവ ചേർക്കുക. തീ കുറച്ച് കണവ നന്നായി വേവുന്നതുവരെ വേവിക്കുക (അഞ്ച്–10 മിനിറ്റ്). ലെമൺഗ്രാസ് ഒഴിവാക്കുക. വറുത്ത തേങ്ങ, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
2. ബ്രൊക്കോളി ചീസ് സൂപ്പ്
ചേരുവകള്‍:
- െബ്രാക്കോളി –150 ഗ്രാം
- ഉരുളക്കിഴങ്ങ്– 50 ഗ്രാം
- സവാള –ഒരെണ്ണം
- വെളുത്തുള്ളി –15 ഗ്രാം
- ബട്ടർ– ഒരു ടേബ്ൾ സ്പൂൺ
- പാൽ– ഒരു കപ്പ്
- വെജിറ്റബ്ൾ സ്റ്റോക്– ഒരു കപ്പ്
- കടുക് പൗഡർ– മൂന്ന് ഗ്രാം
- ഫ്രഷ് പച്ചമുളക് – അഞ്ച് ഗ്രാം
- മൈദ –ഒരു ടേബ്ൾസ്പൂൺ
- ചീസ് –ഒരു ടേബ്ൾസ്പൂൺ
- ഉപ്പ് –സ്വാദനുസരിച്ച്
തയാറാക്കുന്ന വിധം:
െബ്രാക്കോളി തണ്ടുകൾ ഒരു കപ്പിൽ എടുത്ത് പകുതിയാക്കി മുറിക്കുക. ശേഷം ഉപ്പ് ചേർത്ത വെള്ളത്തിലിട്ട് തിളപ്പിച്ച് നന്നായി വേവിക്കുക. ബട്ടർ ഒരു പാത്രത്തിൽ ഇടത്തരം തീയിൽ െവച്ച് ഉരുക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റിയെടുക്കാം. സവാള സോഫ്റ്റ് ആകുന്നതുവരെയാണ് (മൂന്ന്–നാല് മിനിറ്റ്) ഇങ്ങനെ വേവിക്കേണ്ടത്. ഇതിന് മുകളിലേക്ക് മൈദ, കടുക് പൗഡർ തൂകുക. നന്നായി ഇളക്കി യോജിപ്പിച്ച് മാവ് ചെറുതായി ടോസ്റ്റ് ആകുന്ന മണം വരുന്നതുവരെ വേവിക്കുക. ഇതിലേക്ക് പാൽ ചേർക്കുക. ശേഷം െബ്രാക്കോളിയും ഒരു നുള്ള് ഉപ്പും മുളകും ചേർക്കുക. തീ ഏറ്റവും കുറച്ചുവെച്ച് പാത്രം അടച്ചുവെക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേർക്കുക. െബ്രാക്കോളി മയപ്പെടുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക. ചീസ് ചേർത്ത് ഇളക്കി ഉരുകിച്ചേരാൻ അനുവദിക്കുക. സ്വാദനുസരണം ഉപ്പും മുളകും ചേർത്ത് നൽകാം. െബ്രാക്കോളി ചെറുതായി ഇടിച്ച് കലക്കാൻ പൊട്ടറ്റോ മാഷർ ഉപയോഗിക്കുകയോ ബ്ലെൻഡറിൽ അടിച്ചെടുക്കുകയോ ചെയ്യാം. ബ്ലെൻഡർ ആണ് ഉപയോഗിക്കുന്നതെങ്കിൽ സൂപ്പ് വീണ്ടും ചൂടാക്കിയെടുക്കണം. ടോസ്റ്റ് ചെയ്ത െബ്രാക്കോളിയോ ചീസ് േഗ്രറ്റ് ചെയ്തതോ ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
3. കേരള ഡ്രംസ്റ്റിക് & സീഫുഡ് സൂപ്പ്
ചേരുവകള്‍:
- മുരിങ്ങക്ക– 100 ഗ്രാം
- ചുവന്നുള്ളി– 50 ഗ്രാം
- വെളുത്തുള്ളി– അഞ്ച് ഗ്രാം
- പച്ചമുളക്– അഞ്ച് ഗ്രാം
- നാരങ്ങ – ഒരെണ്ണം
- കടുക്– ഒരു ടീസ്പൂൺ
- ചുവന്ന മുളക് ഉണക്കിയത്– നാലെണ്ണം
- മീൻ– 20 ഗ്രാം
- കണവ– 10 ഗ്രാം
- ചെമ്മീൻ–15 ഗ്രാം
- മല്ലിയില– അഞ്ച് ഗ്രാം
- ഇഞ്ചി– അഞ്ച് ഗ്രാം
- തേങ്ങാപാൽ– ഒരെണ്ണത്തിന്റേത്
- ഉപ്പ്– സ്വാദനുസരിച്ച്
- മുരിങ്ങയില– അഞ്ച് ഗ്രാം
തയാറാക്കുന്ന വിധം:
മുരിങ്ങക്ക വട്ടത്തിൽ ചെറുതാക്കി നുറുക്കുക. ഇത് വേവിച്ച് പ്യൂരിയാക്കുക. മുരിങ്ങയിലയും ചുവന്നുള്ളിയും വെജിറ്റബ്ൾ സ്റ്റോക്കിൽ ചേർത്ത് വേവിക്കുക. വെന്ത വെജിറ്റബ്ൾ അരിപ്പയിൽ അരിച്ച് േഗ്രവി എടുക്കുക. ഇങ്ങനെ തയാറാക്കിയ മുരിങ്ങക്ക പ്യൂരി മാറ്റിെവക്കുക. വെളുത്തുള്ളി, നുറുക്കിയ ചുവന്നുള്ളി എന്നിവ വഴറ്റിയതിലേക്ക് വെജിറ്റബ്ൾ സ്റ്റോക് ചേർക്കുക. തേങ്ങാപാൽ കൂടി ഒഴിച്ച് കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കുക. ഒരു നുള്ള് കുരുമുളകും മുളകും മറ്റു ചേരുവകളും ഉപ്പും ചേർക്കുക. ഇതിലേക്ക് മുരിങ്ങക്ക പ്യൂരി ചേർക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർക്കാം. അഞ്ച് മിനിറ്റ് ചെറുതീയിൽ വേവിച്ച് മാറ്റാം. ശേഷം നാരങ്ങനീര് ചേർക്കാം. മുരിങ്ങയിലയും നുറുക്കിയ മല്ലിയിലയും ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
4. ജാപനീസ് ചിക്കന്‍ സ്കാലിയണ്‍ റൈസ് സൂപ്പ്
ചേരുവകള്‍:
- ബ്രൗൺ അരി– 100 ഗ്രാം
- ചിക്കൻ– 50 ഗ്രാം
- പഞ്ചസാര– ഒരു ടേബ്ൾസ്പൂൺ
- ബ്രൗൺ ഷുഗർ– ഒരു ടീസ്പൂൺ
- മുട്ട– ഒരെണ്ണം
- സോയ സോസ്– അര ടീസ്പൂൺ
- വൈറ്റ് പെപ്പർ– ഒരു നുള്ള്
- സ്പ്രിങ് ഒനിയൻ–മൂന്നെണ്ണം
- ലീക്സ് (വെങ്കായം)– അഞ്ച് ഗ്രാം
- എള്ളെണ്ണ– ഒരു ടേബ്ൾസ്പൂൺ
- ചിക്കൻ സ്റ്റോക്– ഒരു ടീസ്പൂൺ
- മുട്ടയുടെ വെള്ള– ഒരെണ്ണത്തിന്റേത്
തയാറാക്കുന്ന വിധം:
ബ്രൗൺ റൈസ് തിളപ്പിച്ച് വേവിക്കുക. സോസ് പാനിൽ റൈസ് സ്റ്റോക് ഒഴിച്ച് പഞ്ചസാര, സോയ സോസ് എന്നിവ ചേർത്ത് തിളപ്പിക്കുക. തീകുറച്ച് മീഡിയമാക്കുക. ചെറിയ പാത്രത്തിൽ മുട്ടയും മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിക്കുന്നതു വരെ ഇളക്കുക. ചെറുതീയിൽ വേവിക്കുന്ന സ്റ്റോക്കിൽ ചിക്കൻ ചേർക്കുക. ഇതിലേക്ക് സാവധാനം മുട്ടയും ചേർത്ത് നൽകാം.
5. പിക്വിലോ സൂപ്പ്
ചേരുവകള്‍:
- കാപ്സികം (റോസ്റ്റഡ്)– രണ്ടെണ്ണം
- മുളക് (നുറുക്കിയത്)– ഒരെണ്ണം
- സവാള– ഒരെണ്ണം
- വെളുത്തുള്ളി– 10 ഗ്രാം
- കാരറ്റ്– ഒരെണ്ണം
- ബേബി കോൺ– അര കപ്പ്
- തക്കാളി– ഒരെണ്ണം
- ഉരുളക്കിഴങ്ങ്– ഒരെണ്ണം
- ഒലിവ് ഓയിൽ– ഒരു ടേബ്ൾസ്പൂൺ
- മൈദ– 50 ഗ്രാം
- പാഴ്സലി– ഒരു ടീ സ്പൂൺ
- ഉപ്പ്– സ്വാദനുസരിച്ച്
- കുരുമുളക് പൊടി– ഒരു നുള്ള്
- നാരങ്ങ നീര്– ഒരെണ്ണത്തിന്റേത്
- മല്ലി– ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം:
അടികട്ടിയുള്ള സോസ്പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. സവാള, വെളുത്തുള്ളി, മുളക്, കാരറ്റ് എന്നിവയിട്ട് സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക. തക്കാളി, ബേബി കോൺ, മൈദ, ഉരുളക്കിഴങ്ങ്, കാപ്സിക്കം പ്യൂരി എന്നിവയും മൂന്ന് കപ്പ് വെജിറ്റബ്ൾ സ്റ്റോകും ചേർത്ത് ചെറുതീയിൽ വേവിക്കുക. ഉപ്പ്, കുരുമുളക്, നാരങ്ങ നീര് എന്നിവ സ്വാദനുസരിച്ച് ചേർക്കുക. ആവശ്യമെങ്കിൽ കൂടുതൽ സ്റ്റോകും ചേർക്കാം. പാഴ്സലികൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
6. യെല്ലോ ബീന്‍ സൂപ്പ്
ചേരുവകള്‍:
- പരിപ്പ് – 100 ഗ്രാം
- സവാള– ഒരെണ്ണം
- വെളുത്തുള്ളി– അഞ്ച് ഗ്രാം
- തക്കാളി– 10 ഗ്രാം
- കാരറ്റ്– 15 ഗ്രാം
- സെലറി– ഒരു ടീസ്പൂൺ
- ബീൻസ്– 15 ഗ്രാം
- സ്പിനാച്– 100 ഗ്രാം
- പനിക്കൂർക്ക– 200 ഗ്രാം
- ബെ ലീഫ്– 200 ഗ്രാം
- വിനാഗിരി– 200 ഗ്രാം
- കുരുമുളക്– 0.8 ഗ്രാം
- ഒലിവ് ഓയിൽ– ഒരു ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
പരിപ്പ് മുങ്ങി നിൽക്കുന്നതുവരെ വെള്ളമെടുത്ത് ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ രണ്ട് വിസിൽ കേൾക്കുന്നതു വരെ വേവിക്കുക. വെന്തു കഴിഞ്ഞ് വെള്ളം വാർത്ത് മാറ്റിെവക്കുക. സ്പിനാച് ഇല തണ്ടിൽനിന്ന് അടർത്തി മാറ്റിയെടുക്കുക. ഇലയിലുള്ള കട്ടിയുള്ള ഞരമ്പുകളും ഒഴിവാക്കി നന്നായി കഴുകി വൃത്തിയാക്കുക. സെലറിയും കഴുകി വൃത്തിയാക്കി നുറുക്കുക. സവാള ചെറുതായി നുറുക്കുക. ബീൻസും നുറുക്കിയെടുക്കുക. അടി കട്ടിയുള്ള പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. സവാള, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് സെലറി ചേർത്ത് അഞ്ച് മിനിറ്റോളം ചെറിയ തീയിൽ വഴറ്റുക. തുടർച്ചയായി ഇളക്കിക്കൊടുക്കണം. നുറുക്കിയ ബീൻസും കാരറ്റും ചേർത്ത് അഞ്ച് മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. സ്റ്റോക് കൂടി ചേർത്ത് തിളപ്പിക്കുക. തീ കുറക്കുക. സ്പിനാച് ഇല ചേർത്ത് വീണ്ടും തിളപ്പിച്ച് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ഉപ്പും കുരുമുളകും വിനാഗിരിയും മറ്റു ചേരുവകളും ചേർത്ത് ഇളക്കുക. വേവിച്ചുെവച്ച പരിപ്പ് ചേർത്ത് നന്നായി ഇളക്കി മൂന്ന് മിനിറ്റ് വരെ വേവിച്ച് ചൂടോടെ വിളമ്പാം.
തയാറാക്കിയത്: പ്രമോദ് ശങ്കര്‍
എക്സിക്യൂട്ടിവ് ഷെഫ്, ഫ്രാഗ്രൻറ് നേച്വർ, കൊച്ചി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.