പെരുന്നാളിന് സ്പെഷൽ മീൻ വിഭവങ്ങൾ
text_fieldsപെരുന്നാൾ ആഘോഷത്തിന് ഇത്തവണ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് സ്പെഷൽ മീൻ വിഭവങ്ങളാണ്. ചെമ്മീൻ മസാലപ്പുട്ട്, മീനട, സ്പൈസി ഉന്നക്കായ, ചെമ്മീൻ വട, ഫിഷ് മജ്ബൂസ് എന്നീ വിഭവങ്ങളുടെ ചേരുവകളും തയാറാക്കുന്നവിധവുമാണ് താഴെ വിവരിക്കുന്നത്...
1. ചെമ്മീൻ മസാലപ്പുട്ട്
പുട്ടുണ്ടാക്കാൻ വേണ്ട ചേരുവകൾ:
- പുട്ടുപൊടി -2 കപ്പ്
- നാളികേരം -1/2 കപ്പ്
- ഉപ്പ് പാകത്തിന്
- മസാലക്ക് വേണ്ട ചേരുവകൾ
- ചെമ്മീൻ -200 ഗ്രാം
- സവാള -2
- തക്കാളി -2
- പച്ചമുളക് -2
- വെളുത്തുള്ളി -6 അല്ലി
- ഇഞ്ചി -1/2
- കറിവേപ്പില -2 തണ്ട്
- മല്ലിയില -2 ടേബ്ൾസ്പൂൺ
- മുളകുപൊടി -1 ടേബ്ൾ സ്പൂൺ
- മഞ്ഞൾപ്പൊടി -1/2 സ്പൂൺ
- ഗരം മസാലപ്പൊടി -1/2 സ്പൂൺ
- എണ്ണ -3 ടേബ്ൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പുട്ടുപൊടിയും പകുതി നാളികേരവും ഉപ്പുംകൂടി യോജിപ്പിച്ചശേഷം പാകത്തിന് വെള്ളം ചേർത്ത് പൊടി നനക്കുക -ഇളം ചൂടുള്ള വെള്ളത്തിൽ നനച്ചാൽ പുട്ട് കൂടുതൽ മൃദുവായിക്കിട്ടും. ചെമ്മീൻ പകുതി മുളകുപൊടിയും (1/2 ടേബ്ൾസ്പൂൺ), പകുതി മഞ്ഞൾപ്പൊടിയും (1/4 സ്പൂൺ) ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് വേവിക്കുക. ഒരു പാനിൽ എണ്ണ ചേർത്ത് ചൂടായാൽ ചെറുതായി അരിഞ്ഞ വെളുത്തുള്ളി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ അരിഞ്ഞതിട്ട് വഴറ്റുക.
ഇളം ബ്രൗൺ നിറമാവുമ്പോൾ തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക. ബാക്കിയുള്ള മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, ചെമ്മീൻ എന്നിവ ചേർത്ത്, ചെറിയ തീയിൽ ഒരു മിനിറ്റ് ഇളക്കി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യുക. ചെമ്മീൻ മസാല തയാറായി. പുട്ടുകുറ്റിയിൽ നാളികേരം, ചെമ്മീൻ മസാല പുട്ടുപൊടി എന്ന ക്രമത്തിൽ നിറച്ചു, ആവി വന്നാൽ, 'ചെമ്മീൻ മസാലപ്പുട്ട് എടുത്തു വിളമ്പാം.
2. മീനട
ഇത് എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു െട്രഡീഷനൽ മലബാർ നോമ്പുതുറ വിഭവമാണ്. ആവിയിൽ വേവിച്ചുണ്ടാക്കുന്നതു കൊണ്ട് വളരെ ഹെൽത്തിയുമാണ്.
മസാലക്ക് വേണ്ട ചേരുവകൾ:
- മീൻ (ദശ കട്ടിയുള്ള ഏതു മീനും ഉപയോഗിക്കാം) -1/2 കിലോ
- സവാള -3 എണ്ണം ചെറുതായി അരിഞ്ഞത്
- തക്കാളി -1
- തേങ്ങ -1മുറി ചിരവിയത്
- പച്ചമുളക് -2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്് -1 ടേബ്ൾസ്പൂൺ
- മുളകുപൊടി -1 ടേബ്ൾസ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
- മല്ലിപ്പൊടി -1/2 ടീസ്പൂൺ
- ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
- പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ
- കറിവേപ്പില -2 തണ്ട്
അരിമാവ് തയാറാക്കാൻ:
- പുഴുങ്ങലരി -2 ഗ്ലാസ് (4 മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്തത്)
- തേങ്ങ -1 മുറി
- ജീരകം -1/2 ടീസ്പൂൺ
- ചെറിയുള്ളി -5 എണ്ണം
തയാറാക്കുന്ന വിധം:
- മീൻ മുളകുപൊടിയും മഞ്ഞൾപ്പൊടിയും പുരട്ടി വറുത്തു മാറ്റിവെക്കുക.
- മീൻ വറുത്ത എണ്ണയിൽതന്നെ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി ഇവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരംമസാലപ്പൊടി, കറിവേപ്പില, തേങ്ങ മിക്സിയിൽ ഒന്ന് ഒതുക്കിയെടുത്തത് ഇത്രയും ചേർത്ത് ഒന്നുകൂടി ചൂടാക്കി തീ ഓഫ് ചെയ്യുക.
- അരി തേങ്ങയും ജീരകവും ഉള്ളിയും ചേർത്ത് അരച്ചെടുക്കുക.
- തയാറാക്കിയ മാവ് വാഴയിലയിൽ പരത്തി ഒരു വശത്ത് മീൻമസാല ഇട്ട് മറുവശംകൊണ്ട് കവർ ചെയ്യുക.
- ഇത് ആവിച്ചെമ്പിൽ 15 മിനിറ്റ് ആവിയിൽ വേവിക്കുക.
ശ്രദ്ധിക്കുക:
- അരി അരച്ചുണ്ടാക്കുന്നതിനു പകരം അരിപ്പൊടി ഉപയോഗിച്ചും തയാറാക്കാം. ചൂടുവെള്ളത്തിൽ അരിപ്പൊടിയും തേങ്ങ-ഉള്ളി-ജീരകം പേസ്റ്റും കൂടി കുഴച്ച് ഇതേരീതിയിൽ മീനട ഉണ്ടാക്കാം.
- ഇത് ഒന്നുകൂടി ഹെൽത്തി ആക്കാൻ മീൻ എണ്ണയിൽ വറുക്കുന്നതിനു പകരം, മസാല ചേർത്ത് വേവിച്ചെടുത്തിട്ട് തയാറാക്കാം.
3. സ്പൈസി ഉന്നക്കായ
മാവിനു വേണ്ട ചേരുവകൾ:
- പത്തിരിപ്പൊടി/ഒറോട്ടിപ്പൊടി -ഒന്നര കപ്പ്
- തേങ്ങ -കാൽ കപ്പ്
- ചെറിയുള്ളി -5 എണ്ണം
- പെരുംജീരകം -കാൽ ടീസ്പൂൺ
- വെള്ളം -2 കപ്പ്
- ഉപ്പ് -പാകത്തിന്
മസാലക്ക് വേണ്ട ചേരുവകൾ:
- മീൻ/ചെമ്മീൻ -200 ഗ്രാം
- മുളകുപൊടി -3 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- ഉപ്പ് -പാകത്തിന്
- തേങ്ങ -കാൽ കപ്പ്
- സവാള -2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- പച്ചമുളക് -2 എണ്ണം
- കറിവേപ്പില -1 തണ്ട്
- എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- പത്തിരിപ്പൊടിയാണ് ഉപയോഗിക്കുന്നെതങ്കിൽ വെള്ളം തിളപ്പിച്ചിട്ട് ഉപ്പ് ചേർത്ത് പൊടി അതിലിട്ട് വാട്ടിയെടുക്കുക. ഒറോട്ടിപ്പൊടി (പുഴുങ്ങലരിപ്പൊടി) ആണ് ഉപയോഗിക്കുന്നതെങ്കിൽ പച്ചവെള്ളത്തിലോ, ഇളം ചൂട് വെള്ളത്തിലോ കുഴച്ചെടുത്താൽ മതിയാവും. ഇതിലേക്ക് തേങ്ങ, ചെറിയുള്ളി, ജീരകം ഇവ ചതച്ചത് ചേർത്ത് നന്നായി കുഴച്ചെടുക്കുക -(പൊന്നി അരി ചൂടുവെള്ളത്തിൽ കുതിർത്ത് അരച്ചെടുത്ത് മാവ് ആക്കി അരിപ്പൊടിക്ക് പകരം ഉപയോഗിക്കാം).
- ചെമ്മീൻ/മീനിൽ ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുറച്ചുനേരം പുരട്ടി വെക്കുക. ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കുക.
- അതേ എണ്ണയിൽ സവാള, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്് കൂടി ചേർക്കുക. മൂത്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഗരം മസാലയും അൽപം ഉപ്പും ചേർത്ത് വഴറ്റുക. അതിലേക്ക് മീൻ/ചെമ്മീൻ കഷണങ്ങൾ ആക്കിയതും കൂടി ചേർക്കുക. തേങ്ങ മിക്സിയിൽ ചെറുതായി ഒന്നടിച്ച് മസാലയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.
- തയാറാക്കിയ മാവിൽനിന്ന് ഓരോ ഉരുളകൾ വീതം എടുത്ത് കൈവെള്ളയിൽവെച്ച് പരത്തി ഉള്ളിൽ മസാല വെച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. എല്ലാ ഉന്നക്കായകളും തയാറായാൽ ആവിയിൽ വേവിക്കുക.
- ഒരു ബൗളിൽ ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും കുറച്ച് വെള്ളത്തിൽ കലക്കിയെടുക്കുക. ആവിയിൽ വേവിച്ച ഉന്നക്കായ ഓരോന്നായി ഇതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
4. ചെമ്മീൻ വട
ചേരുവകൾ
- കഴുകി വൃത്തിയാക്കിയ ചെമ്മീൻ -250 ഗ്രാം
- ചെറിയ ഉള്ളി -കാൽ കപ്പ്
- ഇഞ്ചി -1 കഷണം
- വെളുത്തുള്ളി -4 അല്ലി
- കറിവേപ്പില -രണ്ട് തണ്ട്
- കുരുമുളക് -3-4 എണ്ണം
- പച്ചമുളക് -2 എണ്ണം
- കശ്മീരി മുളകുപൊടി -1 സ്പൂൺ
- മഞ്ഞൾപ്പൊടി -1/4 സ്പൂൺ
- തേങ്ങ -കാൽ കപ്പ്
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -അരക്കപ്പ്
തയാറാക്കുന്ന വിധം:
- ഉള്ളി, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, വേപ്പില, പച്ചമുളക്, തേങ്ങ എന്നിവ മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കുക.
- ഇതിലേക്ക് ചെമ്മീൻ ഇട്ട് ഒന്ന് ക്രഷ് ചെയ്യുക. ചെമ്മീൻ അധികം അരയരുത്.
- ഈ മിശ്രിതം ഒരു കുഴിയുള്ള പാത്രത്തിൽ ഇടുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക.
- ചുവട് കട്ടിയുള്ള ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഈ ചെമ്മീൻ കൂട്ട് കുറേശ്ശ എടുത്ത് വടയുടെ ആകൃതിയിൽ പരത്തി ചൂടായ വെളിച്ചെണ്ണയിലിട്ട് ഇരുവശവും മൊരിച്ചെടുക്കാം.
5. ഫിഷ് മജ്ബൂസ്
ചേരുവകൾ:
മീൻ മസാല പുരട്ടാൻ ആവശ്യമായ ചേരുവകൾ:
- മീൻ -ഒരു കിലോ (ദശക്കട്ടിയുള്ള ഏതു മീനും ഉപയോഗിക്കാം)
- മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
- മജ്ബൂസ് (അറബിക് മസാല) -1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- വിനാഗിരി -ഒരു ടേബ്ൾസ്പൂൺ
- ഉപ്പ് -പാകത്തിന്
- ഒലിവ് ഓയിൽ/സൺഫ്ലവർ ഓയിൽ -6 -7 ടേബ്ൾസ്പൂൺ
ചോറ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ:
- ബസ്മതി അരി -ഒരു കിലോഗ്രാം
- സവാള -2 (ചെറുതായി അരിഞ്ഞത്)
- തക്കാളി -2 (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് -2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടേബ്ൾസ്പൂൺ
- മസാല പുരട്ടിയ മീൻ കഷണങ്ങൾ -50 ഗ്രാം
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- മജ്ബൂസ് മസാല -ഒന്നര ടേബ്ൾസ്പൂൺ
- ഉണക്ക നാരങ്ങ -2 എണ്ണം
- ഏലക്ക -3
- ഗ്രാമ്പൂ -3
- പട്ട -ഒരു കഷണം
- കുരുമുളക് -1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
- അരി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഊറ്റിവെക്കണം.
- മീൻ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മുറിക്കാം. ഇവിടെ തൊലി ഒഴിവാക്കി ഫില്ലറ്റ് പോലെയാണ് മുറിച്ചെടുത്തിട്ടുള്ളത്. മീനിൽ മസാല പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. മസാല നന്നായി പിടിക്കാൻവേണ്ടിയാണിത്. ഇതിൽനിന്ന് 50 ഗ്രാം ചോറുണ്ടാക്കുമ്പോൾ ഫ്ലേവർ കിട്ടാൻ അതിൽ ചേർക്കാൻ മാറ്റിവെക്കണം.
- പാനിൽ എണ്ണ ചൂടാക്കി മീൻ വറുത്തെടുക്കുക.
- മീൻ എടുത്ത് മാറ്റിയ ശേഷം അതേ എണ്ണ ചോറുണ്ടാക്കാൻ ഉപയോഗിക്കാം.
- ചോറുണ്ടാക്കാനുള്ള ചെമ്പ് ചൂടാക്കിയശേഷം മീൻ വറുക്കാൻ ഉപയോഗിച്ച എണ്ണ അതിലേക്ക് ഒഴിക്കുക. എണ്ണ പോരെന്നു തോന്നുകയാണെങ്കിൽ അൽപം കൂടി ചേർക്കാം. ഇതിലേക്ക് പട്ട, ഏലക്ക, കുരുമുളക്, ഗ്രാമ്പൂ ഇവ ചേർത്ത് മൂപ്പിക്കുക.
- അതിനുശേഷം സവാള ചേർത്ത് നന്നായി വഴറ്റുക. സവാള മൂത്തു തുടങ്ങുമ്പോൾ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർക്കുക. 3-4 മിനിറ്റ് ഇളക്കിയശേഷം തക്കാളി ചേർത്ത് കൊടുക്കുക. ഒരു തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി ചേർത്താൽ നല്ലതാണ്.
- എണ്ണ തെളിഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടിയും മജ്ബൂസ് മസാലയും ചേർക്കാം. ഇത് മൂത്തു മണം വന്നാൽ ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിക്കുക. ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം ആണ് ആവശ്യം ഉണ്ടാവുക.
- വെള്ളം തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും ചോറിൽ ചേർക്കാൻ മാറ്റിവെച്ചിരിക്കുന്ന മീൻ കഷണങ്ങളും ഉണക്ക നാരങ്ങയും അരിയും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക.
- ചോറ് പാകമായാൽ ഒരു സെർവിങ് പ്ലേറ്റിലേക്ക് ചോറ് വിളമ്പി മേലെ വറുത്തുവെച്ചിരിക്കുന്ന മീൻ നിരത്തിവെച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.