തൃശൂർ പൂരത്തിലെ പെണ്ണുങ്ങൾ...
text_fieldsതൃശ്ശൂർ നഗരം വൃത്തത്തിലാണ്.
എത്ര കറങ്ങിയാലും കറങ്ങാൻ തന്നെ തോന്നുന്ന ഇടം.
മേളത്തിന് കാതുകൾ പോലെ വഴികൾ...
ആലവട്ടങ്ങളായ് ആൽമരങ്ങൾ...
വെൺചാമരമായ് ആകാശമേഘങ്ങൾ...
തൃശ്ശൂർ നഗരത്തിൽ നിന്നും പത്ത ുകിലോമീറ്റർ അപ്പുറമാണ് എന്റെ നാട്. അന്ന് അവിടെ താമസിക്കുമ്പോഴും പൂരം ഒരു രസമായിരുന്നു. തൃശ്ശൂർ പൂരം എന്നത് ഏതൊരു തൃശ്ശൂർക്കാരന്റെയും സ്വകാര്യഅഹങ്കാരമാണ്. പൂരത്തെക്കുറിച്ചുള്ള വാർത്തകൾ, ചർച്ചകൾ ഒക്കെ കേൾക്കുന്ന കാ ലം. പക്ഷേ, ഇന്നോളം പൂരം കണ്ടിട്ടില്ല. പൂരക്കാലമായാൽ തൃശ്ശൂർക്ക് ഒന്ന് രണ്ട് തവണയെങ്കിലും പോവും. പ്രധാനമായും എക്സിബിഷൻ കാണാനാണത്. അവിടെ എന്തൊക്കെയോ ഉണ്ടെന്ന കൗതുകം ഇന്നുമുണ്ട്. പലതവണ കേറിയിറങ്ങിയാലും ഒരു ചെടി കൂടി വാങ്ങായിരുന്നൂന്നോ അല്ലെങ്കിൽ ആ മൺപാത്രത്തിൽ വെള്ളം വെയ്ക്കായിരൂന്നൂന്നോ പറയും.
കാലങ്ങളായി ഒന്നാമത്തെ സ്റ്റാൾ രാജസ്ഥാനി ബ െഡ്ഷീറ്റുകളുടെയാണ്. ഏതാണ്ട് മുപ്പത് കൊല്ലമായി കാണുന്ന കട.. പണ്ട്, മൊബൈൽ ക്യാമറകൾക്കും ഡിജിറ്റൽ യുഗത്തിനും മ ുമ്പ് വൺമിനിറ്റ് ഫോട്ടോ ഉണ്ടായിരുന്നു. നമ്മൾ ഉദ്യാനത്തിൽ നിൽക്കുന്ന പോലെയും വിമാനത്തിൽ തൊടുന്ന പോലെയും ഒക്കെ പശ്ചാത്തലങ്ങൾ കർട്ടനിട്ട് സംവിധാനിച്ചിരുന്നു. ഞാനും ചേച്ചിയും ഒരിക്കൽ ഒരു ഫോട്ടോ എടുത്തതോർമയുണ്ട്. പതിവിലുമധികം വെളുപ്പിച്ച പടം. എക്സിബിഷൻ ഗ്രൗണ്ടിൽ നിന്ന് പേടിച്ചാണെങ്കിലും വെള്ളവും ഐസ്ക്രീമും കഴിക്കും. അന്ന് മറ്റെവിടെയും കരിമ്പിൻ ജ്യൂസ് കിട്ടില്ല എന്നതാണ് ഒരു കാരണം. മെഡിക്കൽ സയൻസിലെ അദ്ഭുതങ്ങൾ , അക്വേറിയം ,മാജിക് ഷോ, ത്രീ ഡി എന്നിങ്ങനെ പലതും ഉണ്ടാവും. കാലക്രമത്തിൽ ചിലത് മാഞ്ഞു പോയി. യന്ത്ര ഊഞ്ഞാലും ബോട്ടും തീവണ്ടിയും വരുന്നത് നമുക്ക് വേണ്ടിത്തന്നെയാണല്ലോ. സാമാന്യം നല്ല ഭയം ഉണ്ടെങ്കിലും യന്ത്രഊഞ്ഞാലിന്റെ ആന്തലും ഉയരവും ആട്ടവും എനിക്കുന്മാദമാണ്. പണ്ട് കണ്ട ഹിന്ദിസിനിമയിൽ ഡിംപിൾ കപാഡിയ യന്ത്ര ഊഞ്ഞാലിലിരുന്ന മട്ടിലാണ് ഇപ്പഴും ഞാൻ ഇരിക്കുക.. തുണിക്കടകളിൽ രാജസ്ഥാൻ സ്കർട്ടൊക്കെ പണ്ട് വരാറുള്ളത് ഇവിടെ മാത്രമായിരുന്നു. കോലാപ്പൂരിയുടെ ചെരുപ്പുകളും. എക്സിബിഷൻ ഒരു മായാലോകമാണ്. കേറുമ്പോൾ തന്നെ പലതരം ചെറു കച്ചവടക്കാർ. ഓരോരുത്തരുടെയും കച്ചവടതന്ത്രങ്ങൾ. പച്ചക്കറികൾ വേഗത്തിലരിഞ്ഞ് കാണിക്കുന്ന മിടുക്കർ. കളിപ്പാട്ടങ്ങളും വളകളും പൊട്ടുകളും രൂപം മാറിയെങ്കിലും ഇന്നും വരുന്നു. ഉത്തരേന്ത്യൻ അച്ചാറുകളുടെ മണം വരുമ്പോൾ ഒരു ഇറക്കമാണ് ഇടം.
ആമ്പല്ലൂർ പൂരത്തിൻറെ വെടിക്കെട്ടിന്റെ വെളിച്ചവും ചെറിയ ശബ്ദവും കേൾക്കാം. റേഡിയോയിലൂടെ അച്ഛൻ വെച്ചിരുന്ന ഇലഞ്ഞിത്തറമേളം. കുടമാറ്റത്തിൻറെ ദൃക്സാക്ഷിവിവരണം. വർഷങ്ങൾ കഴിഞ്ഞ് തൃശ്ശൂർ താമസമായപ്പോൾ പൂരം എന്നോട് കൂടുതൽ അടുത്തു. പന്തൽപണി മുതൽ കാണുന്നു. നടുവിലാൽ പന്തലിനേക്കാൾ നായ്ക്കനാൽ പന്തലാണോ അതോ മണികണ്ഠനാലോ കേമം എന്ന താരതമ്യം. നഗരത്തിൽ ഒഴുകുന്ന ജനക്കൂട്ടം, അലങ്കാരങ്ങൾ... ഇവയെല്ലാം കാണാതെ രസമില്ല. പൂരത്തലേന്ന് ഞങ്ങൾ കൂട്ടുകാർ നടക്കാറുണ്ട്. ഒരുവശത്ത് കാക്കാലത്തികൾ. കൂട്ടിൽ തത്തയുള്ളവരും ഇല്ലാത്തവരും ആയി നിറയെ. മുറുക്കിച്ചോപ്പിച്ച്, മൂക്കുത്തിയിട്ട് കൈരേഖനോക്കുന്ന ചെറുവടിയുമായി അനേകർ....
'വാ അമ്മാ മുഖം പാത്ത് ഭാവി ശൊല്ലറേൻ. നീങ്ക മഹാലച്ചുമി ...' എന്നൊക്കെ പ്രലോഭനങ്ങൾ. ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ, ചുടുകപ്പലണ്ടി കൊറിച്ച്, വടക്കുന്നാഥൻെറ ചുറ്റും നടക്കും. കൊലുസുകളും മാലകളുമായി വരുന്ന ഉത്തരേന്ത്യക്കാർ. അത്തരം വലിയ കൊലുസ് ഇടാറില്ലെങ്കിലും വാങ്ങുമായിരുന്നു. വലിയ ബലൂണുകൾ, നിറപ്പകിട്ടാർന്ന മുറ്റം...
ഇപ്പോൾ വെടിക്കെട്ടിൽ എന്റെ ജനാലച്ചില്ലുകൾ കുലുങ്ങും. തീവ്രത കുറഞ്ഞെങ്കിലും ഞാൻ ആ സ്പന്ദനം അറിയും. കുടമാറ്റത്തിൽ ആനച്ചമയപ്രദർശനത്തിൽ വെയ്ക്കാത്ത ചിലകുടകൾ ഇരുകൂട്ടരും ഉയർത്തുമ്പോൾ ഉള്ളിൽ ആനന്ദം ഉയരും ..ഓ... ഇത് പുത്യേത് എന്ന സന്തോഷം. ആനകളെ നിർത്തുന്നതിനോട് എന്നും എനിക്ക് വിയോജിപ്പാണ്. ആനയുടെ കാൽപ്പാദം താങ്ങാത്ത കൊടും ചൂട്, ക്രൂരത തന്നെ എങ്കിലും, പൂരം മ്മള് തൃശ്ശൂർക്കാർക്ക് ആവേശമാണ്.
പൂരപ്പിറ്റേന്നാണ് നാട്ടുകാരുടെ പൂരം പ്രത്യേകിച്ച് സ്ത്രീകളുടെ പൂരം. പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും അടുത്ത വർഷം കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിയുമ്പോ കണ്ണ് നിറയുന്ന കൂട്ടുകാരുണ്ട്. അവർ പറയും ഇത്ര ദിവസം രസായിരുന്നു. ആകെ ബഹളോം ആളോളും ഒക്കെ. ഇനീപ്പോ അടുത്ത പൂരം വരണം. ജാതിമതമില്ലാത്ത പൂരത്തിൻറെ പ്രധാനപൂരപ്രേമികളിൽ ടൈറ്റസ് ചേട്ടനുണ്ട്. മേളക്കമ്പത്തിൻറെ ആശാനാണ്. ഈ പൂരം കഴിഞ്ഞാൽ അടുത്ത പൂരം പണി തുടങ്ങുകയായി. തൃശ്ശൂർ എക്സിബിഷൻ ഗ്രൗണ്ടിൽ നാടകം കാണാൻപറ്റാത്ത സങ്കടം തോന്നിയത് ജോസ് പായമ്മലിനെപ്പറ്റി മണിലാൽ ചെയ്ത 'അടുത്തബെല്ലോട് കൂടി നാടകം ആരംഭിക്കുന്നതാണ്' എന്ന ഡോക്യുമെൻററി കണ്ടപ്പോഴാണ്. ഇത്രേം രസം ഉണ്ടായിരുന്നോ എന്ന് അന്ന് തോന്നി.
തൃശ്ശൂർ പൂരത്തിന് മഴ പെയ്യാതിരിക്കാൻ ഇരിങ്ങാലക്കുട തേവർക്ക് താമരമാല നേരുന്നവരുണ്ട്. പൂരപ്പിറ്റേന്ന് തുടങ്ങുന്ന ഇരിങ്ങാലക്കുട ഉത്സവം മഴയിൽ കുതിർന്നാലും തൃശ്ശൂർ പൂരത്തിന്റെ കുടയാണ് ഇരിങ്ങാലക്കുട. പൂരത്തിന് വരുന്ന വളച്ചെട്ടികൾ ഇന്നും പതിവായി എത്തുന്നുണ്ട്. അവരുടെ തുണിക്കെട്ടഴിക്കുമ്പോൾ മഴവില്ലഴകിൽ വളകൾ വിടരും. ഏതാണ് ഭംഗിയെന്ന് തീരുമാനിക്കാനാകാതെ പരതുന്ന കണ്ണുകൾ. കൈനിറയെ വളകളും ചിരികളും ആയ പൂരക്കിലുക്കം അന്ധവിശ്വാസങ്ങളെക്കൂടി അറുത്ത് മാറ്റിയ, തിളങ്ങുന്ന പൂരക്കാലം തൃശ്ശൂരിന് സമ്മാനിച്ച ശക്തൻതമ്പുരാൻ. എന്തെല്ലാം ആഘോഷങ്ങൾ ഉണ്ടായാലും വർണ്ണക്കുടകൾ മാറ്റുന്നതിന്റെ, മഠത്തിൽ വരവിന്റെ, ഇലഞ്ഞിത്തറയുടെ സാമീപ്യത്തിലെ മേളപ്പെരുക്കത്തിന്റെ പൂരം. കാല്പനികമാണ് പൂരം. ഓരോ വർഷവും പുതിയകാഴ്ചകൾ നമുക്ക് തരുന്ന അദ്ഭുതവിളക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.