മരണത്തിന് ചിറകെട്ടിയവർ
text_fieldsകൺതുറന്ന് കാണണം ലോകം, മകനുവേണ്ടി ഒരു ഉമ്മ മരണത്തോടും, ജീവിച്ചിരിക്കാനായി ഒരു മകൻ വേദനയോടും പൊരുതുന്ന പോരാട്ടം. അർബുദം അസാധാരണമല്ലെങ്കിലും ഈ പോരാട്ടം ഒരു വ്യാഴവട്ടക്കാലം പിന്നിട്ട അപൂർവ ഏടാണ്. ആറുമാസം മാത്രം ആയുസ്സ് കൽപിക്കപ്പെട്ട ഒരു ഏഴു വയസ്സുകാരൻ ഇന്ന് 17 വയസ്സ് പൂർത്തിയാക്കി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത, ദേവർകോവിൽ കായക്കുന്നുമ്മൽ പീടികയുള്ളപറമ്പത്ത് മുഹമ്മദ് ഉവൈസും അവന്റെ ഉമ്മ സക്കീനയുമാണ് ജീവിതത്തോട് പടവെട്ടുന്നവർ. സ്വന്തമായൊരു വീടാണ് അവരുടെ സ്വപ്നം.
സുമനസ്സുകാർ കൈവെടിയില്ലെന്ന പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ടുനീക്കുന്നത്.സക്കീനയുടെ ഓപറേഷനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനിടയിലാണ് ഏഴ് വയസ്സുകാരനായ മുഹമ്മദ് ഉവൈസിന് പെട്ടെന്ന് പനിയും ഛർദിയും പിടിപെടുന്നത്.
കെ.വി.കെ.എം.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് ഉവൈസ്. മെഡിക്കൽ കോളജിൽതന്നെ ചികിത്സതേടി. ടി.ബിയാണെന്ന സംശയം പ്രകടിപ്പിച്ചു. അതിനിടയിൽ സക്കീന ഡിസ്ചാർജായി വീട്ടിലെത്തി. സി.ടി സ്കാനിൽ ഉവൈസിന്റെ തലയിൽ മുഴയുണ്ടെന്ന് കണ്ടെത്തിയതോടെ ബയോപ്സി ചെയ്യുകയും ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, ട്യൂമർ സ്ഥിരീകരിച്ചതിന് പിന്നാലെ ഡോക്ടർമാർ പറഞ്ഞു... ആറു മാസത്തിലപ്പുറം ഈ കുട്ടി ജീവിച്ചിരിക്കാൻ സാധ്യതയില്ല!
പള്ളിയിൽ ഇമാമാണ് ഉവൈസിന്റെ ഉപ്പ നിസാർ റഹ്മാനി. അതിൽനിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ഓപറേഷൻ മാത്രമായിരുന്നു ഉവൈസിനുള്ള ഏക ചികിത്സ. എന്നാൽ, ഓപറേഷൻ ചെയ്ത് തലയോട്ടിയിലെ മുഴ നീക്കം ചെയ്താൽ ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ ഡോക്ടർമാരെ ആ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിച്ചു. പരമാവധി പാലിയേറ്റിവ് മെഡിസിനിലൂടെ മുന്നോട്ടുപോവാനുള്ള ഉപദേശവും അവർ നൽകി.
പക്ഷേ, സക്കീന വിധിയെ പഴിക്കാൻ ഒരുക്കമല്ലായിരുന്നു. കേരളത്തിനകത്തെയും പുറത്തെയും നിരവധി ആശുപത്രികളിൽ ചികിത്സക്ക് സമീപിച്ചു. ഏറ്റവും വിദഗ്ധ ചികിത്സ നൽകുക മാത്രമായിരുന്ന ലക്ഷ്യം. പക്ഷേ, എല്ലാവരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. ആറുമാസം പരമാവധി ജീവിതം എല്ലാവരും വിധിച്ചു.
‘‘ഉമ്മാ എന്ന് വിളിക്കാനുള്ള ശേഷി മാത്രം അവശേഷിച്ച് എനിക്ക് മകനെ തിരിച്ചുകിട്ടിയാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും’’ ആ ആത്മധൈര്യത്തിനുമുന്നിൽ തലകുനിച്ച് ഒടുവിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർ, ശസ്ത്രക്രിയക്ക് സമ്മതം മൂളി.
എട്ടു മണിക്കൂർ നീണ്ടതായിരുന്നു ഉവൈസിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം മറ്റ് പാർശ്വഫലങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല. പിന്നീട് മൂന്നുകൊല്ലം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണ കുട്ടികളെ പോലെ സ്കൂളിൽപോയും സൈക്കിൾ ഓടിച്ചുമൊക്കെ കളിച്ചുചിരിച്ച് ഉവൈസ് ജീവിച്ചു. എന്നാൽ, പത്താം വയസ്സിൽ വീണ്ടും ഉവൈസിൽ ആരോഗ്യ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. അതോടെ എം.സി.സിയിലും ആർ.സി.സിയിലും എം.വി.ആറിലും കീമോ അടക്കമുള്ള ചികിത്സ തേടി. ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ് ഉവൈസ്.
യൂട്യൂബറാണ് ഇപ്പോൾ ഉവൈസ്. തൊട്ടടുത്ത പള്ളിയിൽ ബാങ്ക് വിളിക്കും, വർണപേപ്പറുകളും മറ്റും ഉപയോഗിച്ച് അലങ്കാര വസ്തുക്കളും കമ്മലുകളും ഹെയർ ബെന്റുകളും മാലയും വളയും സ്വന്തമായി നിർമിക്കുകയും വിൽക്കുകയും ചെയ്യും. അതിനാവശ്യമായ വസ്തുക്കൾ പിതാവ് നിസാറാണ് വാങ്ങി നൽകുക.
യൂട്യൂബിൽ ഉമ്മ ഷൂട്ട് ചെയ്യുന്ന വിഡിയോകൾ സ്വന്തമായി എഡിറ്റ് ചെയ്ത് വോയ്സ് ചേർത്ത് അപ് ലോഡ് ചെയ്യുകയാണ് ചെയ്യുക. ഇതിനെല്ലാമിടയിൽ വീട്ടിൽവെച്ച് തന്നെ ചില ചെറുകിട കച്ചവടങ്ങൾ ചെയ്യുന്നുമുണ്ട്. സ്വന്തമായി നിർമിക്കുന്ന വസ്തുക്കൾ പുറത്തുകൊണ്ടുപോയി വിൽക്കും. മുന്നിലുള്ളത് കുറ്റ്യാടി ചുരത്തിലേക്കുള്ള സംസ്ഥാന പാതയാണ്. ചുരമിറങ്ങുന്ന ഡ്രൈവർമാർ താവളമടിക്കുന്ന സ്ഥലം തൊട്ടടുത്തുണ്ട്. ക്ഷീണത്തിന്റെയും വേദനയുടെയും ഇടവേളകളിൽ ഉവൈസ് സ്വന്തമായി നിർമിച്ച ഉൽപന്നങ്ങളുമായി വഴിയരികിലേക്ക് ചെല്ലും. അവനെ തിരിച്ചറിഞ്ഞവരും അല്ലാത്തവരും അവൻ വെച്ചുനീട്ടിയ സാധനങ്ങൾ വാങ്ങും.
ഏഴാം വയസ്സ് മുതൽ ഉവൈസിന്റെ ഡോക്ടറാണ് ശിശുരോഗവിദഗ്ധൻ സച്ചിത്ത്. സാധാരണക്കാരിൽ സാധാരണക്കാരായ അവനും മാതാവും പിതാവും ചേർന്ന് മരണത്തിന്റെ വക്കിൽനിന്ന് മകനെ ചിറകെട്ടി സംരക്ഷിക്കുകയായിരുന്നുെവന്ന് ഡോ. സച്ചിത്ത് പറയുന്നു.
പിതാവ് നിസാർ റഹ്മാനി പള്ളിയിലും മദ്റസയിലും സേവനമനുഷ്ഠിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. എന്നാൽ, തുടർച്ചയായ ആശുപത്രിവാസവും മകന്റെ ആരോഗ്യാവസ്ഥയും അകലെയുള്ള പള്ളിയിൽ പോയി താമസിച്ച് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. ഇപ്പോൾ തൊട്ടടുത്ത് തന്നെയുള്ള വില്യാപ്പള്ളിയിലെ മദ്റസയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം.
താമസിച്ചിരുന്ന കായക്കുന്നുമ്മലെ വീട്ടിലേക്ക് മതിയായ യാത്രാസൗകര്യമില്ലാത്തതിനാൽ രാത്രികളിലടക്കം പെട്ടെന്നുണ്ടാകുന്ന പ്രയാസങ്ങളിൽ വൈദ്യ സഹായം തേടാൻ കഴിയാറില്ല. മഴക്കാലങ്ങളിൽ, ഉരുളൻ കല്ലുകൾ നിറഞ്ഞ, വഴുക്കലുള്ള ചെങ്കുത്തായ പാറവഴിയിലൂടെയുള്ള യാത്ര നല്ല ആരോഗ്യമുള്ളവർക്കുപോലും പ്രയാസകരമാണ്. ആശുപത്രിയിൽ പോയി തിരിച്ചെത്തുന്ന പല അർധരാത്രികളിലും വീടിനടുത്തുള്ള വഴിയിൽ വാഹനത്തിനുള്ളിൽ തന്നെ കിടന്നുറങ്ങേണ്ടി വരും. ചോർന്നൊലിച്ച് താമസിക്കാൻ കഴിയാത്തവിധം ശോച്യാവസ്ഥയിലായ വീടിന്റെ മേൽക്കൂരയുടെ മൂലകളിൽ ചോർച്ച അടക്കാൻ തിരുകിയ വസ്തുക്കളിൽ ഉവൈസിന്റെ തന്നെ സ്കാനിങ് ഫിലിമുകളും കാണാം.
വീടിന്റെ മുൻഭാഗം ചില സുമനസ്സുകളുടെ സഹായത്തോടെ നവീകരിച്ചെങ്കിലും ബാക്കിഭാഗം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം. ഈർപ്പം കെട്ടിനിൽക്കുന്ന, മൺകട്ടകളാൽ നിർമിച്ച വീട്ടിൽ താമസിക്കുന്നത് ഉവൈസിന്റെ രോഗാവസ്ഥക്ക് പ്രതികൂലമായി ബാധിക്കുന്നതിനാൽ സഹായമനസ്കനായ ഒരു വ്യക്തിയുടെ സഹായത്തോടെ മൂന്ന് മാസത്തോളമായി മൂന്നാംകൈ പള്ളിയുടെ വാടക ക്വാർട്ടേഴ്സിലാണ് താമസം.
മറ്റെല്ലാം ത്യജിച്ച് മകന്റെ ജീവനുവേണ്ടി നീണ്ട പതിനൊന്നു വർഷക്കാലമായി ദുഃഖത്തിലും ദാരിദ്ര്യത്തിലും പ്രതീക്ഷ കൈവിടാത്ത തന്റെ മാതാപിതാക്കളെ തന്നാലാവും വിധം സഹായിക്കണമെന്നുണ്ട് ഉവൈസിന്. യാത്രക്ക് ബുദ്ധിമുട്ടില്ലാത്ത, കൂടുതൽ പ്രകാശമുള്ള ഒരിടത്ത് അടച്ചുറപ്പുള്ള ഒരു ചെറുവീടാണ് ഉവൈസിന്റെ ഇപ്പോഴത്തെ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.