‘ഫിലി’ പെണ്‍മണികളുടെ മലയാളി മാരന്‍മാര്‍
text_fieldsഒരു പക്ഷേ, മറ്റൊരു രാജ്യത്തു നിന്ന് ഏറ്റവും കൂടുതല്‍ മലയാളി പുരുഷന്‍മാര്‍ തങ്ങളുടെ ഇണയെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ഫിലിപ്പീന്‍സില്‍ നിന്നുമായിരിക്കും. മറ്റൊരു ദേശത്തിന്‍റെ മാനവീകതയിലും വിശാല കാഴ്ചപ്പാടിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ, തന്നോട് ചേര്‍ത്തുവയ്ക്കാനൊരു കുടുംബിനിയെക്കൂടി അവര്‍ കണ്ടെത്തുന്നു എന്നതാണ് കാര്യം. യു.എ.ഇ. എന്ന രാജ്യത്തിന് ഭാഷയും ദേശവും മതവുമെല്ലാം ജനതയെ ഐക്യപ്പെടുത്തി പോറ്റി പരിപാലിക്കുന്നതിനുള്ള അതിശക്തമായ പാലമാണ്. ഫിലിപ്പീന്‍സിലെ പെണ്‍മണികള്‍ക്ക് മലയാളത്തില്‍ നിന്ന് ഇത്രമാത്രം മാരന്‍മാരന്‍ യു.എ.ഇയില്‍ നിന്ന് എങ്ങനെ ഉണ്ടായി എന്നതിന്‍റെ ഉത്തരം കൂടിയാണത്.
ഫിലിപ്പീന്‍സ്-കേരള ദമ്പതികളുടെ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളാണ് യു.എ.ഇയിലുള്ളത്. അതില്‍ 23 കുടുംബങ്ങള്‍ അടങ്ങുന്ന ‘ഫില്‍ ഇന്റ് യുനൈറ്റഡ്’ കോവിഡാനന്തരം 2021 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്. അഞ്ചുപേരില്‍ തുടങ്ങിയ കുട്ടായ്മ യു.എ.യിലെ പലയിടങ്ങളില്‍ നിന്നായി മറ്റുള്ളവരെ കണ്ടെത്തി കൂടെ കൂട്ടുകയായിരുന്നു. കൂട്ടായ്മയിലേക്ക് കുടുംബങ്ങളെ കണ്ടെത്തുന്നതില്‍ ആര്‍ജവത്തോടെ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. കുട്ടികള്‍ക്ക് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രതിസന്ധി കൂട്ടായ്മയിലൂടെ പരിഹരിക്കപ്പെടുന്നു എന്നത് ചെറിയ കാര്യമല്ല.
ഒപ്പം, കാലാവസ്ഥയിലും ഭൂമിശാസ്ത്ര പരമായുമൊക്കെ കേരളവും ഫിലിപ്പീന്‍സും വളരെ സാമ്യമുണ്ട്. നെല്ലും കപ്പയും വാഴയുമെല്ലാം അവിടെയും സുലഭം. ഭക്ഷണ അഭിരുചിയിലുള്ള വൈവിധ്യവും വസ്ത്ര ധാരണത്തിലുള്ള രീതിയും മാത്രമേ പ്രകടമായ വ്യത്യാസങ്ങള്‍ ഉള്ളൂ. എന്നിരുന്നാലും സ്‌നേഹത്തിലും എല്ലാവരെയും ചേര്‍ത്ത് ഒന്നായി കൊണ്ടു പോവുന്നതിലുമെല്ലാം ഒട്ടും പിശുക്കില്ലാത്ത സംസ്‌കാരം ഇവരെ കൂടുതല്‍ സാമൂഹികമായി അടുപ്പിടിക്കുന്നു. തുറന്ന ഇടപെടലുകള്‍, മറ്റുള്ളവരുടെ നന്‍മ ആഗ്രഹിച്ചുള്ള ചര്‍ച്ചകള്‍, പരസ്പരമുള്ള സഹായങ്ങള്‍... അങ്ങനെ പോവുന്നു ജീവിതം. ഫിലിപ്പീന്‍സിലെ പെണ്‍കുട്ടികളെയാണ് മലയാളി പുരുഷന്‍മാര്‍ കൂടുതലായി കല്യാണം കഴച്ചിട്ടുള്ളതെങ്കിലും നേരെ തിരിച്ചുമുണ്ട്.
കോഴിക്കോട്ടു നിന്നും കൊച്ചിയില്‍ നിന്നുമുള്ള ഓരോ മലയാളി സ്ത്രീകള്‍ ഫിലിപ്പീന്‍സ് പുരുഷന്‍മാരെ കല്യാണം കഴിച്ചതും ഈ കൂട്ടായ്മയിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 22 വര്‍ഷം മുമ്പ് കുടുംബത്തിന്റെ അത്താണിയായി യു.എ.ഇയിലെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി രവി കരുമാട്ട് 2006 ലാണ് ഇവിടെ തന്നെ ജോലി ചെയ്തിരുന്ന ജാനകി (ജൊനാലിന്‍ ) യെ യാഹൂ മെസഞ്ചറിലൂടെ പരിചയപ്പെട്ട് കല്യാണം കഴിച്ചത്. സ്വാഭാവികമായും കുടുംബത്തിന്‍റെ ആശങ്കയും വേവലാതികളുമെല്ലാം എതിര്‍ സ്വരമായി ഉയര്‍ന്നുവന്നെങ്കിലും കടമ്പകളെ മറി കടന്ന് അവരൊന്നായി. ആറാം ക്ലാസില്‍ പഠിക്കുന്ന മാധവും ഒന്നാം ക്ലാസില്‍ പഠിക്കുന്ന നിഹാരയുമൊത്തവര്‍ ജീവിതം കെട്ടിപ്പടുക്കുന്നു.
അനീസ് പാലക്കാട്, ആസിഫ് കോഴിക്കോട്, ഭരണി തമിഴ്‌നാട്, ഡേവിഡ് തൃശൂര്‍, ഫൈസല്‍ കൊല്ലം, ഗണേഷ്, ജിജു, ഹാഷിം കൊല്ലം, ജിജു കോട്ടയം, പ്രമോദ് തൃശൂര്‍, രമേശ് റജില്‍ തലശ്ശേരി, റോഷന്‍ തൃശൂര്‍, കാനഡയില്‍ സ്ഥിരതാമസമാക്കിയ സന്ദീപ് കൊല്ലം, സഞ്ജു കൊല്ലം, ശിവദാസന്‍ എടപ്പാള്‍, ശ്രീകുമാര്‍ പിള്ളൈ പറവൂര്‍, വരുണ്‍ എറണാകുളം, ശ്രീനാഥ് എന്നിവരുടെ കുടുംബമാണ് 'ഫില്‍ ഇന്റ് യുനൈറ്റഡ്' കൂട്ടായ്മയില്‍ ഇപ്പോഴുള്ളത്. പറവൂര്‍ സ്വദേശി ശ്രീകുമാര്‍ പിള്ളൈയുടെ പ്രവാസം കാല്‍ നൂറ്റാണ്ടിലേക്കെത്തുകയാണ്. ഒമ്പത് വര്‍ഷം മുമ്പ് കൂടെ ജോലി ചെയ്ത ഫിലിപ്പീന്‍സുകാരി ഇപ്പോള്‍ ലൂസിയ ടി. പിള്ളൈ ആണ്.
അഭിഷേക് പിള്ളൈ, ഏപ്രില്‍ നയ പിള്ളൈ എന്നിവര്‍ മലയാളം പച്ചവെള്ളം പോലെ പറയും. ഫിലിപ്പീന്‍സിലെ സിബു സിറ്റിയിലെ തനതു ഭാഷയായ പിസായ ഭാഷ ശ്രീകുമാറിനും അറിയാം. ആഘോഷ നാളുകളിലാണ് പ്രധാനമായും ഇവരുടെ ഒത്തു ചേരല്‍. പാരമ്പര്യ തനിമ ചോരാതെ അവര്‍ ഓണവും റമദാന്‍ ഇഫ്താറും, വിഷുവും, പിറന്നാളും എല്ലാം ആഘോഷിക്കും. ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കൂടുതലായും ഫിലിപ്പീന്‍സ് ശൈലിയില്‍ ആയിരിക്കും. കോഴിക്കോട് ബാലുശ്ശേരി സ്വദേശി കൂനഞ്ചേരി തിയ്യക്കണ്ടി വീട്ടില്‍ ആഷിഫ് അലി, നല്ലപാതി ഫിലിപ്പീന്‍സില്‍ നിന്നുള്ള ആയിഷയും മക്കളായ സഹ്‌റയും ഇനാര യുസ്‌റയുമൊത്ത് സന്തോഷപൂര്‍വം കഴിയുന്നു.
സഹിഷ്ണുതയില്‍ ഊന്നിയുള്ള യു.എ.ഇയുടെ സുസ്ഥിരമായ ഇടപെടലുകള്‍ എത്രമാത്രം ഗുണപ്പെടുന്നു എന്നത് ജീവിതം കൊണ്ട് ഇവര്‍ സാക്ഷ്യപ്പെടുത്തുകയാണ്. മതപരമായ വേര്‍തിരിവോ വംശീയ വെറിയോ ഇല്ലാതെ ഏതൊരാള്‍ക്കും ഒറ്റയായും കുടുംബമായും ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള സാധ്യതകള്‍ ഈ നാട് തുറന്നിട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ തന്നെ അതുകൊണ്ടുകൂടിയാണ് രാജ്യം ഉന്നത ജീവിത നിലവാരത്തില്‍ ഏറ്റവും മുന്‍നിരയില്‍ തുടരുന്നതും. മാനവീകവും മാനുഷീകവുമായ ചേര്‍ത്തുപിടിക്കലുകളിലൂടെ ഒരു ദേശം എത്രമേല്‍ പുരോഗതിയും വികസനവും കൈവരിക്കുന്നു എന്നതിന് ഉദാഹരണങ്ങളേറെ, ഫിലിപ്പീന്‍സ്- മലയാളി കുടുംബങ്ങള്‍ അതീവ സുന്ദരമായി കുടുംബമായി മുന്നോട്ടു പോവുന്നത് പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.