മുരിങ്ങയിലയും ചിക്കനും കൂട്ടുചേർന്നൊരു പക്കോഡ
text_fieldsഏവർക്കുമെന്ന പോലെ നോമ്പുനാളുകൾ തന്നിലും ഏറെ ഗൃഹാതുരത ഉണർത്താറുണ്ടെന്ന് പറയുന്നു സഹ് ല. ഒരുപാട് വിഭവങ്ങളൊന്നും ഇല്ലാത്ത വള്ളുവനാടൻ നോമ്പ് തുറയും തറാവീഹ് നമസ്കാരവും ചുക്കു കാപ്പിയുമൊക്കെ മനസ്സിലിപ്പോഴുമുണ്ട്. തറാവീഹ് നമസ്കരിക്കാൻ പോകാൻ വലിയ ഉഷാറായിരുന്നു ഞങ്ങൾ കുട്ടികൾക്ക്. ഒരുപാട് നേരം നിന്ന് നമസ്ക്കരിക്കാനൊക്കെ മടിയായിരുന്നെങ്കിലും രാത്രി എല്ലാവരുടെയും കൂടെയുള്ള പോക്കും വരവും ഹരമായിരുന്നു. നാട്ടിലെ നോമ്പ് പോലെ തന്നെ പ്രവാസ ജീവിതത്തിലെ ആദ്യകാല നോമ്പുനാളുകളും ഇഫ്താറും പ്രിയമുള്ള ഓർമ തന്നെ. വിവാഹം കഴിഞ്ഞ് എത്തിയത് സലാലയിലായിരുന്നു. ആ ഇടവഴികളും പച്ചപ്പും മഴയും കുന്നുകളുമൊക്കെ നാട്ടിൽ തന്നെ ജീവിക്കുന്ന തോന്നല്‍ ഉണ്ടാക്കി. ചന്നം പിന്നം പെയ്യുന്ന മഴയും നാട്ടിലെ നോമ്പുകാലത്തെ ഓർമിപ്പിച്ചു.
സലാലയിലെ നോമ്പുകാലങ്ങളിലെ കരിക്ക് ജൂസിന്‍റെ രുചി നാവിനും മറക്കാന്‍ കഴിഞ്ഞിട്ടില്ല. സുവൈഖിനടുത്ത് ഖദറയിൽ അൽഫാവ് പൗൾട്രി കമ്പനി ഉദ്യോഗസ്ഥനായ അൻവർ ആണ് സഹ് ലയുടെ ഭർത്താവ്. നാട്ടിൽ അധ്യാപികയായിരുന്നു. മുലദ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളായ ഫർഹാ ഫാത്തിമയും അമ്നയും അസ്ഹലവും ആണ് മക്കൾ. കറുമുറെ തിന്നാന്‍ ഉണ്ടാക്കുന്ന ഒരു ചിക്കന്‍ വിഭവത്തില്‍ അൽപം ഇലക്കറി കൂടി ച ർത്താലോ. രുചിയും പോഷകഗുണവും ഏറിയ ഒരു പലഹാരമായിരിക്കും ഫലം. ഒമാനില്‍ ഇഷ്ടം പോലെയുള്ള മുരിങ്ങയില ചേർത്തൊരു ചിക്കന്‍ പക്കോഡ ആവാം. കാൽസ്യത്തിന്‍റെ നല്ല ഉറവിടമായ മുരിങ്ങയില വിറ്റാമിൻ എയുടെ കലവറ കൂടിയാണല്ലൊ. കണ്ണിന്‍റെ ആരോഗ്യത്തിനും ഉത്തമം.
ചേരുവകള്‍:
- മുരിങ്ങയില -ഒരു കപ്പ്
- ചിക്കൻ വേവിച്ച് ചെറിയ കഷ്ണങ്ങൾ ആക്കിയത് -ഒരു കപ്പ്
- സവാള പൊടിയായി അരിഞ്ഞത് -ഒരു കപ്പ്
- ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു കഷ്ണം
- കറിവേപ്പില -ഒരു തണ്ട്
- മല്ലിയില -ഒരു നുള്ള്
- കടലമാവ് -ഒരു കപ്പ്
- അരിപ്പൊടി -അര കപ്പ്
- ഷാഹി മുളകുപൊടി -അര ടേബിൾ സ്പൂൺ
- കായപ്പൊടി -ഒരു നുള്ള്
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -മുക്കാൽ കപ്പ്
- എണ്ണ -വറുക്കാൻ
തയാറാക്കുന്നവിധം:
കടലമാവ്, അരിപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ്, സവാള പൊടി ആയി അരിഞ്ഞത്, ഇഞ്ചിപൊടി ആയി അരിഞ്ഞത്, കറിവേപ്പില, മല്ലിയില എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴക്കുക. മുരിങ്ങയില, ചിക്കൻ പൊടിആയി അരിഞ്ഞത് എന്നിവ കൂടിചേർക്കുക. എണ്ണ ചൂടായതിനു ശേഷം പക്കോഡ വറുക്കുന്ന പോലെ വറുത്ത് കോരി എടുക്കുക. കൂട്ടിനു റ്റൊമാറ്റൊ സോസോ, പുതിന ഇല ചട്ണിയോ വിളമ്പാം.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.