പാൽപായസ മധുരം നുകരാം ഈസിയായി
text_fieldsപാല്‍പ്പായസം എന്നു കേട്ടാല്‍ തൃപ്പൂണിത്തുറ അമ്പലത്തിലെ പാല്‍ പന്തീരാഴിയെയും അമ്പലപ്പുഴ പാൽപായസത്തെയും ഒാർത്തു പോകുന്നതിനാൽ പായസ മേളയില്‍ ഒരു പരമ്പരാഗത പാൽപായസം ഉൾപ്പെടുത്താതെ വയ്യ. തൃപ്പൂണിത്തുറയിലെ പാൽപായസങ്ങളുടെ രുചി നല്ല പോലെ അറിയാവുന്ന ശ്രീകല സുധാകരനാണ് നമുക്കു വേണ്ടി അത്യാവശ്യം എളുപ്പത്തില്‍ തയാറാക്കാൻ കഴിയുന്ന ഈ പായസം തയാറാക്കിയതും പാചകവിധി പങ്കുവെച്ചതും. ഓണസദ്യക്ക് മറ്റു വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കില്‍ ഈ പ്രഷര്‍ കുക്കര്‍ പായസം ഒരു ആശ്വാസമാണ്. പിന്നെ പാചകത്തില്‍ അനുഭവസമ്പത്ത് കുറഞ്ഞവർക്കും രുചികരമായി തയാറാക്കാം എന്ന മെച്ചവുമുണ്ട്.
ചേരുവകള്‍:
- ഫാറ്റ് മിൽക്ക് -നാലു കപ്പ് ഫുള്‍
- ഉണക്കലരി / പൊടിയരി -ഒരു പിടി
- പഞ്ചസാര -ഒരു കപ്പ്
- ഏലക്ക പൊടിച്ചത് (വേണമെങ്കില്‍)
- ഷാഹി കശുവണ്ടി നെയ്യില്‍ വറുത്തത്
- ഷാഹി കിസ്മിസ് നെയ്യില്‍ വറുത്തത്
- വെണ്ണ -ഒന്നു/രണ്ടു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
പ്രഷര്‍ കുക്കറില്‍ അരി കഴുകിയിട്ട് പാലും പഞ്ചസാരയും ഏലക്ക പൊടിയും ചേര്‍ത്ത് ഒരു വിസില്‍ വരും വരെ വേവിച്ച ശേഷം തീ ഏറ്റവും കുറച്ചു 45 മിനിറ്റ് വേവിക്കുക. ഇടക്കിടെ വിസില്‍ വരാതെ ഇരിക്കാന്‍ ഒരു നനഞ്ഞ തുണി കട്ടിയില്‍ മടക്കി വെയിറ്റിന് മുകളില്‍ വെക്കാം. 45 മിനിറ്റ് കഴിഞ്ഞു തീ അണച്ച് ആവി മുഴുവന്‍ പോയാല്‍ തുറന്നു നോക്കുക. പാകത്തിന് കുറുകിയില്ലെങ്കില്‍ വെണ്ണ കൂടി ചേർത്ത് തിളപ്പിച്ച് വേണ്ടത്ര കുറുക്കിയെ ടുക്കാം. അണ്ടിപ്പരിപ്പും കിസ്മിസും തൂകി വിളമ്പാം.
(പാല്‍ പിരിഞ്ഞു പോകാതിരിക്കാൻ കുക്കര്‍ നന്നായി കഴുകിയിരിക്കാന്‍ ശ്രദ്ധിക്കണം. ഫുള്‍ ഫാറ്റ് പാല്‍ ഉപയോഗിച്ചില്ലെങ്കില്‍ പായസത്തിനു വേണ്ടത്ര രുചിയും കൊഴുപ്പും ഉണ്ടാവില്ല. ഏലക്ക പൊടിയും വറുത്ത നട്ട്സും കിസ്മിസും അമ്പലപ്പായസങ്ങളില്‍ പതിവില്ല. അതു നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. വലിപ്പം കൂടുതല്‍ ഉള്ള കുക്കറില്‍ ഉണ്ടാക്കുന്നതും നന്നാവും. മധുരം പോരെന്നു തോന്നുന്നവര്‍ കൂടുതല്‍ ചേർക്കുക. അമ്പലപായസം ഉണക്കലരി കൊണ്ടാണെങ്കിലും വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ പൊടിയരിയാണെങ്കില്‍ കുറച്ചു കൂടെ രുചി തോന്നാറുണ്ട്.)
തയാറാക്കിയത്: ശ്രീകല സുധാകരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.