വെജ്-ഫ്രൂട്ട് കോക്ടെയില്‍ പ്രഥമന്‍
text_fieldsപേരു പരിഷ്ക്കാരി ആണെങ്കിലും ആള് തനി നാടന്‍ പ്രഥമന്‍ തന്നെ. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ശർക്കരയും തേങ്ങാപ്പാലും ചേർത്ത് വിധി പ്രകാരം തയാറാക്കുന്ന പ്രഥമന്‍...
ചേരുവകള്‍:
- മത്തങ്ങ ഗ്രേറ്റ് ചെയ്തത്- 100 ഗ്രാം
- കാരറ്റ് ഗ്രേറ്റ് ചെയ്തത്-100 ഗ്രാം
- ഏത്തപ്പഴം അരച്ചത് -100 ഗ്രാം
- ഈത്തപ്പഴം അരച്ചത് -10 എണ്ണം
- പൈനാപ്പിള്‍ -100 ഗ്രാം (പൊടിയായി അരിഞ്ഞത്)
- നുറുക്ക് ഗോതമ്പ് -100 ഗ്രാം
- ശർക്കര- 500 ഗ്രാം
- തേങ്ങാ പാൽ-രണ്ടു തേങ്ങയുടെ
- തേങ്ങാ പൊടിയായി നുറുക്കിയത്- കാല്‍ മുറി
- ഷാഹി കശുവണ്ടി പരിപ്പ്- അമ്പത് ഗ്രാം
- ഷാഹി കിസ്മിസ്- അമ്പത് ഗ്രാം
- ചുക്ക്, വറുത്ത ജീരകം, ഏലക്ക (പൊടിച്ചത്) രണ്ട് ടേബിൾ സ്പൂൺ
- നെയ്യ്- പാകത്തിന്
തയാറാക്കുന്ന വിധം:
ആദ്യം ഗോതമ്പ് നുറുക്ക് വറുത്ത ശേഷം പ്രഷര്‍ കുക്കറില്‍ പാകത്തിന് വെള്ളം ചേർത്ത് വേവിച്ച് വെയ്ക്കാം. വറുത്തു വേവിച്ചാല്‍ കട്ട പിടിക്കുകയുമില്ല. സ്വാദ് കൂടുകയും ചെയ്യും. ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കി തണുക്കുമ്പോള്‍ തുണിയില്‍ അരിച്ചു മണ്ണും കല്ലും മാറ്റി വെക്കുക. തേങ്ങ ചിരകി മിക്സിയില്‍ അരച്ച് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക. രണ്ടും മൂന്നും പാല്‍ എടുക്കാന്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചാല്‍ നന്നാവും. ഉരുളി പോലെ ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് ചൂടായാല്‍ തേങ്ങാ നുറുക്ക് വറുത്തു മാറ്റുക. പിന്നെ കിസ്മിസും കശുവണ്ടി പരിപ്പും വറുത്ത് മാറ്റി വെയ്ക്കാം. ഇത്രയേറെ മൂപ്പിച്ച നെയ്യ് ഇനി ഭക്ഷണത്തില്‍ ചേർക്കുന്നത് നന്നല്ല. അതു മാറ്റി പാത്രം ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ച ശേഷം അൽപം പുതിയ നെയ്യൊഴിച്ച് കാരറ്റും മത്തങ്ങയും ഗ്രേറ്റ് ചെയ്തത് വഴറ്റുക.
പാകമായാല്‍ പിന്നാലെ പൊടിയായി അരിഞ്ഞ പൈനാപ്പിള്‍ വഴറ്റണം. അതും പാകമായാല്‍ ഏത്തപ്പഴം അരച്ചത് ചേർത്ത് വഴറ്റി ഈന്തപ്പഴം അരപ്പ് കൂടി ചേർത്ത് വഴറ്റുക. നന്നായി വെള്ളം വറ്റിയാല്‍ വേവിച്ചു വച്ച ഗോതമ്പ് നുറുക്ക് ചേർത്ത് നന്നായി വരട്ടുക. ഇനി അതിെൻറ മധുരം നോക്കിയ ശേഷം പാകത്തിന് ശർക്കര ചേർക്കാം. നന്നായി വരട്ടിയ ശേഷം മൂന്നാം പാല്‍ ഒഴിച്ച് നന്നായി ഇളക്കി വറ്റിക്കുക. പിന്നീടു രണ്ടാം പാല്‍ കൂടി ചേര്ത്ത് നന്നായി കുറുകുമ്പോള്‍ തീ അണക്കുക. ഇതിലേക്ക് ഒന്നാം പാല്‍ ചേർത്ത് നന്നായി ഇളക്കി ചുക്ക് -ജീരകം-ഏലക്ക മിശ്രിതം തൂകി ഇളക്കിച്ചേർത്ത് വറുത്ത ചേരുവകളും തൂകി വിളമ്പാന്‍ നേരം വരെ അടച്ചുവെക്കുക. (വറുത്ത ചേരുവകള്‍ അൽപം കുറഞ്ഞാലും കുഴപ്പമില്ല കേട്ടോ. അവസാനം തൂകുന്ന ചുക്ക് -ജീരകം- ഏലക്ക പൊടിയും സ്വന്തം താൽപര്യം അനുസരിച്ച് ചേർത്താൽ മതി)
തയാറാക്കിയത്: ഹേമ സോപാനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.