പുതിന ചിക്കൻ കറി
text_fieldsചിക്കന്‍കറിയുടെ പല വകഭേദങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരം മസാല മണത്തില്‍ നിന്നൊക്കെ മാറി തികച്ചും വ്യത്യസ്തമാണ് പുതിന ചിക്കന്‍ കറി. അധികം എരിവില്ലാത്തതിനാല്‍ കുട്ടികള്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെടും. വ്യത്യസ്തമായ രുചിയായതിനാല്‍ വീട്ടിലെത്തുന്ന അതിഥികള്‍ക്കും പുതിന ചിക്കന്‍കറി ഒരു പുതിയ അനുഭവമായിരിക്കും.
ആവശ്യമുള്ള സാധനങ്ങള്‍:
- ചിക്കന്‍ – 1 കിലോ
- സവാള – 1 വലുത്
- തക്കാളി – 1 വലുത്
- പച്ചമുളക് – 4
- കറിവേപ്പില – ഒരുതണ്ട്
- പുതിന – അര കപ്പ്
- മല്ലിയില അരിഞ്ഞത് – അര കപ്പ്
- ഇഞ്ചി – 1 ചെറുത്
- വെളുത്തുള്ളി – രണ്ട് അല്ലി
- ചിക്കന്‍ മസാലപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
- ഗരംമസാല – 1 ടീസ്പൂണ്‍
- തൈര് – അര കപ്പ്
- നാരങ്ങ നീര് – 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
- ചിക്കനില്‍ പുരട്ടിവെക്കാന്‍
- മഞ്ഞള്‍പ്പൊടി – കാല് ടീ സ്പൂണ്‍
- ചിക്കന്‍ മസാലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- കശ്മീരി മുളക്പൊടി – 1 ടീ സ്പൂണ്‍
- കുരുമുളക് പൊടി – അര ടീ സ്പൂണ്‍
- മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്– 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം തന്നെ ചിക്കന്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് ചേര്‍ത്ത് വെള്ളത്തില്‍ മുക്കിവെക്കുക. 10 മിനിറ്റിന് ശേഷം വെള്ളം കളഞ്ഞ് മാറ്റിവെക്കുക. ഇനി ഇതിലേക്ക് ചിക്കനില്‍ പുരട്ടിവെക്കാന്‍ മേല്പറഞ്ഞ മസാലകളെല്ലാം ചേര്‍ക്കുക. അതിനുശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു നോൺസ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അരപ്പുപിടിക്കാന് മാറ്റിെവച്ച ചിക്കന്‍ ചേര്‍ക്കാം.
പാനിലുള്ള അരപ്പുമായി ചിക്കന്‍ നന്നായി ഇളക്കി ചേര്‍ക്കുക. അടുത്തതായി നേരത്തേ അരച്ചുവെച്ചിരിക്കുന്ന പുതിന കൂട്ട് കൂടി ചേര്‍ത്ത് വഴറ്റാം. നേരത്തേ അരിഞ്ഞുവെച്ച തക്കാളി കൂടി ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ വഴറ്റാം. ഇതിലേക്ക് അല്പം തൈരും വെള്ളവും ഉപ്പും കൂടിയിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. അല്പസമയത്തിനുശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ഇനി ചെറുചൂടില്‍ അടച്ചുവെച്ച് 25 മിനിറ്റോളം വേവിക്കാം. അവസാനമായി ഇതിലേക്ക് ഗരംമസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളംചേര്‍ത്ത് ചാറ് കുറുകുന്നതുവരെ വേവിക്കാം. രുചികരമായ പുതിന ചിക്കന്‍കറി തയാര്‍.
തയാറാക്കിയത്: അജിനാഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.