എളുപ്പം ഉണ്ടാക്കാം ഈ പോളയും ഷേക്കും
text_fieldsകുട്ടിക്കാലത്തെ നോമ്പിനെക്കാൾ ഓർമയിൽ തങ്ങി നിൽക്കുന്നത് ഭർത്താവിന്‍റെ നാട്ടിലെ റമദാൻ കാലമാണെന്ന് പറയുന്നു ഷാലി. വടകര താഴെഅങ്ങാടി കോതി ബസാറിലെ നോമ്പുകാലം ഒരു പെരുന്നാൾ പോലെയായിരുന്നു. നോമ്പു കാലത്തെ അവിടത്തെ തിരക്കിൽ അലിഞ്ഞ്പ്രത്യേക വിഭവങ്ങൾ കഴിക്കുന്നതൊരു രസമായിരുന്നു. ഫ്രൂട്ട്സലാഡിനും ഫലൂദക്കും ഐസ്ക്രീം ഉപ്പിലിട്ടതിനുമൊക്കെ പ്രത്യേക രുചിയനുഭവം തന്നെ. പൈനാപ്പിളും കുക്കുമ്പറും കാരറ്റും മാങ്ങയും നെല്ലിക്കയുമൊക്കെ ഉപ്പിലിട്ടതിന് ഒരു പ്രത്യേക പേരുമുണ്ട് ഡോൾബി !
ഉമ്മ റാബിയ മുഹമ്മദ് ഉണ്ടാക്കുന്ന പത്തിരിയും ബീഫ് കറിയും ജീരകക്കഞ്ഞിയും തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പുകാല വിഭവം. മുഴപ്പിലങ്ങാട് സ്വദേശിയായ ഷാലി നൗഫൽ കിർദാറിന്‍റെ ഭാര്യയായി ഒമാനിൽ എത്തിയിട്ട് ഏഴു വർഷമായി. ബർക്കയിൽ താമസിക്കുന്ന ഇവർക്ക് രണ്ടു മക്കൾ. സെല്ല നസ്നീനും സിവ വാനിയയും. ഉമ്മയുടെ സ്വന്തം റെസിപ്പി ആയ ഈന്തപ്പഴം കൊണ്ടുള്ള പോളയും ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള തണ്ണിമത്തൻ ഷേക്കുമാണ് ഷാലി പറഞ്ഞു തരുന്നത്.
ഡേറ്റ്സ് പോള
ചേരുവകൾ:
- കുരു കളഞ്ഞ ഈത്തപ്പഴം -ഒരുകപ്പ്
- എണ്ണ -ഒരു കപ്പ്
- മുട്ട -മൂന്ന് എണ്ണം
- മൈദ -രണ്ട് സ്പൂൺ
തയാറാക്കുന്നവിധം:
കുരു കളഞ്ഞ ഈത്തപ്പഴം അരിഞ്ഞതും മുട്ടയും എണ്ണയും മിക്സിയുടെ വലിയ ബൗളിൽ നന്നായി അടിച്ച്മാവു പോലെ പാകപ്പെടുത്തുക. അതിലേക്കു രണ്ട്സ്പൂൺ മൈദ കൂടി ചേർത്ത് നന്നായി അടിച്ചാൽ പോളക്കുള്ള മാവ് റെഡി ആയി. ഇനി എണ്ണ പുരട്ടിയ നോൺസ്റ്റിക്ക്പാനിലോ പ്രഷർ കുക്കറിലോ ഒഴിച്ച് ചെറുതീയിൽ അടച്ചു വച്ച് വേവിച്ചെടുക്കാം. പ്രഷർ കുക്കറിൽ ആണെങ്കിൽ വെയിറ്റ് ഇടാതെ 20 മിനിറ്റ് വേവിക്കണം.
തണ്ണിമത്തൻ ഷേക്ക്
കുരു മാറ്റിയ തണ്ണിമത്തൻ കഷ്ണം ഗ്രേറ്റ് ചെയ്തത് ഫ്രീസറിൽ വച്ച് തണുപ്പിക്കുക. തണുത്ത ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ചെറുതായി ഒന്നു ബ്ലെൻഡ് ചെയ്തു സെർവിങ് ഗ്ലാസുകളിൽ പകരാം.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.