ചെമ്മീനിന്‍റെ രുചി നിറച്ചൊരു പത്തൽ
text_fieldsപെരിന്തൽമണ്ണ മാട്ടറയ്ക്കലുള്ള തറവാട്ടിലായിരുന്നു കുട്ടിക്കാലത്തെ നോമ്പുതുറകളെന്ന് ഷഹർബാനു പറയുന്നു. കുട്ടികൾക്കു പ്രത്യേക പരിഗണനയുണ്ടാവും. നോമ്പുതുറക്കുള്ള വിഭവങ്ങൾ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഉണ്ടാക്കുക. പഴംപൊരി, കോഴി നിറച്ചത്, ഉന്നക്കായ, സമൂസയൊക്കെ ഉണ്ടാവും. പഴംപൊരിച്ചതാണ് അന്നും ഇന്നും ഏറെ ഇഷ്ടം. തേങ്ങാ പ്പാലിൽ കുതിർത്തിയ നൈസ് പത്തിരി തേങ്ങ വറുത്തരച്ച കോഴിക്കറിയുമായി ചേർത്തു കഴിച്ചിരുന്നത് ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളമൂറും. പഴയ നാടൻ വിഭവങ്ങൾ അതേ രുചിയിൽ ഇവിടെയും ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
ഹരീസ് അടക്കം അറബ് വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. നാട്ടിലേതിനേക്കാൾ ഇവിടെ നോമ്പുതുറക്ക്കൂടുതൽ പഴങ്ങളും ഉൾപ്പെടുത്താറുണ്ട്. ഭർത്താവ് ഇസ്മായിലിനും മക്കളായ റിൻഷായ്ക്കും റിസ്വാനുമൊപ്പം ബുറൈമിയിൽ താമസിക്കുന്ന ബാനു വീട്ടിലേക്കു വേണ്ട പച്ചക്കറികളും കൃഷി ചെയ്തുണ്ടാക്കുന്നുണ്ട്. കോഴിയും കാടയും ഉള്ളത് കൊണ്ട് മുട്ടയും വേറെ വാങ്ങാറില്ല. രുചിയോടു കോംപ്രമൈസ് ചെയ്യാതെ തന്നെ ആരോഗ്യത്തിനു ഹിതകരമായി ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ബാനു പറഞ്ഞു തരുന്നത്, ചെമ്മീൻ മസാല നിറച്ച പത്തൽ.
ചേരുവകൾ:
- ചെമ്മീൻ -അരക്കിലോ
- സവാള -രണ്ടെണ്ണം (പൊടിയായി അരിഞ്ഞത്)
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-രണ്ട് ടീസ്പൂൺ
- പച്ച മുളക് -നാലെണ്ണം (പൊടിയായി അരിഞ്ഞത്)
- കറിവേപ്പില -രണ്ട്തണ്ട്
- മല്ലിയില അരിഞ്ഞത് -രണ്ടു ടീസ്പൂൺ
- ഷാഹി മുളകുപൊടി -ഒരു ടീസ്പൂൺ
- ഷാഹി മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- കുരുമുളകുപൊടി -കാൽ ടീസ്പൂൺ
- ജീരകംപൊടി -കാൽ ടീസ്പൂൺ
- അണ്ടിപ്പരിപ്പ് അരച്ചത് -രണ്ട്ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ -രണ്ട്ടീസ്പൂൺ
- അരി -ഒരു കപ്പ്
- തേങ്ങ -അരക്കപ്പ്
- ജീരകം -ഒരു ടീസ്പൂൺ
- ചെറിയ ഉള്ളി -കുറച്ച്
- വെള്ളം, ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
ചെമ്മീൻ കഴുകി വെള്ളം വാർന്ന ശേഷം അതിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത്വേവിച്ചെടുക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും മല്ലിയിലയുമൊക്കെ ചേർത്ത് നന്നായി വഴറ്റുക. പച്ച മണം മാറിയാൽ പൊടികളെല്ലാം ചേർത്ത് പാകമായാൽ അണ്ടിപ്പരിപ്പ് പേസ്റ്റും ഉപ്പും ചേർത്ത ശേഷം വേവിച്ച ചെമ്മീനിലിട്ട്മൂന്ന് മിനിട്ടു അടച്ചു വച്ച് വേവിക്കുക. പിന്നീട് മല്ലിയില തൂകിയാൽ പത്തലിനുള്ള മസാല റെഡി. അഞ്ചു മണിക്കൂർ കുതിർത്തിയ അരിതേങ്ങയും ചെറിയ ഉള്ളിയും ജീരകവും ചേർത്ത് കട്ടിയായി അരച്ചെടുക്കുക. പാകത്തിന് ഉപ്പു ചേർത്ത് വാഴയിലയിൽ പരത്തുക. ഇതിലേക്ക് ചെമ്മീൻ മസാല ഇട്ട ശേഷം മടക്കി അട പോലെയാക്കി ആവിയിൽ വച്ച് വേവിക്കുക.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.