കുട്ടിപ്പടക്ക് വിളമ്പാം ചിക്കന്‍ പാന്‍ പിസ
text_fieldsതിരുവനന്തപുരത്ത് വളർന്ന നിസക്ക് കാൽനൂറ്റാണ്ടായി റമദാനും നോമ്പുതുറയുമൊക്കെ ഒമാനിലാണ്. മൂത്ത രണ്ടു മക്കള്‍ ചെറുതായിരിക്കുമ്പോള്‍ ആണ് ഒമാന്‍ ജീവിതം തുടങ്ങുന്നത്. അന്നു വളരെ കുറച്ചു സുഹൃത്തുക്കളേ ഉണ്ടായിരുന്നുള്ളു. ക്രമേണ സുഹൃത്തുക്കളുടെ എണ്ണം കൂടി. തുടക്കത്തില്‍ തെക്കന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു നോമ്പുതുറക്ക് ഉണ്ടാക്കിയിരുന്നത്. പിന്നീട് വടക്കന്‍ വിഭവങ്ങള്‍ പഠിച്ചു. അതൊക്കെ മക്കൾക്കും ഇഷ്ടമായി തുടങ്ങി. ഒമാനില്‍ വന്ന ശേഷം ഒരു മകന്‍ കൂടി പിറന്നു.
ഭർത്താവ് ബഷീര്‍ ലൈര്‍ ഇലക്ട്രോ മെക്കാനിക്കല്‍ എൽ.എൽ.സി എന്ന കമ്പനി നടത്തുന്നു. അമിറാത്തില്‍ താമസിക്കുന്ന നിസയുടെ മൂത്ത മകന്‍ ജെസീമും രണ്ടാമത്തെയാള്‍ ജുബിനും ഒമാനിലും ദുബായിലുമായി ബിസിനസ് നോക്കി നടത്തുന്നു. മൂന്നാമന്‍ ജെഫിന്‍ ഡിഗ്രി വിദ്യാർഥിയാണ്. ജെസീം വിവാഹിതനാണ്. ഡോക്ടറായ മുന്നു സെയ്ന്‍ ആണ് ഭാര്യ. പിസ ഇഷ്ടമില്ലാത്ത കുട്ടികള്‍ കാണില്ലല്ലോ. ഇന്നു കുട്ടികൾക്കായി ഒരു ഹെൽത്തി ഹോം മെയിഡ് പാന്‍ പിസ ആകാം. ഉണ്ടാക്കാന്‍ എളുപ്പമുള്ളതുമാണ് ഇത്.
ചിക്കൻ പാന്‍ പിസ
ചേരുവകള്‍:
- ചിക്കന്‍ അരിഞ്ഞത് -200 ഗ്രാം
- സവാള -രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് ചെറുതായി അരിഞ്ഞത് -അഞ്ച്
- ടൊമാറ്റോ പേസ്റ്റ്ആക്കിയത്, വറ്റല്‍ മുളക് ചതച്ചത് -ഒരു സ്പൂണ്‍
- മൈദ -ഒരു കപ്പ്
- പാല് -മുക്കാൽ കപ്പ്
- വിർജിൻ ഒലീവ് ഓയിൽ -അര കപ്പ്
- മുട്ട -മൂന്ന്
- ബട്ടര്‍ -ഒരു സ്പൂണ്‍
- മല്ലിയില, ഉപ്പ് -ആവശ്യത്തിന്
- സോഡാപ്പൊടി -ഒരു നുള്ള്
തയാറാക്കുന്നവിധം:
പാന്‍ ചൂടാക്കിയ ശേഷം ബട്ടര്‍ ഇടുക. സവാളയും പച്ചമുളകും വഴറ്റുക. പച്ചമണം മാറിയാല്‍ ചതച്ച വറ്റല്‍ മുളകും ടൊമാറ്റോ പേസ്റ്റും ചേ ർക്കണം. ഈ കൂട്ട് കുറച്ചു വഴറ്റിയ ശേഷം പാകത്തിന് ഉപ്പും ചേർക്കുക. അരിഞ്ഞ ചിക്കനും ഇട്ടു രണ്ടു മിനിട്ടെങ്കിലും വഴറ്റുക. തീ അണച്ച ശേഷം മല്ലിയില ചേർത്തിളക്കുക. പാലും മൈദയും മുട്ടയും എണ്ണയും സോഡാപ്പൊടിയും ഉപ്പും ഒരു മിക്സിയുടെ വലിയ ബൗളിൽ എടുത്തു നന്നായി അടിച്ചു മാവ് ഉണ്ടാക്കുക. ഇനി അൽപം കുഴിയുള്ള പാന്‍ ചൂടാക്കി അൽപം ബട്ടര്‍ പുരട്ടിയ ശേഷം തയാറാക്കിയ മാവിന്‍റെ പകുതി ഒഴിക്കുക. ഇതിലേക്ക് തയാറാക്കിയ ചിക്കന്‍ കൂട്ട് നിരത്തുക. പിന്നീട് ബാക്കി മാവു മുകളില്‍ ഒഴിക്കുക. വട്ടത്തില്‍ മുറിച്ച ടൊമാറ്റോ കഷണങ്ങളും മല്ലിയിലയും മീതെ നിരത്തി പാന്‍ അടച്ചുവച്ച് ചെറിയ തീയില്‍ 20 മിനിട്ട് വേവിച്ചെടുക്കുക. തണുത്ത ശേഷം മുറിച്ചെടുക്കാം.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.