നവരത്നങ്ങള്‍ നിറച്ച കുറുമയുടെ രുചി തേടാം
text_fieldsമറക്കാനാകാത്ത ഒരു അമളിയാണ് ജസ്നയ്ക്ക് പറയാനുള്ളത്. അടുക്കളയിൽ പാചകപരീക്ഷണങ്ങൾ ചെയ്തു തുടങ്ങിയ കാലത്തെ ഒരു നോമ്പുതുറ ദിവസം. ഇത്താത്തയ്ക്കും കൂട്ടുകാരിക്കുമൊപ്പം നോമ്പ്തുറക്ക് അവക്കാഡോ ജ്യൂസ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. രണ്ടു ലിറ്റര്‍ പാലിൽ അവക്കാഡോ ജ്യൂസ് അടിച്ചു. കാണാൻ നല്ല ഭംഗി. പാകത്തിന് മധുരം ഉണ്ടോയെന്ന് നോക്കാൻ നാവിന്‍റെ തുമ്പത്ത് വച്ചപ്പോള്‍ ഞെട്ടിപ്പോയി. കയ്പക്ക ജ്യൂസിനേക്കാളും കയ്പ്പ്. നോമ്പ് തുറക്കാൻ മിനിറ്റുകൾ മാത്രം ബാക്കി.
ടെൻഷനടിച്ചു നിൽക്കുമ്പോഴാണ് വിരുന്നുകാരാരോ കൊണ്ടു വന്ന തണ്ണിമത്തൻ കണ്ണിൽപ്പെട്ടത്. അങ്ങനെ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കി നോമ്പുതുറക്കാന്‍ വന്നവരെ രക്ഷിച്ചു!. തൃശൂര്‍ മൂന്നു പീടിക സ്വദേശിയായ ജസ്നയുടെ ഭർത്താവ് ഷഫീക്ക് ഐ.ടി കൺസൾട്ടൻറ് ആണ്. മക്കൾ ഐ.എസ്.എം വിദ്യാർഥികളായ ആഖിബ് ഷെഹ്സാദും, കെൻസ ഇൻഷിറയും. ഇന്ന് ഒരു പഴം പച്ചക്കറി കൂട്ടാന്‍ ആവാം. വടക്കേ ഇന്ത്യന്‍ രുചികള്‍ പരിചയപ്പെടുത്തുന്ന റെസ്റ്റോറൻറുകളിൽ നിന്നും നമ്മള്‍ കഴിക്കാറുള്ള നവരത്ന കുറുമ.
ചേരുവകള്‍:
- ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കോളിഫ്ലവർ (പച്ചക്കറികൾ എല്ലാം കൂടെ) -ഒരു കപ്പ്
- മുന്തിരി, ആപ്പിൾ, പൈനാപ്പിൾ (പഴങ്ങൾ എല്ലാം കൂടെ) -ഒരു കപ്പ്
- അണ്ടിപ്പരിപ്പ് വറുത്തത് -15 എണ്ണം നെടുകെ പിളർന്നത്
- മാതളനാരങ്ങ -ഒരു പിടി
- സവാള -രണ്ട്
- പച്ചമുളക് -മൂന്ന്എണ്ണം
- ഇഞ്ചി ചതച്ചത് -അര സ്പൂൺ
- 12 മുതൽ 15 വരെ അണ്ടിപ്പരിപ്പ് കുതിർത്തി അരച്ചത്
- പട്ട, ഗ്രാമ്പു, ഏലക്ക -രണ്ടുവീതം
- ബേ ലീഫ് -ഒന്ന്
- മഞ്ഞൾപൊടി -കാൽ സ്പൂൺ
- കുരുമുളക് പൊടി -കാൽ സ്പൂൺ (വെളുത്ത കുരുമുളക് പൊടിയാണ് നല്ലത്)
- ജീരകപ്പൊടി, ഉപ്പ്, തേങ്ങാ പാൽ -ഒരു കപ്പ്
തയാറാക്കുന്ന വിധം:
പച്ചക്കറികൾ കുറച്ചു വെളളം ഒഴിച്ച് ഉടഞ്ഞു പോകാതെ വേവിക്കുക. ഒരു പാൻ വെച്ച് പട്ട, ഏലക്ക, ഗ്രാമ്പൂ, ബേലീഫ് ഇട്ടു മൂക്കുമ്പോൾ സവാള ഇട്ടു കൊടുക്കുക. വഴന്നു വരുമ്പോൾ പച്ചമുളകും ഇഞ്ചി ചതച്ചതും മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു വഴറ്റുക. ഇനി പഴങ്ങളും, വേവിച്ച പച്ചക്കറികളും, കുരുമുളക് പൊടിയും ചേർത്തു തിളപ്പിക്കുക. നന്നായി തിളച്ച ശേഷം അണ്ടിപ്പരിപ്പ് അരച്ചതും, തേങ്ങാ പ്പാലും, വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ചേർത്തു തിളപ്പിക്കുക. തീ ഓഫ് ചെയ്തു അല്പം ജീരകപ്പൊടി തൂകി മാതള നാരങ്ങ ഇട്ടു ഇളക്കി മല്ലിയിലയോ കറിവേപ്പിലയോ ചേർത്തു ഇറക്കാം.
തയാറാക്കിയത്: ഹേമ സോപാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.