തിരൂര്‍ സ്പെഷല്‍ കല്ലുമ്മക്കായ ദം ബിരിയാണി
text_fieldsചേരുവകൾ:
- കല്ലുമ്മക്കായ: 250 ഗ്രാം
- ബിരിയാണി അരി: 250 ഗ്രാം
- ബിരിയാണി നെയ്യ്: 100 ഗ്രാം
- ബട്ടർ: 100 ഗ്രാം
- വെളിച്ചെണ്ണ: 100 ഗ്രാം
- വലിയ ഉള്ളി: 150 ഗ്രാം
- തക്കാളി: 100 ഗ്രാം
- ഇഞ്ചി: 50 ഗ്രാം
- വെളുത്തുള്ളി: 50 ഗ്രാം
- കറിവേപ്പില: ആവശ്യത്തിന്
- പുതിനയില: ആവശ്യത്തിന്
- മല്ലിയില: ആവശ്യത്തിന്
- ഉപ്പ്: ആവശ്യത്തിന്
- മല്ലിപ്പൊടി: 1/4 ടീ സ്പൂൺ
- മുളകുപൊടി: 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി: 1/4 ടീ സ്പൂൺ
- കുരുമുളകുപൊടി: 1/2 ടീ സ്പൂൺ
- ഗരംമസാലപ്പൊടി (ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്കായ എന്നിവ വറുത്തു പൊടിച്ചത് ): 1/2 ടീ സ്പൂൺ
- അണ്ടിപ്പരിപ്പ്: 50 ഗ്രാം
- ഉണക്കമുന്തിരി: 50 ഗ്രാം
- ചെറുനാരങ്ങ: ഒന്ന്
തയാറാക്കുന്ന വിധം:
കല്ലുമ്മക്കായ തോടുകളയാനായി നന്നായി കഴുകി വൃത്തിയാക്കി വേവിക്കുക. ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ഗരം മസാലപ്പൊടി, അൽപം നാരങ്ങ നീര് എന്നിവ ചേരുന്ന മസാല തോട് കളഞ്ഞു വൃത്തിയാക്കിയ കല്ലുമ്മക്കായയിൽ നന്നായി തേച്ചുപിടിപ്പിക്കുക.
അരി ആദ്യമേ വെള്ളത്തിൽ കുതിർത്തുവെക്കുക. ബിരിയാണി മസാല തയാറാക്കുന്നതിനായി ഒരു പാത്രത്തിൽ നെയ്യൊഴിച്ച് വലിയ ഉള്ളി നന്നായി വഴറ്റിയെടുക്കുക. പെെട്ടന്ന് വഴന്നുകിട്ടുന്നതിനായി ആദ്യമേ മസാലക്കാവശ്യമായ ഉപ്പുചേർക്കാം. അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ചെറുതായരിഞ്ഞ തക്കാളി, പച്ചമുളക്, മല്ലിയില, പുതിനയില, കറിവേപ്പില, മല്ലിപ്പൊടി, മഞ്ഞൾ പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ആദ്യം മസാല തേച്ചുവെച്ച കല്ലുമ്മക്കായ എടുത്ത് അൽപം ബട്ടറും വെളിച്ചെണ്ണയും ഒഴിച്ച് പൊരിച്ചെടുക്കുക. ഇത് ബിരിയാണി മസാലയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമായ നെയ്യ് ചേർക്കുക. ശേഷം കുരുമുളകു പൊടി, ഗരംമസാലപ്പൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം അടച്ചു വെക്കുക. ആദ്യം വെള്ളത്തിൽ കുതിർത്തു വെച്ച റൈസ് എടുത്ത് ഒരു ചെമ്പിൽ വെള്ളംവെച്ച് തിളച്ചുവരുമ്പോൾ ചേർക്കുക. കൂടെ ഉപ്പും അൽപം മഞ്ഞൾപൊടിയും ചോറു കട്ടകെട്ടാതിരിക്കാനായി കുറച്ച് ഓയിലും ചേർക്കുക. ചോറ് മുക്കാൽ വേവാകുമ്പോൾ വാർത്തെടുക്കുക.
ഉണ്ടാക്കിവെച്ച മസാലയുടെ മുകളിൽ ചോറ് നിരത്തുക. അതിനു മുകളിൽ ഗരംമസാലപ്പൊടി, നെയ്യിൽ മൂപ്പിച്ചെടുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, വലിയ ഉള്ളി, ചെറുതായരിഞ്ഞ മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ വിതറിയിടുക, അതിനു മുകളിലായി അൽപം നെയ്യൊഴിക്കുക, ബിരിയാണി ദമ്മാവാനായി പാത്രം നന്നായി അടച്ചുവെച്ച് മുകളിൽ എന്തെങ്കിലും കനം വെക്കുക, ചെറിയ തീയിൽ 20 മിനിറ്റ് വെക്കുക. അത് കഴിഞ്ഞു തുറക്കുക. കല്ലുമ്മക്കായ ദം ബിരിയാണി റെഡി.
തയാറാക്കിയത്: സെയ്ദ അബ്ദുല്‍ സലാം, തിരൂർ, മലപ്പുറം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.