വിജയംതൊട്ട് അജയ; വീട്ടമ്മയിൽനിന്ന് ഓട്ടക്കാരിയിലേക്ക്..അപൂർവതകളിൽ ഈ ‘മാരത്തോൺ ദമ്പതികൾ’
text_fieldsനടത്തവും ഓട്ടവുമൊന്നും അജയയുടെ അജണ്ടകളിലേ ഇല്ലായിരുന്നു. വീട്ടിലൊതുങ്ങിയ ജീവിതത്തിൽ അതൊന്നും അജയയുടെ മുൻഗണനകളിൽ കടന്നുവന്നിരുന്നില്ല. കേദാർനാഥിലേക്ക് സഹപാഠികൾക്കൊപ്പം ഒരു യാത്രപോവാൻ ആഗ്രഹിച്ചപ്പോൾ ‘മുന്നൊരുക്ക’ങ്ങളുടെ ഭാഗമായാണ് ഈ വീട്ടമ്മ ഓടാനിറങ്ങിയത്. മലകയറ്റത്തിന് അൽപം ആയാസം എന്നതുമാത്രമേ അപ്പോൾ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ, ആഗ്രഹിച്ച യാത്ര കോവിഡിനിടയിൽപെട്ട് മുടങ്ങിയെങ്കിലും ഓട്ടത്തിന്റെ വഴികളിൽനിന്ന് തിരിഞ്ഞുനടക്കാൻ ആ 54കാരി താൽപര്യപ്പെട്ടില്ല. ഓട്ടത്തെ ഗൗരവമായെടുത്തതോടെ പുതിയ ഫിനിഷിങ് പോയന്റുകൾ മനസ്സിൽ സെറ്റ് ചെയ്തു. കേരളത്തിലെ വെറ്ററൻ മാരത്തോൺ താരങ്ങളിലൊരാളായി ചുരുങ്ങിയ കാലം കൊണ്ട് അജയ മാറുകയായിരുന്നു ആ നിശ്ചയ ദാർഢ്യത്തിന്റെ ഫലം. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വെറ്ററൻ റണ്ണറായി മാറിയ ഭർത്താവ് നളിനാക്ഷൻ കിഴക്കേടത്ത് നിറഞ്ഞ പ്രചോദനവുമായി ഒപ്പമോടിയപ്പോൾ ‘മാരത്തോൺ ഓട്ടക്കാരായ ദമ്പതികൾ’ എന്ന അപൂർവ വിശേഷണമാണ് ഇവരുടെ ജീവിതത്തിനൊപ്പം ചേർന്നത്.
കൊച്ചിൻ ഷിപ്പ് യാർഡിൽനിന്ന് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച നളിനാക്ഷനും ഭാര്യ അജയയും മാരത്തൺ ഓട്ടക്കാരായി മാറിയത് അടുത്ത കാലത്താണ്. കോഴിക്കോട് സ്വദേശികളാണ് ഇരുവരും. ജോലിയുടെ ഭാഗമായി കൊച്ചിയിലായിരുന്നു താമസം. അജയ 2020ലാണ് സ്കൂളിലെ സഹപാഠിക്കൂട്ടായ്മക്കൊപ്പം കേദാർനാഥിലേക്ക് യാത്ര പോവാൻ തീരുമാനിച്ചത്. അതിനുള്ള തയാറെടുപ്പിനായി നടത്തം തുടങ്ങിയത് ആ വർഷം ഫെബ്രുവരിയിൽ. ഇതിനിടയിൽ കോവിഡ് വന്നതോടെ കേദാർനാഥ് യാത്രയെന്ന മോഹം പൊലിഞ്ഞെങ്കിലും ഓട്ടം മുമ്പോട്ടേക്കുതന്നെയായിരുന്നു. കൊച്ചിയിലെ ‘പനമ്പിള്ളി നഗർ റണ്ണേഴ്സി’ന്റെ കൂടെ ഓട്ടം സജീവമായി തുടർന്നു. മത്സരങ്ങളിലൊക്കെ പങ്കെടുത്തുനോക്കാമെന്ന ആത്മവിശ്വാസവും അത് പകർന്നുനൽകി. എന്നാൽ, ലോക്ഡൗൺ കാരണം ആ സമയത്ത് മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2021ലെ ‘മലപ്പുറം മാരത്തോണി’ൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ച് ഓടാനിറങ്ങിയത്. തുടർന്ന് ഇതുവരെ പല വേദികളിലും മാറ്റുരച്ചു, മിടുക്കും തെളിയിച്ചു.
മുംബൈ മാരത്തോൺ, ഹൈദരാബാദ് മാരത്തോൺ, ഡൽഹി മാരത്തോൺ, വാഗമൺ ട്രെയിൽ റൺ, സ്പൈസ്കോസ്റ്റ് മാരത്തോൺ, അഹമ്മദാബാദ് മാരത്തോൺ, ബംഗളൂരു മാരത്തോൺ, ചെന്നൈ മാരത്തോൺ, കോയമ്പത്തൂർ മാരത്തോൺ തുടങ്ങി ഇന്ത്യയിലെ പല അറിയപ്പെടുന്ന മത്സരങ്ങളിലും പങ്കെടുത്ത് നളിനാക്ഷൻ വിജയിയായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തോൺ ആയ മുംബൈ മാരത്തണിൽ 2023ൽ ഒന്നാം സ്ഥാനവും 2024ൽ രണ്ടാം സ്ഥാനവും ലഭിച്ചു.
2022 ജൂൺ 30ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച നളിനാക്ഷൻ കൊച്ചി പനമ്പിള്ളി നഗറിൽ നിന്നും 2022 ജൂലൈ രണ്ടിന് ഫറോക്ക് ചുങ്കത്തിനടുത്ത വീട്ടിലേക്ക് 168 കിലോമീറ്റർ ഓടിയെത്തിയത് വലിയ വാർത്തയായിരുന്നു. ജൂലൈ മൂന്നിനാണ് ഫറോക്കിൽ എത്തിയത്.
അജയ നേരത്തേ, മുംബൈ മരത്തോണിലും മൂന്നാർ മാരത്തോണിലും 42 കി.മീ ഫുൾ മാരത്തോൺ ഇനത്തിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന മിക്ക മരത്തോണുകളിലും ദമ്പതികൾ പങ്കെടുക്കുന്നു. കൊല്ലം മാരത്തോൺ, കോവളം മാരത്തോൺ, പൊൻമുടി മാരത്തോൺ, കൊച്ചി മാരത്തോൺ, കുട്ടനാട് മാരത്തോൺ, ആലപ്പുഴ ബീച്ച് റൺ, വൈറ്റ് സ്കൂൾ ഇന്റർനാഷനൽ മാരത്തോൺ എന്നിവയിലും അജയ വിജയിയായിട്ടുണ്ട്.
കോഴിക്കോട് ഈയിടെ ലോക അവയവദാന ദിനത്തോടനുബന്ധിച്ച് മെയ്ത്ര ഹോസ്പിറ്റൽ റോയൽ റണ്ണേഴ്സ് ക്ലബ് കാലിക്കറ്റ് സംഘടിപ്പിച്ച ‘ഓർഗൻ ഡോണേഷൻ അവയർനെസ് റണ്ണിൽ’ അജയയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയുടെ പരിപാടിയിൽ നളിനാക്ഷനായിരുന്നു മുഖ്യാതിഥി. വിജയിയായ ഭാര്യ, മുഖ്യാതിഥിയായ ഭർത്താവിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന കൗതുകകരമായ മുഹൂർത്തത്തിനും ആ മത്സരവേദി സാക്ഷ്യംവഹിച്ചു.
ഞായറാഴ്ച നടന്ന ഹൈദരാബാദ് മാരത്തോണിലും ദമ്പതികൾ ഓടാനിറങ്ങി. നളിനാക്ഷൻ 42 കി.മീ ഫുൾ മാരത്തോണിൽ മാറ്റുരക്കുമ്പോൾ അജയ 21കി.മീ ഹാഫ് മാരത്തണിലാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.