കിളികളെ കണ്ടുപഠിക്കാം
text_fieldsപ്രായമായവരിൽ ചിലരുടെയെങ്കിലും ജീവിതം സംഘർഷം നിറഞ്ഞതാവാൻ കാരണം ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറാൻ കൂട്ടാക്കാത്തതാണ്. വീട്ടുകാര്യങ്ങൾ മക്കളെയും മരുമക്കളെയും ഏൽപിച്ച് സ്വസ്ഥമായിരിക്കാനാണ് ശ്രമിക്കേണ്ടത്. പ്രകൃതിയിലേക്ക് നോക്കിയാൽ ഇക്കാര്യം മനസ്സിലാവും. കുട്ടികൾ പറക്കമുറ്റിയാൽ കൊത്തിയോടിച്ച് സ്വന്തം ജീവിതം ഇഷ്ടംപോലെ ജീവിച്ചുതീർക്കാനാണ് കിളികൾ ശ്രമിക്കുന്നത്. അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പുതുതലമുറക്ക് കൈമാറി അവരെ ജീവിതത്തിൽ സ്വയംപര്യാപ്തരാക്കാനാണ് ശ്രമിക്കേണ്ടത്. ഒരുദിവസം ജീവിതം അവസാനിച്ചുപോയാലും പിന്തുടർച്ചക്കാരായ വ്യക്തികൾക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഇതാവശ്യമാണ്.
പാലം പണിയാം.. ജനറേഷൻ ഗ്യാപ്പിനിടയിൽ
തലമുറകൾക്കിടയിലെ വിടവ് അഥവാ ജനറേഷൻ ഗ്യാപ് ആണ് പ്രായമായവരുടെ സ്വസ്ഥത കെടുത്തുന്ന മറ്റൊരു കാര്യം. പ്രായമായവരെല്ലാം പിന്തിരിപ്പന്മാരാണെന്നും പുതിയ കാര്യങ്ങളൊന്നും അവർക്ക് മനസ്സിലാവില്ലെന്നും പുതിയ തലമുറയിൽപ്പെട്ടവർ കരുതുമ്പോൾ പ്രായമായവർ കരുതുന്നത് പുതിയ തലമുറയിൽപ്പെട്ടവർ തീരെ ഉത്തരവാദിത്തമില്ലാത്തവരും കാര്യങ്ങൾ കൃത്യതയോടെ ചെയ്യാൻ കഴിവില്ലാത്തവരുമാണെന്നാണ്.
ഈ രണ്ട് ചിന്തകളും മുൻധാരണകളിൽ നിന്ന് ഉണ്ടാവുന്നതാണ്. ആശയവിനിമയത്തിലൂടെ സൗമ്യമായി കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന ഒരു പ്രശ്നം മാത്രമാണിത്. ഇതിന് ഇരുതലമുറയിൽപ്പെട്ടവരും മുന്നോട്ടുവരേണ്ടതുണ്ട്.
കുഴിയിലേക്ക് കാല് നീട്ടേണ്ടതില്ല
കാഴ്ചക്കുറവ്, കേൾവിക്കുറവ്, സന്ധികളിലെ വേദനകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ പ്രായമായവർ നേരിടേണ്ടതുണ്ട്. യന്ത്രത്തിന് തേയ്മാനം എന്നപോലെ സാധാരണ കാര്യമാണിത്. എന്നാൽ, പലരും അലസതകൊണ്ടും മടികൊണ്ടും പ്രായമായി എന്ന യാഥാർഥ്യം അംഗീകരിക്കാനുള്ള വിമുഖതകൊണ്ടും കൃത്യസമയത്ത് ചികിത്സയെടുക്കില്ല. തുടക്കത്തിൽത്തന്നെ നിസ്സാരമായ ചികിത്സകൾകൊണ്ട് മാറ്റിയെടുക്കാവുന്ന രോഗങ്ങളെ ഒരിക്കലും ഗുരുതരമാവാൻ അനുവദിക്കരുത്.
ആഹാര കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിക്കണം. പ്രായത്തിനനുസരിച്ച് ദഹിക്കാൻ എളുപ്പമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ ആഹാരം കൃത്യസമയത്ത് ആവശ്യത്തിനുമാത്രം കഴിക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.
വ്യായാമങ്ങളിലൂടെ ശരീരത്തിന്റെ പ്രവർത്തനശേഷി നിലനിർത്തുകയും വേണം. നേരത്തെ ഉറങ്ങി, നേരത്തെ ഉണർന്ന് പ്രാർഥന, യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങൾക്കുശേഷം ഊർജസ്വലതയോടെ ദിവസത്തെ സ്വാഗതം ചെയ്യാൻ കഴിയണം.
കോപം കുറക്കാം, ചിരി കൂട്ടാം
പ്രായമായവരിൽ ചിലരെങ്കിലും ക്ഷിപ്രകോപികളായി കാണാറുണ്ട്. ശരീരത്തിന്റെ അവശതകളും മറ്റുള്ളവരുടെ അവഗണനയുമാണ് ഒരു കാരണം. ഈ ദേഷ്യഭാവം കൂടുതൽ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുപോവുക. ഇടക്കിടക്ക് ദേഷ്യപ്പെട്ട് രക്തസമ്മർദം കൂട്ടിയാൽ ശാരീരികാവസ്ഥയെ പ്രതികൂലമായി ബാധിക്കും.
കൂടാതെ ഈ സ്വഭാവം പരിചരിക്കാനും ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമായി മുന്നോട്ടുവരുന്നവരെ നിരാശപ്പെടുത്തുകയും അവരിൽനിന്ന് ലഭിക്കേണ്ടത് നഷ്ടപ്പെടുത്തുകയും ചെയ്യും. കഴിയുന്നത്ര മനസ്സിനെ സന്തോഷപ്രദമാക്കി സൂക്ഷിക്കുകയും ചിരിയോടെ സമൂഹത്തോട് വളരെ പോസിറ്റിവായി ഇടപെടുകയും വേണം. സ്നേഹം നൽകിയാൽ ഇരട്ടിയായി തിരിച്ചുകിട്ടും എന്നകാര്യം ഓർക്കുക.
രോഗങ്ങൾ നേരത്തെയറിയാം; പ്രതിരോധിക്കാം
രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാനും സൂചനകളുടെ അടിസ്ഥാനത്തിൽ അവ വരാതെ നോക്കാനുമുള്ള മാർഗമാണ് ആരോഗ്യ പരിശോധന അഥവാ ഹെൽത്ത് ചെക്കപ്. മുൻകാലങ്ങളിൽ 40 വയസ്സ് കഴിയുമ്പോഴായിരുന്നു ഡോക്ടർമാർ ഹെൽത്ത് ചെക്കപ് നിർദേശിച്ചിരുന്നതെങ്കിൽ അടുത്ത കാലത്തായി 25 വയസ്സുമുതൽ തന്നെ നിർദേശിക്കുന്നു.
ചെറുപ്പക്കാരും മധ്യവയസ്സിലുള്ളവരും മൂന്നുവർഷം കൂടുമ്പോഴാണ് പരിശോധിക്കേണ്ടതെങ്കിൽ 50 കഴിഞ്ഞവർ വർഷന്തോറും ചെയ്യുന്നതാണ് ഉത്തമം. പ്രായം, ശരീര ഭാരം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് ഏതെല്ലാം പരിശോധനകളാണ് നടത്തേണ്ടതെന്ന് ഡോക്ടർ നിർദേശിക്കും. രക്തപരിശോധനയിൽ ഹീമോഗ്ലോബിൻ, രക്തത്തിലെ വെളുത്തതും ചുവന്നതുമായ അണുക്കളുടെ തോത്, ആഹാരത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, മൂന്നുമാസത്തെ ശരാശരി ഗ്ലൂക്കോസിന്റെ അളവ്, നല്ലതും ചീത്തയുമായ കൊളസ്ട്രോളിന്റെ അളവ് തുടങ്ങിയവയാണ് കണ്ടെത്തുക. ഇവക്കുപുറമെ സോഡിയം, പൊട്ടാസ്യം എന്നിവയുടെയും തൈറോയ്ഡ് ഹോർമോണിന്റെയും അളവുകളും പരിശോധനക്ക് വിധേയമാക്കും. അടുത്തകാലത്തായി വൈറ്റമിൻ-ഡി യുടെ അളവും സസ്യാഹാരികളിൽ വൈറ്റമിൻ-ബി12 ഉം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
50 വയസ്സിന് മുകളിലുള്ള പുരുഷന്മാർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അവസ്ഥ അറിയാനായി പി.എസ്.എ ടെസ്റ്റ് നടത്തേണ്ടതുണ്ട്. കൂടാതെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനക്ഷമതയും ഹൃദയാരോഗ്യവും പരിശോധിക്കും.
സ്ത്രീകൾക്ക് സ്തനാർബുദ, ഗർഭാശയ അർബുദ സാധ്യത പരിശോധിക്കാറുണ്ട്. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, സ്ത്രീകളിലെ ഗർഭാശയ മുഴകൾ, ഫാറ്റി ലിവർ, പിത്താശത്തിലെയും വൃക്കകളിലെയും കല്ല് തുടങ്ങിയവ കണ്ടെത്തുന്നതിനായി വയറിന്റെ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തേണ്ടിവരും. മൂത്രപരിശോധനയിൽ മൂത്രത്തിലെ പഞ്ചസാര, പ്രോട്ടീൻ, ബിലിറുബിൻ, രക്തസാന്നിധ്യം, നൈട്രേറ്റുകൾ, കെറ്റോൺ ബോഡികൾ, മൂത്രത്തിലെ പഴുപ്പ്, ഏതെങ്കിലും തരത്തിലുള്ള കോശങ്ങളുടെ സാന്നിധ്യം എന്നിവയാണ് പരിശോധിക്കുക.
(കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.