അടയാളപ്പെടുത്തുന്ന കാലം: ഉണ്ണിയുടെ ആർക്കൈവ്സ്
text_fieldsഎടപ്പാൾ: ഒരു കാലഘട്ടത്തെ ദൃശ്യങ്ങൾ അടയാളപ്പെടുത്തുകയാണ് ചങ്ങരംകുളം പന്താവൂർ സ്വദേശിയായ എ.വി.എം ഉണ്ണി. വിഡിയോ കാമറകൾ വലിയ പ്രചാരമില്ലാതിരുന്ന കാലഘട്ടത്തിലെ അപൂർവ ദൃശ്യ ശേഖരമാണ് തലാപ്പിൽ മുഹമ്മദ് എന്ന എ.വി.എം ഉണ്ണിയുടെ കൈവശമുള്ളത്. എ.വി.എം ഉണ്ണി ആർക്കൈവ്സ് എന്ന പേരുള്ള പഴയകാല വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്.
പ്രവാസിയായിരുന്ന ഉണ്ണി 1980-90 കാലഘട്ടത്തിൽ മമ്മൂട്ടി ഉൾപ്പെടെ, പ്രമുഖ നടന്മാരുമായും രാഷ്ട്രീയ, മത നേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. നടൻ ജയറാം, കലാഭവൻ മണി എന്നിവരുടെ അഭിമുഖം, പ്രേംനസീർ, യേശുദാസ്, കുഞ്ഞുണ്ണി മാഷ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി ചെറുപ്രായത്തിലെ ദുൽഖർ സൽമാന്റെ ദൃശ്യങ്ങൾ വരെയുണ്ട്. ഇതിനു പുറമെ 80-90 കളിലെ വിവിധ തെരഞ്ഞെടുപ്പുകൾ, ചമ്രവട്ടം മേഖലയിലെ കൊയ്ത്തുത്സവ പാട്ട്, തൃശൂർ പാവറട്ടി ചന്ദകുടം നേർച്ച, വയനാട് താമരശ്ശേരി ചുരം എന്നിങ്ങനെ ദൃശ്യ ശേഖരങ്ങളുടെ പട്ടിക നീളും.
സിനിമക്കാരനാവാൻ മദ്രാസിൽ അലഞ്ഞ് തിരിഞ്ഞ് ഒടുവിൽ വിദേശത്തേക്ക് പോകേണ്ടി വന്ന ഉണ്ണി സിനിമക്കാരുടെ അനുഭവങ്ങൾ ചിത്രീകരിച്ച് ആത്മനിർവൃതിയടഞ്ഞു. ഉമ്മ വീടായ തൃശൂർ പാവറട്ടിയിലായിരുന്നു ജനനവും പഠനവും. ചെറുപ്പത്തിലെ നാടകത്തിൽ കമ്പം കയറി പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. പല അമേച്വർ നാടകത്തിലും നടനായി വേഷമിട്ടു.
ഇതിനിടെയാണ് സിനിമക്കാരനാവൻ മദ്രാസിൽ എത്തുന്നത്. കുറച്ച് കാലം അലഞ്ഞ് തിരിഞ്ഞെങ്കിലും ആഗ്രഹങ്ങൾ എവിടെയുമെത്തിയില്ല. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഖത്തറിലേക്ക് പോയി. മിനിസ്റ്ററി ഓഫ് ഇലക്ട്രിസിറ്റിയിലായിരുന്നു ജോലി. ഒരു വർഷത്തിനകം സുഹൃത്തുകളിൽ നിന്ന് കാമറ ഉപയോഗം പഠിച്ചെടുത്തു. തുടർന്ന് 81ൽ ആദ്യമായി നാഷനൽ കമ്പനിയുടെ കാമറ സ്വന്തമാക്കി. വിദേശത്ത് നടന്മാരുടെ പരിപാടി നടത്തുന്ന സ്പോൺസന്മാരെ കണ്ടെത്തി ഒരോ അഭിമുഖങ്ങളും ഒപ്പിച്ചെടുത്തു. അമിത ഡ്യൂട്ടി കൊടുത്ത് കാമറ നാട്ടിൽ എത്തിച്ചാണ് കേരളത്തിലെ വിവിധ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പ്രവാസ ജീവിതത്തിനിടെ സാംസ്കാരിക കൂട്ടായ്മകളുടെ നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സലാം കൊടിയത്തൂർ സംവിധാനം ചെയ്ത ഹോം സിനിമകളിൽ അഭിനയിച്ച് തുടങ്ങിയപ്പോളാണ് ഉണ്ണിയുടെ കഴിവിനെ കൂടുതൽ പേർ അറിഞ്ഞത്. 2019 നാട്ടിലെത്തിയ ഉണ്ണി പിന്നെ തിരിച്ചു പോയില്ല. കോവിഡ് സമയത്തെ ആലോചനയാണ് യു ട്യൂബ് ചാനലിന് പിറവി കൊണ്ടത്.
വി.എച്ച്.എസ് ഫോർമാറ്റിൽ ചിത്രീകരിച്ച ചില വിഡിയോകൾ വിദേശത്ത് വെച്ചുതന്നെ ഡിജിറ്റലാക്കിയിരുന്നു. നാട്ടിൽ വച്ച് മറ്റു ദൃശ്യങ്ങൾ കൂടി ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റി. ഇപ്പോൾ തന്റെ സ്വദേശമായ പന്താവൂരിനെക്കുറിച്ച് പഴയ, പുതിയ കാല ദൃശ്യങ്ങൾ കോർത്തിണക്കി ഡോക്യുമെന്ററിയും, കെ.വി.എം മുഹമ്മദിനെക്കുറിച്ചുളള ഡോക്യുമെന്ററിയും തയ്യാറാക്കുന്ന പണിപ്പുരയിലാണ്. ഇതോടൊപ്പം 64 വയസ്സിലും ഡിജിറ്റൽ കാമറയുമായി ദൃശ്യങ്ങൾ ചിത്രീകരിക്കാനും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.