ഒരു കൈപ്പിടി ഉപ്പിന്റെ വില...
text_fieldsഈജിയൻ തീരത്തെ ഗ്രീക്ക് പട്ടണത്തിൽ ധനിക കോളനിയായ ആ കുന്നിൻചെരുവിലായിരുന്നു അതിധനവാൻമാരായ വൃദ്ധ ദമ്പതികളുടെ വീട്. വയോധിക തങ്ങളുടെ അയൽപക്കത്തെ വീട്ടമ്മയോട് ഇടക്കിടെ ഉപ്പ് ചോദിക്കും. നീലയും വെളുപ്പും നിറമുള്ള മതിലിനു മുകളിൽകൂടി അയൽപക്കകാരി സന്തോഷത്തോടെ കൈപ്പിടി ഉപ്പ് കൈമാറുകയും ചെയ്യും. ഇടക്കിടെ ഇങ്ങനെ കണ്ടപ്പോൾ, പരിചാരിക യജമാനയോട് ചോദിച്ചു, ‘‘ഉപ്പു മുതൽ എല്ലാ സാധനങ്ങളും ഇവിടെത്തന്നെയുണ്ടല്ലോ? പിന്നെന്തിനാ, അയൽക്കാരിയുടെ ഒരു നുള്ള് ഉപ്പ്. അവരാണെങ്കിൽ ഒരു വിധപ്പെട്ട സാധനങ്ങൾക്കെല്ലാം ഇവിടെ വരുകയും താങ്കൾ സന്തോഷത്തോടെ അതെല്ലാം കൊടുക്കുകയും ചെയ്യാറുമുണ്ട്.’’. ഇത് കേട്ട് വൃദ്ധ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘നിനക്കറിയുമോ, ഈ കുന്നിൻമുകളിലെ വീടുകളെല്ലാം ഒരേ നിറമാണ്, ഒരേ രൂപവുമാണ്. അതുകൊണ്ടു തന്നെ ഉള്ളവനേയും ഇല്ലാത്തവനേയും വേർതിരിച്ചറിയാൻ വളരെ പ്രയാസമാണ്. അതുപോലെ തന്നെ അഭിമാനികളുമാണ് ഇവിടെയുള്ള എല്ലാവരും.’’. ‘‘അതുകൊണ്ട്’’ -പരിചാരിക ചോദിച്ചു. ‘‘ഇല്ലായ്മകൊണ്ട് എന്റെ അയൽക്കാരിക്ക് എന്നും ഓരോന്നു ചോദിച്ച് ഇവിടെ വരേണ്ടി വരുന്നു.
നിവൃത്തികേടുകൊണ്ടാണ് അവരിവിടെ വരുന്നത്. തിരിച്ച് അവരിൽ നിന്ന് എന്നും എന്തെങ്കിലും ഞാനും വാങ്ങിയാൽ, എന്നും എന്നോട് വാങ്ങേണ്ടി വരുന്നതിൽ അഭിമാനക്കുറവ് തോന്നില്ല. നമ്മൾ സമൻമാരാണെന്ന തോന്നലുണ്ടാവുകയും ചെയ്യും ’’ -വൃദ്ധ വിശദീകരിച്ചു. ‘‘എന്നും ഉപ്പ്’’ -അതെന്താണെന്ന് പരിചാരിക.
ആ വീട്ടിലെ ഏറ്റവും വിലക്കുറവുള്ള ഒന്നാണ് ഞാൻ ചോദിക്കുന്നത്. ഒരു പിടി ഉപ്പ് തരാൻ അവർക്ക് വിഷമമുണ്ടാകില്ല. പകരം, ഏറ്റവും വിലയുള്ള അവരുടെ അഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും.’’ -വൃദ്ധ പറഞ്ഞു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.