ചോലനായ്ക്കരിൽ പുറംലോകവുമായി ബന്ധപ്പെടുന്നത് 10 ശതമാനം മാത്രം
text_fields292 പേർ മാത്രമുള്ള ചോലനായ്ക്കരിൽ 10 ശതമാനം മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടുന്നതെന്ന് നിലമ്പൂർ സിക്കിൾ സെൽ ഗ്രൂപ് മാഞ്ചീരിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ട്.
ന്യൂ അമരമ്പലം സംരക്ഷിത വനത്തിൽ പാറമടകളിലും ഗുഹകളിലും താമസിക്കുന്ന ഇവരുടെ ഗോത്ര സംസ്കൃതിയും തനിമയും നിലനിർത്തി വേണം വിദ്യാഭ്യാസം നൽകാനെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം തേടുന്ന ഇവരിലെ പുതുതലമുറയിൽ ചെറിയൊരു വിഭാഗം മാത്രമാണ് മാറ്റത്തിന് വിധേയരാവുന്നത്. അതിനാൽ, ഇവരുടെ വാസസ്ഥലത്ത് വിദ്യാഭ്യാസ കേന്ദ്രങ്ങൾ പണിത് പഠനം ഉറപ്പാക്കണം. ഇവരുടെ ഭാഷയിൽ പുസ്തകങ്ങൾ തയാറാക്കി പഠനം സുഗമമാക്കണം. ഗോത്രവിഭാഗത്തിലെ വിദ്യാസമ്പന്നരെ കണ്ടെത്തി സ്വന്തം ഭാഷയിൽ പഠനത്തിന് സൗകര്യമൊരുക്കണം.
ഗോത്ര വർഗങ്ങൾക്കും പരമ്പരാഗത വനവാസികൾക്കുമായി സംരക്ഷിത വനമേഖലയിൽ 2.50 ഹെക്ടർ വനഭാഗം ഇവർക്കായി മാറ്റിവെച്ചിട്ടുണ്ട്. വനവിഭവ ശേഖരണത്തിനും വാസത്തിനുമാണിത്.
പഠന റിപ്പോർട്ട് വനംമന്ത്രിക്ക് സിക്കിൾ സെൽ ഗ്രൂപ് കൈമാറി. ചോലനായ്ക്കരുടെ ജീവിതരീതി നേരിൽ മനസ്സിലാക്കാനായി മാഞ്ചീരിയിലെ ഇവരുടെ വാസസ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ സംഘത്തിന് ഉറപ്പുനൽകി. ആശാധാര ജില്ല നോഡൽ ഓഫിസർ ഡോ. പി. ജാവേദ് അനിസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസര വിഷയ കൺവീനർ കെ. രാജേന്ദ്രൻ, 'വരം' കോഓഡിനേറ്റർ മുജീബ് താനാളൂർ എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.