''ഒരു ചായ വേണം...'' കൺമുന്നിൽ കലക്ടർ; ആശ്ചര്യംപൂണ്ട് സംഗീത
text_fieldsകൊച്ചി: രാവിലെ ഒമ്പതിന് പതിവുപോലെ കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിറകിലെ പെട്ടിക്കടയിൽ വരുന്നവർക്കെല്ലാം തെൻറ സ്പെഷൽ ഹെർബൽ ചായ വിൽക്കുന്നതിനിടക്കാണ് സംഗീത ചിന്നമുത്തുവിന് മുന്നിൽ ഒരു വി.ഐ.പി കസ്റ്റമറെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ജില്ല കലക്ടർ എന്ന ബോർഡ് തൂക്കിയ കാറിൽനിന്നിറങ്ങി ചായ ചോദിച്ച ആളെ കണ്ട് അവിശ്വസനീയതയും അടങ്ങാത്ത സന്തോഷവും അങ്ങനെ പലവിധ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു ആ പെൺകുട്ടിയുടെ മുഖത്ത്. ഐ.എ.എസ് നേടാൻ പഠിക്കുന്നതിനൊപ്പം ജീവിത പ്രാരബ്ധങ്ങളിൽനിന്നൊരു മോചനത്തിന് ചായ വിൽക്കുന്ന സംഗീതക്ക് പ്രചോദനം പകരാൻ എറണാകുളം ജില്ല കലക്ടർ ജാഫർ മാലിക്ക് എത്തിയപ്പോഴുള്ള രംഗമായിരുന്നു ഇത്.
കഴിഞ്ഞദിവസം സംഗീതയുടെ ജീവിതത്തെക്കുറിച്ച് 'മാധ്യമം' നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ ഈ പെൺകുട്ടിയുടെ പെട്ടിക്കടയിലെത്തിയത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സ്വന്തം കാലിൽ നിന്നുകൊണ്ട്, വലിയൊരു ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുന്ന സംഗീതയെ അദ്ദേഹം മനസ്സ് തുറന്ന് അഭിനന്ദിച്ചു. ഒപ്പം, പഠനകാര്യങ്ങൾ ചോദിച്ചറിയാനും സിവിൽ സർവിസ് നേടാനുള്ള പാതയിൽ ഉപദേശ നിർദേശങ്ങളും ടിപ്സും നൽകാനും അദ്ദേഹം മറന്നില്ല. പുസ്തകങ്ങളോ പരിശീലനത്തിന് മറ്റെന്തെങ്കിലും സഹായമോ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നുപറഞ്ഞ് തെൻറ നമ്പർ കലക്ടർ നൽകി. ഒപ്പം, അകക്കണ്ണുകൊണ്ട് ലോകത്തിന് വെളിച്ചം പകർന്ന ഹെലൻ കെല്ലറുടെ ആത്മകഥയായ 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' സമ്മാനിച്ചു.
കലക്ടർ വന്നതിെൻറ സന്തോഷത്തിന് പിന്നാലെ അദ്ദേഹത്തിെൻറ ആത്മവിശ്വാസവും ഊർജവും പകരുന്ന വാക്കുകേട്ട് സംഗീതയും മാതാപിതാക്കളായ ചിന്നമുത്തുവും സംഗിലി അമ്മാളും വികാരഭരിതരായി. സംഗീതയുടെ ജീവിതം എല്ലാവർക്കും വലിയ പ്രചോദനം പകരുന്നതാണെന്നും ഭാവിയിൽ ഒരു കലക്ടറായി നമ്മുടെ മുന്നിൽ നിൽക്കാനാവട്ടെയെന്നും ജാഫർ മാലിക് ആശംസിച്ചു. ഏറെ അഭിമാനമുണ്ടെന്നും കലക്ടറുടെ വാക്കുകൾ സ്വപ്നത്തിലേക്കെത്തിക്കാൻ വലിയ പ്രോത്സാഹനമാണെന്നും സംഗീതയും പറഞ്ഞു.
സ്റ്റേഡിയത്തിന് പിറകിൽ ലിങ്ക് റോഡിെൻറ തുടക്കത്തിൽ രാവിലെ 6.30 മുതൽ 9.30 വരെ ഇവിടെ വ്യായാമം ചെയ്യാനെത്തുന്നവർക്കുവേണ്ടി ഏലം, കറുവപ്പട്ട, ഇഞ്ചി, കുരുമുളക്, ശർക്കര എന്നിവയിട്ട ചായയും റാഗി ഇലയട, കൊഴുക്കട്ട, ബോളി, സേമിയ അട തുടങ്ങിയ എണ്ണയില്ലാ പലഹാരങ്ങളുമാണ് വിൽക്കുന്നത്. ഇതിനുശേഷമാണ് സംഗീതയുടെ പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.