മലയാളം പറയും...
text_fieldsനവംബർ ഒന്ന്, കേരളപ്പിറവിദിനം. ആറു നാട്ടിൽ നൂറു ഭാഷയായി മലയാളം ജൈത്രയാത്ര തുടരുന്നു. ലോകത്തിന്റെ ഏതു കോണിലും മലയാളവും മലയാളിയുമുണ്ട്. പലയിടങ്ങളിൽനിന്നും മലയാളത്തെത്തേടി കേരളത്തിലെത്തിയ നിരവധിപേരുണ്ട് നമുക്കുചുറ്റും. അവരിൽ ചിലരുടെ ‘മലയാള’ വർത്തമാനങ്ങൾ..
പാരിസ് സ്റ്റൈൽ
ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒരു കുടന്ന നിറയെ മുല്ലപ്പൂ പിന്നിയിട്ട മുടിയിൽ ചൂടി, ശാസ്ത്രീയ നൃത്തം പഠിക്കാനെത്തുന്ന വിദേശ പെൺകുട്ടി മിഷേലിനെ ഓർമയില്ലേ... ആ പെൺകുട്ടിയെ നോക്കി നിവിൻ പോളിയുടെ കുട്ടനെന്ന കഥാപാത്രം പറയുന്ന വാചകമുണ്ട്... ‘ഒരു വശത്ത് സംസ്കാരം തേടിയെത്തി വന്ന ഒരു വിദേശി കുട്ടി’ എന്ന്. ഫ്രാൻസിൽ ജനിച്ചുവളർന്നെങ്കിലും ജീവിതംകൊണ്ട് കേരളക്കാരിയായ പാരിസ് ലക്ഷ്മിയെന്ന നർത്തകിയെക്കുറിച്ചുള്ള ആ വാക്കുകൾ സിനിമയിലെന്ന പോലെ ജീവിതത്തിലും സത്യമാണ്.
കലാകാരന്മാരായ മാതാപിതാക്കളുടെ ഇന്ത്യയുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് പാരിസ് ലക്ഷ്മിയെ കേരളത്തിലേക്കെത്തിച്ചത്. കുഞ്ഞിലേ മാതാപിതാക്കളിട്ട പേര് മറിയം സോഫിയ ലക്ഷ്മിയെന്നാണ്. അഞ്ചാം വയസ്സിലാണ് ലക്ഷ്മി ആദ്യമായി കുടുംബത്തോടൊപ്പം ഇന്ത്യയിലും കേരളത്തിലുമെത്തുന്നത്. ഫ്രാൻസിൽ തിരിച്ചെത്തുമ്പോൾ അവിടത്തെ നൃത്തരൂപങ്ങളായ കണ്ടംപററി ഡാൻസ്, ജാസ്, ബാലെ ഉൾപ്പെടെയുള്ളവ പഠിച്ചുതുടങ്ങി.
ഒമ്പതാം വയസ്സിലാണ് ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിലെ പ്രധാന ഇനമായ ഭരതനാട്യം ലക്ഷ്മി അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് ഓരോ തവണയും അവധിക്കാലത്ത് ഇന്ത്യയിൽ വരുമ്പോഴെല്ലാം ലക്ഷ്മി കൂടുതൽ കൂടുതൽ നൃത്തരൂപങ്ങൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ കാണാനും ഉത്സാഹം കാണിച്ചു. 18ാം വയസ്സിലാണ് ലക്ഷ്മിയുടെ മനസ്സിൽ ഇന്ത്യയോടും കേരളത്തോടുമുള്ള ഇഷ്ടംകൊണ്ട് ഇവിടെ വന്നുനിന്നാലെന്താ എന്ന ചിന്ത ഉദിച്ചത്. അങ്ങനെ 20ാം വയസ്സിൽ ആ നർത്തകി കേരളത്തിൽ വന്നു താമസം തുടങ്ങി, പിന്നീട് പൂർണമായും ഡാൻസിങ് ആയിരുന്നു ജീവിതം.
എന്നാൽ, കേരളത്തിൽ സ്ഥിരവാസം തുടങ്ങുന്നതിനു മുമ്പേ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായ ബിഗ് ബിയിലെ ഒരു പാട്ടുരംഗത്തിൽ തകർപ്പൻ ഡാൻസുമായെത്തിയിരുന്നു. ഈ സിനിമ തന്നെയാണ് സിനിമാപ്രേക്ഷകർ എന്നും ഓർത്തുവെക്കുന്ന ബാംഗ്ലൂർ ഡേയ്സിലെ ‘മലയാളത്തെ സ്നേഹിക്കുന്ന വിദേശി പെൺകുട്ടി’ മിഷേലിലേക്കുള്ള വഴിയൊരുക്കിയത്.
കേരളത്തിൽ സ്ഥിരതാമസം തുടങ്ങിയതിനു ശേഷമാണ് പാരിസ് ലക്ഷ്മി മലയാളമെന്ന ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിയത്. പഠിക്കാനിത്തിരി പാടായിരുന്നുവെങ്കിലും മറ്റുള്ളവരോട് സംസാരിച്ചു സംസാരിച്ചാണ് മലയാളം പഠിച്ചതെന്ന് ലക്ഷ്മി ഓർക്കുന്നു. ഉച്ചാരണമായിരുന്നു വലിയ വെല്ലുവിളി. എന്നാൽ, ആവർത്തിച്ചു പറഞ്ഞ് കടുകട്ടിയായ പല വാക്കുകളെയും ലക്ഷ്മി കീഴടക്കി. വളരെ സങ്കീർണവും കുറച്ച് ബുദ്ധിമുട്ടുള്ളതുമായ ഭാഷയാണ് മലയാളമെന്ന് ലക്ഷ്മിയുടെ വിലയിരുത്തൽ.
കേരളവും ഫ്രാൻസും തന്റെ നാടാണെന്ന് ലക്ഷ്മി പറയുന്നു. കേരളത്തിൽ നല്ല കംഫർട്ട് അനുഭവപ്പെടുന്നുണ്ട്. സ്വന്തം നാടുപോലൊരു തോന്നലാണ് കേരളത്തെക്കുറിച്ച് തനിക്കുള്ളത്. എന്നാൽ, ജനിച്ച നാടും വളരുന്ന നാടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളും ഈ കലാകാരി നിരീക്ഷിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ കാര്യമാണ് ഇതിലൊന്ന്. ഭക്ഷണത്തിന്റെ കാര്യത്തിലും ഫ്രഞ്ച്-കേരള സാംസ്കാരിക വ്യത്യാസം നിലനിൽക്കുന്നുണ്ട്.
താൻ പണ്ടു മുതലേ കേരളത്തിലേക്ക് സ്ഥിരമായി വന്നതിനാൽ കേരളത്തോടുള്ള ഇഷ്ടം ഇവിടത്തെ മസാല കൂടുതലുള്ള ഭക്ഷണങ്ങളോടുമുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു. തന്റെ സഹോദരൻ നാരായണിന്റെ ഗുരുവും മൃദംഗ വിദ്വാനുമായ തിരുവാരൂർ ഭക്തവത്സലമാണ് ലക്ഷ്മിയുടെ പേരിന്റെ കൂടെ പാരിസ് എന്ന ഫ്രാൻസിലെ സ്ഥലപ്പേരുകൂടി ചേർത്തത്.
അമേരിക്ക ടു കേരളം
യു.എസിൽനിന്ന് കേരളത്തിൽവന്ന് മലയാളികളെ വെല്ലും വിധം മലയാളം സംസാരിക്കുക, ഒപ്പം മലയാളികളെ ഇംഗ്ലീഷ് പറയാൻ പഠിപ്പിക്കുക... ടി.വി റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സ്പോക്കൺ ഇംഗ്ലീഷ് വിദഗ്ധയുമെല്ലാമായ അപർണ മൾബറിയാണ് ഈ പച്ചമലയാളക്കാരി. ‘ഇൻവെർട്ടഡ് കോക്കനട്ട്’ എന്ന ഇവരുടെ യുട്യൂബ് ചാനലിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലുമെല്ലാമായി ആയിരക്കണക്കിനാളുകളാണ് ഈ മല്ലു അമേരിക്കക്കാരിയുടെ ആരാധകർ.
1992ലാണ് അപർണ മൾബറിയുടെ മാതാപിതാക്കൾ ആദ്യമായി കേരളത്തിലെത്തുന്നത്. അന്ന് അപർണക്ക് വെറും മൂന്നു വയസ്സ്. അമൃതപുരി ആശ്രമത്തിലെ അന്തരീക്ഷം ഇഷ്ടപ്പെട്ട മാതാപിതാക്കൾ അവിടെ താമസിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. പ്രീ സ്കൂൾ മുതലേ കേരളത്തിൽതന്നെയാണ് അപർണ പഠിച്ചത്. ഒന്നാം ക്ലാസ് മുതൽ പത്തു വരെ ആശ്രമത്തിൽ വളർന്ന് അതിനടുത്തുള്ള അമൃത വിദ്യാലയത്തിലായിരുന്നു വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ മറ്റേതൊരു വിദ്യാർഥിയെയും പോലെ അപർണയും സാധാരണപോലെ മലയാളം കുഞ്ഞുനാൾ മുതൽ പഠിച്ചുതുടങ്ങി.
ഒരു നാട്ടിലിരുന്ന് മറ്റൊരു നാട്ടിലെ ഭാഷ പഠിക്കുമ്പോഴുള്ള ബുദ്ധിമുട്ടൊന്നും കേരളത്തിൽനിന്ന് മലയാളം പഠിച്ചതുകൊണ്ടാവാം അപർണക്കുണ്ടായില്ല. സ്കൂളിൽ പക്ഷേ സംസ്കൃതമാണ് ഭാഷയായി പഠിച്ചത് എന്നതിനാൽ അന്ന് മലയാളം കൂടുതലായും എഴുതാനോ വായിക്കാനോ പഠിച്ചിട്ടുണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞ് അപർണ വീണ്ടും സ്വദേശമായ യു.എസിലെ ഒറിഗണിലേക്ക് തിരിച്ചുപോയി. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ മലയാളം എഴുത്തും വായനയും ഏറക്കുറെ മറന്നു. എല്ലാ വർഷവും രണ്ടു മാസത്തെ വെക്കേഷന് കേരളത്തിലേക്ക് വരുകയായിരുന്നു അപർണയുടെ പതിവ്. കോവിഡ് കാലത്താണ് മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചാലോ എന്ന ചിന്തയിൽ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടന്റ് ക്രിയേഷൻ തുടങ്ങിയത്. അതിനും ഏറെ മുമ്പുതന്നെ ഇംഗ്ലീഷ് അധ്യാപനവഴിയിലുണ്ടായിരുന്നു.
കോവിഡും കഴിഞ്ഞ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി തിരിച്ച് കേരളത്തിലെത്തി. ഇപ്പോൾ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒന്നാന്തരം അധ്യാപികയാണിവർ. മലയാളമെന്ന ഭാഷയെ തന്ന, ഏറെ ഇഷ്ടമുള്ള കേരളത്തിനോടുള്ള കടപ്പാടും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു പിന്നിലുണ്ടെന്ന് അപർണ.
കേരളത്തോടുള്ള ഇഷ്ടം മറ്റൊരു നാടിനോടും അപർണക്കില്ല. മലയാള ഭാഷ അറിയാമെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നെന്ന് അപർണ വിശ്വസിക്കുന്നു. പുതിയ മലയാളം വാക്കുകൾ കിട്ടുമ്പോൾ ഫോണിലെ നോട്ട്പാഡിൽ സൂക്ഷിച്ച് ഓർത്തെടുക്കാറുണ്ട്.
ഇംഗ്ലീഷും മലയാളവും ഒരുപോലെ സംസാരിക്കുന്നയാളെന്ന നിലക്ക് ഇംഗ്ലീഷിനെക്കാൾ കൂടുതൽ ബുദ്ധിമുട്ട് മലയാളം പഠിക്കാനായിരുന്നെന്ന് അപർണ വ്യക്തമാക്കുന്നു. ഇംഗ്ലീഷുകാരിയെന്ന നിലക്ക് വലിയ ടാസ്ക് ആയിരുന്നു അത്. കുറെ വർഷങ്ങളെടുത്ത് എഴുതിയും വായിച്ചുമെല്ലാമാണ് മലയാളത്തെ തിരിച്ചുപിടിച്ചത്. മൂന്നു വർഷമായി മലയാളം പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ പങ്കാളിക്ക് ഇപ്പോഴും മലയാളം പറയുമ്പോൾ ആത്മവിശ്വാസക്കുറവുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക ജീവിതമാണ് കേരളത്തിന്റെ പ്രത്യേകതയെന്നാണ് യു.എസ് ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ അപർണ മനസ്സിലാക്കുന്നത്. ജീവിതത്തിലുടനീളം സമൂഹവുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മലയാളികൾ. എന്നാൽ, യു.എസിൽ ആളുകൾ വ്യക്തികേന്ദ്രീകൃത ജീവിതം നയിക്കുന്നവരാണ്. മറ്റുള്ളവരുടെ കാര്യം നോക്കാനൊന്നും പോകാത്ത സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് എല്ലാം.
ഒറ്റപ്പെട്ട അപവാദങ്ങളില്ലെന്നല്ല, പൊതുവേ എല്ലാവരും വ്യക്തികേന്ദ്രീകൃതരാണ്. എന്നാൽ, കേരളത്തിലുള്ളവരുടെ ഈ സാമൂഹിക ജീവിത സ്വഭാവം ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ അനാവശ്യമായി ഇടപെടാനും കേറിഭരിക്കാനുമുള്ള സ്വാതന്ത്ര്യമായി കാണുന്നവരുണ്ട്. ഇത് തനിക്കിഷ്ടമില്ലെന്നും അപർണ തുറന്നുപറയുന്നു. നമ്മുടെ ജീവിതം ജീവിക്കേണ്ടവർ നമ്മളാണ്, മറ്റുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വെറുതെ പരിചയപ്പെടുന്നവർ പോലും പ്രകടിപ്പിക്കുന്ന സ്നേഹമാണ് കേരളത്തിനോട് പിന്നെയും പിന്നെയും ഇഷ്ടം കൂടാൻ കാരണമെന്നും അവർ പറഞ്ഞുവെക്കുന്നു.
അറബി മലയാളി
പച്ചവെള്ളംപോലെ മലയാളംപറയുന്ന ഒരു ഒമാനിയുണ്ട് അങ്ങ് അറബ് നാട്ടിൽ; പേര് വലീദ് സുബൈത് ബിലാൽ അൽ ഹൂസ്നി. ഇദ്ദേഹത്തിന്റെ മലയാളം കേട്ടാൽ മലയാളികൾപോലും അന്തംവിട്ടുപോകും. ഒമാനിത്തൊപ്പിയും ഒമാൻ സ്റ്റൈൽ വസ്ത്രവുമണിഞ്ഞ് ചുറുചുറുക്കോടെ നടന്നുപോകുന്ന ഈ യുവാവ് ഒമാനിയാണ്, അതേസമയം മലയാളിയും. ഉപ്പ ഒമാനി. ഉമ്മ ഹാഫ് ഇന്ത്യൻ ഹാഫ് ഇറാനി.
ഉമ്മയുടെ ഉമ്മ മലയാളിയും ഉമ്മയുടെ ഉപ്പ ഇറാനിയുമാണ്. നാലുമക്കളിൽ ഇളയമകനാണ് വലീദ്. ജനിച്ചത് കേരളത്തിൽ. പഠനം തുടങ്ങിയതും കേരളത്തിൽതന്നെ. നാലു മക്കളിൽ വലീദിന് മാത്രമാണ് മലയാളമറിയുക. വലീദും ഉമ്മയും മാത്രമാണ് കുടുംബത്തിൽ മലയാളം സംസാരിക്കുന്നത്. കോഴിക്കോട് പയ്യാനക്കൽ ആയിരുന്നു ജനനം. പത്താംക്ലാസ് വരെ പയ്യാനക്കലിലെ സ്കൂളിലായിരുന്നു പഠനം.
കളിച്ചുവളർന്നതെല്ലാം കേരളത്തിലായതിനാൽ ഓർമകൾക്കെല്ലാം ഇവിടത്തെ പച്ചപ്പും കൂട്ടിനുണ്ടാകും. നാട്ടിലെ സ്കൂളും മഴക്കാലവും കൂട്ടുകാരെയുമാണ് ആദ്യം ഓർമയിലെത്തുക. അന്ന് മഴക്കാലത്ത് തോടുകളെല്ലാം നിറഞ്ഞുകവിയും. അവിടത്തെ കുളിയും കളിയുമാണ് ഏറ്റവും പ്രധാനം. അമ്പലക്കുളത്തിലെ കുളിയും വിനോദയാത്രയുമെല്ലാം ഓർമയിലുണ്ട്.
പത്താംക്ലാസ് പഠനശേഷം ഉപരിപഠനത്തിന് യു.എ.ഇയിലേക്ക് പോയി. 12 വർഷത്തോളം അവിടെയായിരുന്നു. പിന്നീട് സ്വന്തം നാടായ ഒമാനിലേക്ക് പോയി. അവിടെ സ്ഥിരതാമസമാണിപ്പോൾ. മലയാളം മാത്രം പറഞ്ഞു പഠിച്ചശേഷം നാട്ടിലെത്തിയപ്പോൾ അറബി സംസാരിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടിയിരുന്നു. വീട്ടുകാർ പറയുന്നതുപോലും തുടക്കത്തിൽ മനസ്സിലായിരുന്നില്ല.
പിന്നീട് ഉമ്മ അറബി പഠിപ്പിക്കാനായി മലയാളം അറിയുന്ന ഒരു ഉസ്താദിനെ ചുമതലപ്പെടുത്തുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ തന്നെ അറബിയും തന്റെ കൈപ്പിടിയിലാക്കി. അറബി വാർത്താ ചാനലുകൾ കണ്ടും കേട്ടും അറബി ഭാഷയെ സ്വയം മിനുക്കിയെടുത്തു. രണ്ടു ഭാഷകളും ഒരേപോലെ കൈകാര്യം ചെയ്യുന്നത് അപൂർവമാണെന്ന് പലരും പറയാറുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും വലീദ് കൂട്ടിച്ചേർത്തു.
നേരത്തേ എല്ലാ വർഷവും കേരളത്തിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒന്നു രണ്ടുവർഷം കൂടുമ്പോഴാണ് കേരളത്തിലേക്ക് വരുന്നത്. എന്നും ഇഷ്ടപ്പെട്ട ഇടങ്ങളെക്കുറിച്ച് ചോദിച്ചാൽ ആദ്യത്തെ ഉത്തരത്തിൽ കേരളവുമുണ്ടാകും. ഒരുതവണയെങ്കിലും കേരളം സന്ദർശിച്ച ആർക്കും കേരളത്തെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്, ഓരോ സ്ഥലവും പരിചയമുണ്ടെന്ന് പറയാം. കേരളത്തിന്റെ പ്രകൃതിഭംഗി എത്ര ആസ്വദിച്ചാലും മതിവരില്ല. മാത്രമല്ല, പുഴകളും വനങ്ങളും മലകളുമെല്ലാം എന്നും ആകർഷിച്ചുകൊണ്ടിരിക്കും -വലീദ് കേരളത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
ലുലു ഹാബുറയിൽ ഫ്രണ്ട് എൻഡ് മാനേജറായി ജോലി ചെയ്യുകയാണിപ്പോൾ വലീദ് സുബൈത് ബിലാൽ അൽ ഹൂസ്നി. മലയാളിയെയാണ് വലീദ് ജീവിതസഖിയായി തിരഞ്ഞെടുത്തത്, പേര് ഷെഹ്റ ബാനു. അബ്ദുല്ല വലീദ് സുബൈത് അൽഹൂസ്നി, ഖാലിദ് വലീദ് സുബൈത് അൽഹൂസ്നി, ഹൈസം വലീദ് സുബൈത് ബിലാൽ അൽഹൂസ്നി, നവ്വാറ ബിൻത് വലീദ് സുബൈത്ത് അൽഹൂസ്നി എന്നിവരാണ് മക്കൾ.
നാഗാ ഡോക്ടർ, കേരള
മലയാളം പറയുന്ന ഒരു നാഗാലാൻഡ് ഡോക്ടർ, അതാണ് വിസാസോ കിക്കി. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് മെഡിക്കൽ പഠനം പൂർത്തീകരിച്ച് മടങ്ങുമ്പോൾ കിക്കിക്ക് പറയാനുള്ളത് കേരളത്തോടുള്ള സ്നേഹം മാത്രം.
ഇംഫാലിലെ സൈനിക് സ്കൂളിലായിരുന്നു വിസാസോ കിക്കിയുടെ സ്കൂൾ വിദ്യാഭ്യാസം. ഇന്ത്യൻ ആർമിയിൽ ചേരണമെന്നതായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എന്നാൽ, 2008ൽ ഗുവാഹതിയിൽവെച്ചുണ്ടായ ഒരു ട്രെയിൻ അപകടത്തിൽ വിസാസോയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇടതുകാൽ പാദം മുറിച്ചുമാറ്റി. കൃത്രിമ കാൽവെച്ചുപിടിപ്പിച്ചു. ഡോക്ടർമാരുമായി അടുത്തിടപഴകിയയോടെ മെഡിക്കൽ പ്രഫഷൻ കിക്കിയുടെ മനസ്സിൽ കയറിക്കൂടി. 2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിസാസോ ഉയർന്ന റാങ്കോടെ യോഗ്യത നേടി. കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരും സുഹൃത്തുക്കളും പറഞ്ഞറിഞ്ഞ കേരളമായിരുന്നു കിക്കിയുടെ മനസ്സിൽ.
അങ്ങനെ 2013ൽ വിസാസോ കിക്കി നാഗാലാൻഡിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പഠനത്തിനെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠനത്തിനെത്തിയപ്പോൾ മുട്ടിനുതാഴെവെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തുകയും മറ്റൊരു കൃത്രിമ കാൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു. 2015 മുതൽ തുടർന്നുള്ള വർഷങ്ങളിൽ കൊച്ചി മാരത്തണിൽ ഓട്ടത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു വിസാസോ കിക്കി മുന്നേറിയിരുന്നത്. 2019ൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. പിന്നീട് മാസ്റ്റർ ഓഫ് സർജറി ചെയ്യാനായി തിരഞ്ഞെടുത്തതാകട്ടെ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജും.
കേരളത്തിൽ പഠനത്തിനെത്തിയപ്പോൾ സർക്കാർ മെഡിക്കൽ കോളജിലെത്തുന്ന രോഗികളെല്ലാം പ്രാദേശികഭാഷയായ മലയാളത്തിലായിരുന്നു സംസാരം. രോഗികളുമായി സംസാരിക്കുന്നതിനും അവരെ പരിചരിക്കുന്നതിനും മലയാളം പഠിക്കണമെന്ന് മനസ്സിലാക്കി.
ഇതോടെ ഒരു വർഷത്തിനുള്ളിൽ മലയാളം പഠിച്ചെടുക്കാനായി വിസാസോയുടെ ശ്രമം. ഇതിനായി മലയാളം പുസ്തകങ്ങളും മലയാളം-ഇംഗ്ലീഷ് ഡിക്ഷണറിയും ഒരു നോട്ട്പാഡും വാങ്ങി. മലയാളത്തിലെ പ്രാദേശിക മെഡിക്കൽ പദങ്ങൾ നോട്ട്പാഡിൽ എഴുതിവെച്ചു. രാവും പകലും ഈ നോട്ട്പാഡ് കൈയിൽതന്നെ സൂക്ഷിച്ചു. സുഹൃത്തുക്കളും മലയാളം വാക്കുകൾ പഠിപ്പിച്ചു. എം.ബി.ബി.എസ് അവസാന വർഷമായതോടെ രോഗികളോട് മലയാളത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനും സംസാരിക്കാനും തുടങ്ങി വിസാസോ കിക്കി.
സ്വന്തം നാട്ടിൽ മെഡിക്കൽ പഠനത്തിന് ചേരാത്തതെന്തുകൊണ്ടാണെന്ന് ചോദിക്കുമ്പോൾ നാഗാലാൻഡിൽ ഒരു മെഡിക്കൽ കോളജില്ല എന്നതായിരുന്നു വിസാസോ കിക്കിയുടെ മറുപടി. കൂടാതെ, കേരളത്തിലെപ്പോലെ മെഡിക്കൽ രംഗവും ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളുമെല്ലാം മറ്റിടങ്ങളിൽ മാതൃകയാക്കണമെന്നും വിസാസോ കിക്കി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.