കാരുണ്യം കരകവിഞ്ഞ കേരള സ്റ്റോറി
text_fieldsകേരള സ്റ്റോറിയെന്ന് പറഞ്ഞ് അസത്യങ്ങൾ കുത്തിനിറച്ച് വിദ്വേഷ പ്രചാരണം നടത്താൻ സിനിമയെ ദുരുപയോഗം ചെയ്തപ്പോൾ അതിനെ കേരളത്തിന്റെ മതേതര മനസ്സ് പ്രതിരോധിച്ചത് നമ്മുടെ യഥാർഥ കഥകൾ പറഞ്ഞാണ്. ഇന്ത്യയിലൊരിടത്തും കാണാത്ത സാമുദായിക ഐക്യത്തിന്റെ അസംഖ്യമുള്ള ദൃഷ്ടാന്തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് കേരളത്തെ സ്നേഹിക്കുന്നവർ. അങ്ങനെ കാരുണ്യം കരകവിഞ്ഞ ഒരു കേരള സ്റ്റോറി ഇതാ.
ജീവിതത്തിന്റെ ഗൂഗ്ൾ സെർച്ച്
ബംഗളൂരു എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർഥിയാണ് തമിഴ്നാട്ടിൽ ജനിച്ച ദേവരാജ്. കൈയിൽ ഒരു സ്മാർട്ട് ഫോൺ കിട്ടിയതു മുതൽ അവൻ ഗൂഗിളിൽ പരതുന്നത് കോഴിക്കോട് ജില്ലയിലെ അനാഥാലയങ്ങളെ കുറിച്ചാണ്. ഒരു പതിറ്റാണ്ട് മുമ്പ് അമ്മ ആത്മഹത്യ ചെയ്തതോടെ ദേവരാജ് ഉൾപ്പെടെ നാല് കുട്ടികളേയും കൂട്ടി അച്ഛൻ തഞ്ചാവൂരിൽനിന്ന് കേരളത്തിലേക്ക് വണ്ടി കയറിയതാണ്. പേരാമ്പ്രയിൽ എത്തിയ ഇവർക്ക് പീടികവരാന്തകളായിരുന്നു അഭയം. അച്ഛൻ കുട്ടികളെ തെരുവിൽ തള്ളി അലഞ്ഞുതിരിഞ്ഞു. ഈ നാലു മക്കളേയും തെരുവിൽ നിന്നെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്ന പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജായിരുന്നു അവന് കണ്ടുപിടിക്കേണ്ടിയിരുന്നത്. അവന്റെ പരിശ്രമം വിജയിച്ചു. രണ്ടുമാസം മുമ്പ് അവൻ ദാറുന്നുജൂമിൽ എത്തുകയും ചെയ്തു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് ഓർഫനേജ് അധികൃതർ അവനെ വരവേറ്റത്.
ഓർമയുടെ വേരുകൾ
അമ്മ മരിച്ചതോടെ തെരുവിലേക്ക് എറിയപ്പെട്ട തങ്ങൾക്ക് പുതുജീവനാണ് പേരാമ്പ്രക്കാർ സമ്മാനിച്ചതെന്ന് ദേവരാജ് പറയുന്നു. പത്തുവർഷം മുമ്പത്തെ അവന്റെ മങ്ങിയ ഓർമയിൽ പലതും തെളിയുന്നുണ്ട്. അവനേയും പറക്കമുറ്റാത്ത സഹോദരങ്ങളേയും പേരാമ്പ്ര തെരുവിൽ സംരക്ഷിച്ച ഒരുപ്പയും അമ്മയുമുണ്ട്. അവരെ കുറിച്ചറിയുകയായിരുന്നു പിന്നീടവന് വേണ്ടത്. വിവരം ഓർഫനേജ് അധികൃതരോട് വ്യക്തമാക്കിയപ്പോൾ ഒരു പത്രകട്ടിങ് ആണ് അവർ അവനെ കാണിച്ചത്. പതിറ്റാണ്ട് മുമ്പ് ആ അനാഥക്കുട്ടികളുടെ കഥ വിവരിച്ച ‘മാധ്യമം’ പത്രമായിരുന്നു അത്. കണ്ണീർ ചാലിച്ച് അവൻ ഓരോ വാക്കുകളും വായിച്ചെടുത്തു. പത്രത്തിൽ വന്ന അവരുടെ നാല് പേരുടേയും ചിത്രം ദുരിതബാല്യത്തിന്റെ നേർസാക്ഷ്യമായിരുന്നു. ആ വാർത്താചിത്രം മൊബൈലിൽ പകർത്തിയാണ് അവനന്ന് ദാറുന്നുജൂമിൽനിന്ന് മടങ്ങിയത്. ആ വാർത്ത സഹോദരങ്ങളെ കാണിച്ചപ്പോൾ അവരും വിതുമ്പി. ഇ.എം.എസ് ആശുപത്രിയുടെ പഴയ കെട്ടിടത്തിനു സമീപം പ്രവർത്തിച്ചിരുന്ന ചോയ്സ് ഹോട്ടൽ ഉടമ ഷൈമയായിരുന്നു ഈ മക്കളെ ഊട്ടിയിരുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടുമെല്ലാം അവർ ആ കുരുന്നുകൾക്കുളള ഭക്ഷണം ഹോട്ടലിൽ കരുതിവെച്ചു. അവരുടെ കാര്യമോർത്ത് ഉറങ്ങാൻപോലും പറ്റുമായിരുന്നില്ലെന്ന് ഷൈമ പറയുന്നു. രാവിലെ കടയിലെത്തുമ്പോൾ ആദ്യം തിരക്കുന്നത് ആ കുഞ്ഞുങ്ങളെയായിരുന്നെന്നും ആ അമ്മ ഓർമിക്കുന്നു. സമീപത്തെ തന്നെ താജ് പോളിക്ലിനിക്ക് ഉടമ പുത്തൻപുരയിൽ അബ്ദുറഹ്മാനും ഈ കുഞ്ഞുങ്ങൾക്ക് സഹായം നൽകി. ഒമ്പതു മാസം മാത്രമുളള സഹോദരിയെ എടുത്തും മറ്റുള്ളവരെ നടത്തിച്ചുമായിരുന്നു അന്നത്തെ പത്തു വയസ്സുകാരൻ ദേവരാജ് ആക്രിസാധനങ്ങൾ ശേഖരിക്കാൻ പോയിരുന്നത്. രാത്രി പീടികത്തിണ്ണയിൽ അന്തിയുറങ്ങും. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികളെ തെരുവിൽ കിടത്തുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് അബ്ദുറഹ്മാൻ പേരാമ്പ്രയിലെ മാധ്യമം ബ്യൂറോയിൽ വിളിച്ച് കുട്ടികളുടെ കാര്യം പറയുന്നത്. അന്നുതന്നെ അവരെ കണ്ടെത്തി വാർത്ത കൊടുത്തു. ആ വാർത്ത ശ്രദ്ധയിൽപെട്ട ദാറുന്നു ജൂം ഓർഫനേജ് അധികൃതർ കുട്ടികളെ ഏറ്റെടുത്തു.
കരളലിയിക്കുന്ന സമാഗമം
പതിറ്റാണ്ടിനു ശേഷം ദേവരാജ് രണ്ടാമതും പേരാമ്പ്രയിലെത്തിയതിന്റെ പ്രധാന ഉദ്ദേശ്യം തങ്ങളെ സംരക്ഷിക്കുകയും സുരക്ഷിത കരങ്ങളിലെത്തിക്കുകയും ചെയ്ത പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുക എന്നതായിരുന്നു. ആദ്യം എത്തിയത് താജ് പോളിക്ലിനിക്കിൽ. അവിടെനിന്ന് അബ്ദു റഹ്മാനെ കണ്ട് പഴയ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദേവരാജിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചപ്പോൾ ഇരുവരുടേയും കണ്ണ് നിറഞ്ഞിരുന്നു. ‘‘ഞങ്ങൾക്ക് അന്ന് ഭക്ഷണം തന്നെ ഹോട്ടലിലെ ആ അമ്മയേയും കാണണം’’ എന്നതായിരുന്നു ദേവരാജ് പിന്നീട് ആവശ്യപ്പെട്ടത്. സഹോദരങ്ങളോടൊപ്പം ആക്രി പെറുക്കി നടന്ന സ്ഥലങ്ങളും അന്തിയുറങ്ങിയ പീടികത്തിണ്ണയുമെല്ലാം അവൻ ഒരിക്കൽ കൂടി കണ്ടു. ഇ.എം.എസ് ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ ഹോട്ടൽ അടച്ചിരുന്നു. ഷൈമ ചിലമ്പവളവിലെ വീട്ടിൽതന്നെയാണ്. അബ്ദു റഹ്മാൻ ദേവരാജിനേയും കൂട്ടി അവരുടെ വീട്ടിലെത്തി. അതിഥിയെ പരിചയപ്പെടുത്തിയപ്പോൾ ഷൈമ സന്തോഷംകൊണ്ട് കരഞ്ഞുപോയി. ജീവിതത്തിലൊരിക്കലും ഇങ്ങനെ ഒരു കൂടിച്ചേരൽ അവർ പ്രതീക്ഷിച്ചിരുന്നില്ല. മകനെയെന്നപോലെ ദേവരാജിനെ ചേർത്തുപിടിച്ച സഹോദരങ്ങളുടെ സുഖവിവരങ്ങൾ അവർ ചോദിച്ചറിഞ്ഞു. വർഷങ്ങൾക്ക് ശേഷം വീണ്ടും ആ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം അവൻ ഏറെ രുചിയോടെ കഴിച്ചു. സഹോദരങ്ങളേയും കൂട്ടി ഒരിക്കൽ കൂടി വരണമെന്ന ഓർമപ്പെടുത്തലോടെയാണ് അവനെ അവർ യാത്രയാക്കിയത്.
പലായനം
തമിഴ്നാട് തഞ്ചാവൂരിലെ തിരുപ്പതി സീനത്തിനെ പ്രണയിച്ച് വിവാഹം കഴിച്ചു. അവരുടെ മക്കളാണ് ദേവരാജ്, രാജ്, ദുർഗ, സുമിത്ര. സുമിത്രക്ക് ഒമ്പതു മാസം പ്രായമുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തു. അമ്മയുടെ മരണശേഷം നാലു മക്കളേയും കൂട്ടി കേരളത്തിലേക്ക് വരുകയായിരുന്നു തിരുപ്പതി. ദേവരാജ് അന്ന് നാലാംക്ലാസിലും രാജ് രണ്ടാംക്ലാസിലും, ദുർഗക്ക് പ്രായം രണ്ട് വയസ്സ്. കുട്ടികളെ ടൗണിൽ ഉപേക്ഷിച്ച് തിരുപ്പതി രാവിലെ ആക്രിസാധനങ്ങൾ പെറുക്കാൻ പോകും. മൂത്തവനായ ദേവരാജാണ് മറ്റ് മൂന്ന് പേരേയും നോക്കിയിരുന്നത്. ഇതോടെയാണ് അബ്ദുറഹ്മാനും ഷൈമയും അവർക്ക് താങ്ങായി എത്തുന്നത്.
ദാറുന്നു ജൂം ഓർഫനേജ് ഇവരെ ഏറ്റെടുത്ത് ദേവരാജിനേയും രാജിനേയും പേരാമ്പ്ര എൻ.ഐ.എം.എൽ.പി സ്കൂളിൽ ചേർത്തു. കുട്ടികളെ ഏറ്റെടുത്തതോടെ ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. പ്ലസ്ടുവിന് 82 ശതമാനം മാർക്ക് വാങ്ങിയ ദേവരാജ് ബംഗളൂരു എൻജിനീയറിങ് കോളജിൽ അവസാന വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ് ഇപ്പോൾ. രാജ് ഈ വർഷം പത്താം തരത്തിലും ദുർഗ എട്ടിലും സുമിത്ര ഏഴിലും പഠിക്കുന്നു.
ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം
അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഇവർക്കറിയില്ല. തങ്ങളെ സംരക്ഷിച്ചില്ലെങ്കിലും അച്ഛനെ ഒന്ന് കാണണമെന്ന ആഗ്രഹം മക്കൾക്കുണ്ട്. അച്ഛന്റെയും അമ്മയുടേയും ബന്ധുക്കളെ കണ്ടെത്തണമെന്ന ആഗ്രഹവും മനസ്സിലുണ്ട്. ഇതിനായി ഒരുതവണ ദേവരാജ് തഞ്ചാവൂരിൽ പോയിരുന്നു. എന്നാൽ ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. തഞ്ചാവൂരിൽ അന്ന് താമസിച്ച സ്ഥലം അച്ഛന്റേതാണെന്നാണ് ദേവരാജ് കരുതുന്നത്. എന്നാൽ അതിന് ഒരു രേഖയും കൈവശമില്ല. സ്ഥലം കൃത്യമായി എവിടെയാണെന്നുപോലും നിശ്ചയമില്ല.
എൻജിനീയറിങ് പൂർത്തിയാക്കി എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്നാണ് അവന്റെ ആഗ്രഹം. സ്വന്തമായി ഭൂമി വേണം, വീട് വേണം. സഹോദരങ്ങൾക്ക് താങ്ങാവണം. ഇതെല്ലാമാണ് അവന്റെ ആഗ്രഹങ്ങൾ. തന്നേയും സഹോദരങ്ങളേയും തെരുവിൽനിന്ന് വീണ്ടെടുത്ത പേരാമ്പ്രയിൽ തന്നെ ജീവിക്കാനാണ് ദേവരാജിനിഷ്ടം. മികച്ച ഡാൻസർകൂടിയാണ് ദേവരാജ്. തെരുവിൽനിന്ന് തങ്ങളെ കൈപിടിച്ചുയർത്തിയവർ ഒരിക്കലും തങ്ങളുടെ ജാതിയോ മതമോ നോക്കിയിട്ടില്ലെന്നും കരുണയും സ്നേഹവുമാണ് ഞങ്ങൾക്ക് എവിടെയും കാണാൻ കഴിഞ്ഞതെന്നും ദേവരാജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.