സേതുമാധവം
text_fieldsഅമ്മ പറഞ്ഞത് അനുസരിച്ചില്ലായിരുന്നെങ്കിൽ സന്യാസിയായി തീരേണ്ട ആളായിരുന്നു കെ.എസ്. സേതുമാധവൻ. അമ്മ പറഞ്ഞത് അതേപടി അനുസരിച്ചിരുന്നെങ്കിൽ ഒരു ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആകുമായിരുന്നു. സ്വയം കേട്ടു നടന്നതിനാൽ അതൊന്നുമാകാതെ സിനിമക്കാരനായി. അറുപതിലേറെ സിനിമകൾ ചലച്ചിത്രലോകത്തിനു തന്നു. അതിൽ പലതും എക്കാലവും ഓർമിക്കുന്ന മികവുറ്റ സിനിമകളുമായിരുന്നു.
തട്ടുപൊളിപ്പൻ നാടകങ്ങളുടെ പരിസരത്തുകിടന്ന് ശ്വാസംമുട്ടിയ ഒരു കാലമുണ്ട് മലയാള സിനിമക്ക്. സ്റ്റേജിെൻറ സ്ഥലകാലപരിമിതികളെ അതേപടി സ്ക്രീനിലേക്കും പകർത്തിപ്പിടിച്ച ആ അനുഷ്ഠാനത്തിന് മാറ്റമുണ്ടാക്കിയത് ഒരുപിടി സിനിമക്കാരായിരുന്നു. അതിൽ ഏറ്റവും മുന്നിൽ ഓർമിക്കപ്പെടുന്ന പേര് കുരുക്കൾപാടം സുബ്രഹ്മണ്യൻ സേതുമാധവൻ എന്ന കെ.എസ്. സേതുമാധവേൻറതാണ്. മലയാളത്തിലെ മികവുറ്റ സാഹിത്യകൃതികളിൽ സിനിമയുടെ അപാരമായ സാധ്യതകൾ കണ്ടെത്താൻ കഴിഞ്ഞ, ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ സേതുമാധവൻ തന്നെയാണ്. കാൽ നൂറ്റാണ്ടായി സിനിമയുടെ ലോകത്തിൽനിന്ന് വിട്ടുനിന്നപ്പോഴും മലയാള സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകളെ നിസ്സാരമായി കാണാനാവില്ലായിരുന്നു. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, കെ.ടി. മുഹമ്മദ്, ഉറൂബ്, തോപ്പിൽ ഭാസി, മുട്ടത്തുവർക്കി, പാറപ്പുറത്ത്, മലയാറ്റൂർ രാമകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ, പി. പത്മരാജൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായിരുന്നു സേതുമാധവെൻറ എഴുത്താളർ. മലയാള സാഹിത്യവും സിനിമയും ചേർന്നുപോകുന്ന സംസ്കാരത്തിെൻറ മുഖ്യ പ്രയോക്താവുമായിരുന്നു അദ്ദേഹം.
ഉപേക്ഷിച്ച സന്യാസിവേഷം
1931ൽ പാലക്കാട്ടായിരുന്നു സേതുമാധവൻ ജനിച്ചത്. തമിഴ്നാട് വനംവകുപ്പിൽ റേഞ്ച് ഓഫിസറായിരുന്ന കെ.ആർ. സുബ്രഹ്മണ്യത്തിെൻറയും ലക്ഷ്മിയുടെയും മുത്തമകൻ. താഴെ മൂന്ന് അനിയത്തിമാരും ഒരു അനിയനും. എട്ടാമത്തെ വയസ്സിലെ അച്ഛെൻറ മരണം ആ വലിയ കുടുംബത്തെ പ്രതിസന്ധിയിലാക്കി. അതുവരെ താമസിച്ചിരുന്ന തമിഴ്നാട്ടിലെ ആർക്കോട്ടുനിന്ന് ജന്മദേശമായ പാലക്കാട്ടേക്കു മടങ്ങി. പാലക്കാട് ബി.ഇ.എം ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടി. ഒരിക്കൽ മകൻ വായിച്ചുകൊണ്ടിരുന്ന 'കനകക്കുന്നിലെ രഹസ്യം' എന്ന നോവൽ അമ്മ പിടിച്ചുവാങ്ങി. നോവൽവായന സ്വഭാവം ദൂഷ്യപ്പെടുത്തുമെന്ന് ഭയന്ന അമ്മ പകരം പറഞ്ഞുകൊടുത്തത് പുരാണ കഥകളായിരുന്നു.
അതിെൻറ വശ്യതയിൽ ഒരിക്കൽ അമ്മയോട് തെൻറ ആഗ്രഹം സേതുമാധവൻ തുറന്നുപറഞ്ഞു: 'എനിക്ക് സന്യാസിയാവണം...' പക്ഷേ, തപസ്വിയാവാൻ നാടും വീടും വിട്ട് കാടുകയറേണ്ട കാര്യമില്ലെന്നും കുടുംബത്തിെൻറ ഏക ആശ്രയം മകനാണെന്നും ഓർമപ്പെടുത്തി അമ്മ ആ വഴി തടഞ്ഞു.
അച്ഛനെപ്പോലെ ഒരു ഫോറസ്റ്റ് ഓഫിസറാകണം മകനെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അതിനായി പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ഇൻറർമീഡിയറ്റ് പാസായി ബോട്ടണി പ്രധാന വിഷയമായെടുത്ത് മദ്രാസ് പ്രസിഡൻസി കോളജിൽ ചേർന്നതുമാണ്. ആ പഠനം പക്ഷേ, സേതുമാധവെൻറ മനസ്സിൽ കാട്ടുപാതകളായിരുന്നില്ല തെളിച്ചിട്ടത്, സെല്ലുലോയ്ഡിലെ മഹാപ്രപഞ്ചമായിരുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമ പഠിക്കാൻ വന്ന ഒട്ടേറെപ്പേരുണ്ടായിരുന്നു അന്ന് ഹോസ്റ്റലിൽ. പ്രസിദ്ധനായ സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ അക്കാലത്തെ ഹോസ്റ്റൽ സുഹൃത്തായിരുന്നു. ആ സിനിമാപഠിതാക്കളിൽനിന്നും അവർ കൊണ്ടുവരുന്ന പുസ്തകങ്ങളിൽനിന്നും സേതുമാധവൻ ലോക സിനിമകളെക്കുറിച്ച് അറിഞ്ഞുതുടങ്ങി.
വേനലിൽ ഒരു മഴ
സിനിമക്കാരനാകണമെന്ന മോഹവുമായിട്ടായിരുന്നു ബിരുദപഠനം പൂർത്തിയാക്കി സേതുമാധവൻ പാലക്കാട്ടേക്കു മടങ്ങിയത്. തെൻറ ആഗ്രഹം അമ്മയെ അറിയിച്ചെങ്കിലും അമ്മക്ക് താൽപര്യം മകനെ ഫോറസ്റ്റ് ഓഫിസറാക്കണമെന്നായിരുന്നു. അക്കാലത്ത് പാലക്കാടിെൻറ തൊട്ടടുത്തായ കോയമ്പത്തൂരിൽ ചില സിനിമ സ്റ്റുഡിയോകളുണ്ടായിരുന്നു. ഭാഗ്യം തേടി ആറു മാസക്കാലം അലഞ്ഞു. കാര്യമായ യാതൊരു ഫലവുമുണ്ടായില്ല.
ഒടുവിൽ നാട്ടിലേക്കു മടങ്ങാമെന്ന് തീരുമാനിച്ച ദിവസമാണ് അവിചാരിതമായി വേനൽമഴ പെയ്തത്. മഴ നനയാതിരിക്കാൻ ഒ.വി. വിജയനും സുഹൃത്തുക്കളും സേതുമാധവൻ താമസിക്കുന്ന വീട്ടിലേക്കാണ് വന്നുകയറിയത്. അന്ന് വിജയൻ വിക്ടോറിയ കോളജിൽ ട്യൂട്ടറാണ്. 'ഖസാക്കിെൻറ ഇതിഹാസം' എഴുതിയിട്ടുമില്ല. വിജയൻ സേതുമാധവെൻറ കുടുംബസുഹൃത്തുമാണ്. സേതുവിെൻറ സിനിമാമോഹമറിഞ്ഞ വിജയെൻറ സുഹൃത്ത് സഹായിക്കാമെന്നേറ്റു. രാവിലെ അച്ഛനെ വന്നുകണ്ടാൽ കാര്യങ്ങൾ ശരിയാക്കാമെന്ന് അയാൾ ഉറപ്പുകൊടുത്തു. അയാളുടെ അച്ഛൻ ചന്ദ്രമൗലി കോയമ്പത്തൂരിൽ പൊലീസ് ഓഫിസറായിരുന്നു. ചന്ദ്രമൗലി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ മസ്താന് കൊടുക്കാനുള്ള കത്ത് നൽകി. മസ്താൻ സേതുമാധവനെയും കൂട്ടി സെൻട്രൽ സ്റ്റുഡിയോവിലെത്തി. ഇവനെ അപ്രൻറിസ് ആയി എടുക്കണമെന്ന് പരിചയക്കാരനായ മാനേജരോട് പറഞ്ഞു. അങ്ങനെ 1951ൽ എം.ജി.ആറിനെ നായകനാക്കി കെ. രാമനാഥ് സംവിധാനം ചെയ്ത 'മർമയോഗി'യിൽ അപ്രൻറിസ് ആയി ജോലി ചെയ്തുകൊണ്ട് സിനിമാജീവിതം തുടങ്ങി. ആ ബന്ധം അവർക്കിടയിൽ സൗഹൃദമായി വളർന്നു. രാമനാഥിെൻറ കൃത്യനിഷ്ഠയും എളിമയും അച്ചടക്കവും പിൽക്കാലത്ത് സേതുമാധവെൻറ സിനിമാജീവിതത്തെയും സ്വാധീനിച്ചു. പിന്നീട് സേലത്തെ മോഡേൺ തിയറ്ററിലെ ടി.ആർ. സുന്ദരത്തിെൻറ സഹായിയായി. അവിടെ നിന്ന് മദിരാശി നഗരത്തിലേക്ക് സേതുമാധവെൻറ സിനിമാജീവിതം പറിച്ചുനട്ടു.
ലങ്കയിൽനിന്നൊരു കുതിപ്പ്
അക്കാലത്ത് ശ്രീലങ്കൻ സിനിമകളുടെയും നിർമാണപ്രവർത്തനങ്ങളുടെ കേന്ദ്രം മദിരാശിയായിരുന്നു. അങ്ങനെയാണ് 1961ൽ 'വീരവിജയം' എന്ന സിംഹള സിനിമ സംവിധാനം ചെയ്യാൻ അവസരമുണ്ടായത്. അപ്പോഴും ഒരു മലയാള സിനിമ സംവിധാനം ചെയ്യണമെന്ന മോഹം അകന്നുനിന്നു.
വീരവിജയത്തിനുശേഷം ടി.ആർ. സുന്ദരം നിർമിച്ച 'കൈതി കണ്ണായിരം' എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യാൻ ആകസ്മികമായി അവസരമുണ്ടായി. ആ ചിത്രത്തിെൻറ കഥയെഴുതിയ എ.എസ്.എ സാമിക്കായിരുന്നു സംവിധാനച്ചുമതല. എന്നാൽ, ഷൂട്ടിങ് ആരംഭിച്ചയുടൻ സാമി പിണങ്ങിപ്പിരിഞ്ഞു. തുടങ്ങിവെച്ച ചിത്രം സംവിധാനം ചെയ്തു പൂർത്തിയാക്കിയത് സേതുമാധവനായിരുന്നു. പക്ഷേ, ടൈറ്റിൽ കാർഡിൽ സാമിയുടെ പേരുതന്നെ സംവിധായകനായി എഴുതിച്ചേർക്കണമെന്ന് നിഷ്കർഷിച്ചത് സേതുമാധവനായിരുന്നു.
കണ്ടം ബെക്കാതെ പോയ കോട്ട്
മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം 'കണ്ടംബെച്ച കോട്ട്' സംവിധാനം ചെയ്യേണ്ടിയിരുന്നത് സേതുമാധവനായിരുന്നു. തനിക്കൊപ്പം നിരവധി സിനിമകളിൽ സഹായിയായ സേതുമാധവനോടുള്ള വിശ്വാസംകൊണ്ട് ടി.ആർ. സുന്ദരം പുതിയ മലയാള ചിത്രത്തിെൻറ സ്വതന്ത്ര സംവിധാനച്ചുമതല സേതുമാധവനു നൽകാൻ തീരുമാനിച്ചു. ചിത്രം 'കണ്ടംബെച്ച കോട്ട്. മുഹമ്മദ് യൂസഫിെൻറ കഥക്ക് കെ.ടി. മുഹമ്മദ് തിരക്കഥയും സംഭാഷണവും. ചിത്രത്തിെൻറ ജോലികൾ ഏറക്കുറെ പൂർത്തിയായപ്പോഴാണ് ചില സമ്മർദങ്ങൾക്കു വഴങ്ങി ടി.ആർ. സുന്ദരം തന്നെ ചിത്രത്തിെൻറ സംവിധായകനാകാൻ തീരുമാനിച്ചത്. പക്ഷേ, ആ അനുഭവം അദ്ദേഹത്തെ തളർത്തിയില്ല. അതോടെ സേതുമാധവൻ മോഡേൺ തിയറ്ററിനോടു വിടപറഞ്ഞു.
ജ്ഞാനസ്നാനം
സേതുമാധവനെ മലയാള സിനിമയിലേക്ക് ജ്ഞാനസ്നാനം ചെയ്തത് 1961ൽ പുറത്തിറങ്ങിയ 'ജ്ഞാനസുന്ദരി'യിലൂടെയായിരുന്നു. മലയാളത്തിലെ പ്രമുഖ നിർമാതാവായ ടി.ഇ. വാസുദേവെൻറ അസോസിയറ്റ് പിക്ചേഴ്സായിരുന്നു ജ്ഞാനസുന്ദരിയുടെ നിർമാതാക്കൾ. ആ വർഷം ക്രിസ്മസിന് റിലീസായ ചിത്രത്തിൽ പ്രേംനസീറും എൽ. വിജയലക്ഷ്മിയുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ. മുട്ടത്തുവർക്കിയുടെ തിരക്കഥയിൽ ബൈബിൾ പശ്ചാത്തലത്തിൽ പിറന്ന ചിത്രം സൂപ്പർഹിറ്റായി. അഭയദേവും വി. ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കിയ ഗാനങ്ങൾ ഹിറ്റുമായി.
കണ്ണും കരളും കവർന്ന സിനിമകൾ
ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം കമൽഹാസനെ ആദ്യമായി അവതരിപ്പിച്ചത് സേതുമാധവനായിരുന്നു. 1962ൽ 'കണ്ണും കരളും' എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ആ അരങ്ങേറ്റം. 12 വർഷത്തിനുശേഷം കമൽഹാസനെ നായകനാക്കി എം.ടിയുടെ തിരക്കഥയിൽ 'കന്യാകുമാരി' എന്ന സിനിമയെടുത്തു. ആദ്യമായി നായകവേഷമിട്ട ആ ചിത്രത്തിലെ അഭിനയമാണ് കമലിന് ആദ്യമായി ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തത്.
ജ്ഞാനസുന്ദരിയുടെ വിജയം സേതുമാധവൻ എന്ന സംവിധാനപ്രതിഭയെ അംഗീകരിച്ചു. അതൊരു ജൈത്രയാത്രയായിരുന്നു. അറുപതിൽപരം സിനിമകളിലേക്ക് പരന്നൊഴുകിയ ചരിത്രഗാഥ. കണ്ണും കരളും, ഓമനക്കുട്ടൻ, ഓടയിൽനിന്ന്, സ്ഥാനാർഥി സാറാമ്മ, യക്ഷി, കടൽപ്പാലം, അടിമകൾ, വാഴ്വേമായം, അരനാഴികനേരം, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ചട്ടക്കാരി, ചുവന്ന സന്ധ്യകൾ, ഓപ്പോൾ, അവിടത്തെപ്പോലെ ഇവിടെയും, മറുപക്കം... 35 വർഷത്തിനിടയിൽ പിറന്ന സിനിമകളിൽ ഏറെയും ഒരേസമയം ജനപ്രിയവും കലാമൂല്യവും ഒന്നുചേർന്നതായിരുന്നു.
മറുപക്കത്തൊരു ദേശീയ പുരസ്കാരം
ദക്ഷിണേന്ത്യൻ സിനിമകളുടെ ആസ്ഥാനമായിരുന്നു തമിഴ്നാടെങ്കിലും തമിഴ് സിനിമക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടാൻ 1991 വരെ കാത്തിരിക്കേണ്ടിവന്നു. ദീർഘമായ ആ കാത്തിരിപ്പിന് അവസാനം കുറിച്ചത് തനിമലയാളിയായ സേതുമാധവെൻറ 'മറുപക്കം' എന്ന സിനിമയായിരുന്നു. മലയാളത്തിൽ നിരവധി സാഹിത്യകൃതികൾ സിനിമയാക്കിയ സേതുമാധവൻ ഇന്ദിര പാർഥസാരഥിയുടെ 'ഉച്ചിവെയിൽ' എന്ന നോവലാണ് മറുപക്കമാക്കി മാറ്റിയത്. തനിത്തമിഴരായ സംവിധായകർക്കുപോലും കഴിയാതിരുന്നത് തനിമലയാളിയായ സേതുമാധവൻ സാക്ഷാത്കരിച്ചു.
മറുപക്കത്തിനു പുറമെ ഒരുപിടി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളും സേതുമാധവൻ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത് വേനൽകിനാവുകൾ (1991) ആണ്.
പുരസ്കാരങ്ങൾ
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പുരസ്കാരങ്ങളുടെ ഒരു നിരതന്നെ സേതുമാധവനെ തേടിയെത്തിയിട്ടുണ്ട്. മികച്ച സംവിധായകന് മലയാളത്തിൽ മൂന്നു തവണ സംസ്ഥാന അവാർഡിന് അദ്ദേഹം അർഹനായി. അരനാഴികനേരം (1970), കരകാണാക്കടൽ (1972), ഓപ്പോൾ (1980).
ഓടയിൽനിന്ന് (1965), അടിമകൾ (1969), കരകാണാക്കടൽ (1971), പണിതീരാത്ത വീട് ( 1972) എന്നീ ചിത്രങ്ങൾക്ക് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരത്തിന് 1972ൽ 'അച്ഛനും ബാപ്പയും' അർഹമായി. 'മറുപക്ക'ത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ 'നമ്മവർ' (1994) മികച്ച തമിഴ് ചിത്രത്തിന് ദേശീയ അവാർഡ് നേടി. ഏറ്റവും അവസാനം സംവിധാനം ചെയ്ത 'സ്ത്രീ' (1995) മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാർഡിനും അർഹമായി.
2009ൽ മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരവും സേതുമാധവനെ തേടിവന്നു. പത്മപുരസ്കാരത്തിന് ഏറ്റവും അർഹനായ മലയാളിയായിരുന്നിട്ടും ആ പേര് പരിഗണിക്കാതെ പോയി എന്നത് വിചിത്രമായിരുന്നു. ഒരുപക്ഷേ, ജീവിതത്തിെൻറ മുക്കാൽ പങ്കും തമിഴ്നാട്ടിൽ ജീവിച്ച അദ്ദേഹത്തെ ഒരു മലയാളിയായി അംഗീകരിക്കാൻ കേരളം തയാറാവാതിരുന്നതാണോ...? തമിഴ്നാട് സർക്കാറിെൻറ കലൈമാമണി പുരസ്കാരത്തിെൻറ പട്ടികയിൽ പേരുണ്ടായിട്ടും അത് കിട്ടാതെ പോയത് മലയാളിയാണെന്ന കാരണത്താലായിരുന്നു എന്നോർക്കുമ്പോഴാണ് ആ വൈചിത്ര്യം ഇരട്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.