Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightചിരിയിൽ നിന്ന്​...

ചിരിയിൽ നിന്ന്​ ചിന്തയിലേക്ക്​ മലയാളിയെ 'വരച്ച വരയിൽ' നടത്തിച്ച യേശുദാസൻ

text_fields
bookmark_border
cartoonist yesudasan
cancel

ചിരിയിൽ നിന്ന്​ ചിന്തയിലേക്കും തിരിച്ചും മലയാളികളെ 'വരച്ച വരയിൽ' നടത്തിച്ച പാലമായിരുന്നു യേശുദാസന്‍റെ കാർട്ടൂണുകൾ. കുറിക്കുകൊള്ളുന്ന വരയും വരയിൽ കുറിച്ചിടുന്ന ചിരിയും ചിരിയിൽ നിന്നുയരുന്ന ചിന്തയുമൊക്കെയായി ആ കാർട്ടൂണുകൾ സാമൂഹിക-രാഷ്​ട്രീയ വിമർശനത്തിന്‍റെ തകരാത്ത 'പഞ്ചവടിപ്പാല'മായി നിലനിന്നു. യേശുദാസൻ സംഭാഷണമെഴുതിയ 'പഞ്ചവടിപ്പാലം' മലയാള സിനിമയിൽ രാഷ്​ട്രീയ-സാമൂഹിക ആക്ഷേപഹാസ്യത്തിന്‍റെ പുതുമ ചോരാതെ നിൽക്കുന്നതുപോലെ തന്നെ.

പാട്ടിൽ ഒരേയൊരു യേശുദാസ് എന്നതുപോലെ തന്നെ ഒരുകാലത്ത്​ മലയാളികൾ വരയിൽ ഒരേയൊരു യേശുദാസൻ എന്നതും ആഘോഷമാക്കി. പല ഗായകർക്കിടയിൽ യേശുദാസിന്‍റെ സ്വരം വേറിട്ട്​ നിന്നതു​േപാലെ കാർട്ടൂണിസ്റ്റുകൾക്കിടയിൽ യേശുദാസന്‍റെ വരകളും വേറിട്ടുതന്നെ നിന്നു. മലയാളത്തിലെ രാഷ്​ട്രീയ കാർട്ടൂണുകളുടെ കുലപതിയായി തന്നെയാണ്​ കേരളം അദ്ദേഹത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്​. ആക്ഷേപഹാസ്യത്തിന്‍റെ ചിരിയും വിമർശനത്തിന്‍റെ ചിന്തയും വിയോജിപ്പിന്‍റെ കലഹവും കോറിയിട്ട വരകളിലൂടെ ആറുപതിറ്റാണ്ടിലേറെ ഈ അടയാളപ്പെടുത്തൽ തെറ്റിയില്ലെന്ന്​​ യേശുദാസൻ തെളിയിച്ചുകൊ​​ണ്ടേയിരുന്നു. നിങ്ങൾക്ക്​ കലഹിക്കുകയും വിയോജിക്കുകയും ചെയ്യാം പക്ഷേ, അവഗണിക്കാനാകില്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ കറുത്ത ബ്രഷ്​ സ്​ട്രോക്കുകൾ.

വരകളിലൂടെ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടാണ്​ രാഷ്​ട്രീയ കാർട്ടൂണുകളുടെ തമ്പുരാന്‍റെ സിംഹാസനം യേശുദാസൻ നിർമ്മിച്ചെടുത്തത്​. 1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരിലാണ്​ അദ്ദേഹം വരച്ചു തുടങ്ങിയത്​. പിന്നീട്​ ജനയുഗം, ശങ്കേഴ്സ് വീക്കിലി, ബാലയുഗം, കട്ട് –കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. 1985ൽ മനോരമയിൽ ചേർന്നതോടെ മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി യേശുദാസൻ മാറി. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവും അദ്ദേഹമാണ്​. അസാധു, ടക് – ടക്, ടിക്–ടിക് എന്നീ പ്രസിദ്ധീകരണങ്ങളും അദ്ദേഹം നടത്തിയിരുന്നു. പിന്നീട്​ മെട്രോ വാർത്തയിലും ദേശാഭിമാനയിലും പ്രവർത്തിച്ചു.


യേശുദാസന്‍റെ ഇരുണ്ട പെൻസിൽ മുനകളുടെ മൂർച്ച അറിയാത്ത ഒരു രാഷ്​ട്രീയക്കാരും പൊതുപ്രവർത്തകരും ഒരുകാലത്ത്​ കേരളത്തിൽ ഉണ്ടായിരുന്നില്ല. യേശുദാസ​ൻ ബ്രഷ്​ സ്റ്റാൻഡിൽ നിന്നെടുത്ത്​ തൊടുത്തുവിട്ട വിമർശനത്തിന്‍റെയും ആക്ഷേപഹാസ്യത്തിന്‍റെയും ശരങ്ങൾ കൊള്ളേണ്ടിടത്തുതന്നെ കൊള്ളുകയും ചെയ്​തിരുന്നു. ബ്രഷ്​ സ്റ്റാൻഡിൽ ബ്രഷുകൾക്കൊപ്പം തന്നെയും വരച്ചിരുത്തി, അടിയിൽ യേശുദാസൻ എന്ന്​ ഒപ്പിട്ട്​ കലാജീവിതത്തെ അടയാളപ്പെടുത്തിയിരുന്ന അ​ദ്ദേഹം നിത്യവും കണ്ടു പരിചയിച്ച പല മുഖങ്ങളെയും കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലും കോറിയിട്ടു. വായനക്കാരെ ഏറെ ചിരിപ്പിച്ച കിട്ടുമ്മാവനും മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്‍റെ പരിചയക്കാർ തന്നെയായിരുന്നു.

ഗഹനമായിരുന്ന രാഷ്​ട്രീയ കാർട്ടൂണുകളെ സാധാരണക്കാരനിലേക്ക്​ എത്തിക്കുന്നതിൽ യേശുദാസൻ വഹിച്ച പങ്ക്​ ചെറുതല്ല. ഒ.വി. വിജയൻ അടക്കമുള്ളവരുടെ ദാർശനിക വരകൾ കണ്ട്, അതിന്‍റെ അർഥമറിയാൻ ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്ക്‌ ഓടേണ്ട ഗതികേട്‌ വായനക്കാരന്​ ഉണ്ടാകരുതെന്ന്​ ഉപദേശിച്ച്​ കാർട്ടൂണിസ്റ്റ്​ ശങ്കറാണ്​ യേശുദാസനെ മണ്ണിലിറങ്ങിയ വരക്കാരനാക്കിയത്​. കൃത്യമായ രാഷ്ട്രീയ നിരീക്ഷണവും വിപുലമായ വായനയും വേണമെന്ന ശങ്കറിന്‍റെ പാഠങ്ങളാണ്​ രാജ്യത്തെ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റുകളിലൊരാളായി യേശുദാസനെ മാറ്റിയത്​.


നായനാർ, കരുണാകരൻ, ഇ.എം.എസ്​ എന്നിവരാണ്​ യേശുദാസന്‍റെ കാർട്ടൂണുകളിൽ ഏറ്റവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്​. രാഷ്​ട്രീയക്കാർ മാത്രമല്ല പൊതുപ്രവർത്തകരും സിനിമാതാരങ്ങളും മത-സാമുദായിക നേതാക്കളുമൊക്കെ യേശുദാസന്‍റെ വരക്ക്​ വിഷയങ്ങളായി. വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥ കെ.ജി. ജോർജെന്ന ക്രാഫ്റ്റ്‌സ്മാൻ 'പഞ്ചവടിപ്പാലം' എന്ന മലയാളത്തിലെ ലക്ഷണമൊത്ത രാഷ്ട്രീയ-സാമൂഹിക ആക്ഷേപഹാസ്യ സിനിമയാക്കിയപ്പോൾ കുറിക്കുകൊള്ളുന്ന, കാലികമായ സംഭാഷണങ്ങൾ രചിച്ചത്​ യേശുദാസനാണ്​. 'എന്‍റെ പൊന്നുതമ്പുരാൻ' എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖരായ ഒമ്പത്‌ പത്രപ്രവർത്തകരുടെ ജീവിതം മീഡിയ അക്കാദമി ഡോക്യുഫിക്ഷനാക്കാൻ തീരുമാനിച്ചപ്പോൾ അതിലൊന്ന്​ യേശുദാസനായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതം പകർത്താൻ നിയോഗിക്കപ്പെട്ടത്​ സംവിധായകൻ സിബി മലയിലും. അതിന്‍റെ ചിത്രീകരണം പുരോഗമിക്കു​േമ്പാളാണ്​ വില്ലനായി കോവിഡ്​എത്തുന്നത്​.

മമ്മൂട്ടി അവതാരിക എഴുതുന്ന, ഉപരാഷ്​ട്രപതിയുടെ കുറിപ്പടക്കമുള്ള ആത്​മകഥയുടെ അവസാന മിനിക്കുപണികളിൽ കൂടിയായിരുന്നു അദ്ദേഹം. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങൾ യേശുദാസൻ രചിച്ചു. മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം അദ്ദേഹത്തെ തേടിയെത്തി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചു. എൻ.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക പുരസ്കാരം, ബി. എം. ഗഫൂർ കാർട്ടൂൺ അവാർഡ് തുടങ്ങിയവയെല്ലാം അംഗീകാരത്തിന്‍റെ മായാമുദ്രകളായി നിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yesudasanCartoonist Yesudasan
News Summary - Life and work of Cartoonist Yesudasan
Next Story