ഉമ്മർ ഫാറൂഖിന്റെ മാജിക്കൽ ഫാമിലി
text_fieldsമാജിക് കണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ണ് തള്ളാത്തവരായി ആരും ഉണ്ടാകില്ല. മജീഷ്യന്മാർ കാണിക്കുന്ന ഓരോ ഇനങ്ങളും സദസ്യരെ അത്ഭുതപ്പെടുത്തുന്നതിന്റെ ‘മാജിക്’ എന്താണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ജാലവിദ്യാ ലോകത്തെ ഓരോ കലാകാരനും കർശനമായി പാലിച്ചു പോരുന്ന ഒരു അലിഖിത നിയമമാണ് ഇതിന്റെ കാതൽ. സ്വന്തക്കാർക്ക് പോലും കൺകെട്ടിന്റെ കാണാരഹസ്യം പങ്കുവെക്കാൻ പാടില്ല എന്ന കർശന സ്വഭാവമുള്ള നിയമം. കഠിനമായ പരിശീലനത്തിനായി മെയ്യും മനവും പാകപ്പെടുത്തി ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറായി വരുന്നവർക്കൊഴികെ ഇന്നേവരെ ഒരു മജീഷ്യനും ഈ അത്ഭുത കലയുടെ രഹസ്യങ്ങൾ പങ്കുവെച്ചിട്ടുണ്ടാവില്ല. അതുതന്നെയാണ് ഈ കലക്ക് ഇന്നും ആസ്വാദകരെ പിടിച്ചിരുത്താൻ കഴിയുന്നതും.
25 വർഷങ്ങളായി പ്രവാസലോകത്ത് തന്റെ ജാലവിദ്യകളുമായി സദസ്യരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന ഉമ്മർ ഫാറൂഖ് എന്ന ഒറ്റപ്പാലത്തുകാരൻ, മാജിക്കിന്റെ രഹസ്യം ഒഴികെയുള്ള വിശേഷങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കുകയാണ്. ഈ ലേഖകന്റെ കൺമുന്നിൽ ഒരു പത്രത്തുണ്ട് കത്തിച്ച് ആ ചാരത്തിനിടയിൽ നിന്ന് 200 ദിർഹത്തിന്റെ കറൻസി പുറത്തെടുത്താണ് ഉമ്മർ ഫാറൂഖ് സംസാരിച്ചു തുടങ്ങിയത്. മുന്നിൽ കണ്ട മാജികിനേക്കാൾ അമ്പരപ്പിച്ചത് തന്റെ നാല് മക്കളും മാജിക് പഠിച്ചവരാണ് എന്ന വർത്തമാനമാണ്.
വേഗതയും ശാസ്ത്രവും സമന്വയിക്കുന്ന ഒരു പ്രതിഭാസമാണ് മാജിക് എന്ന് ഉമ്മർ നിർവചിക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ ട്യൂഷൻ ക്ലാസിൽ പോകുന്ന നാളുകളിൽ ഒരു മുതിർന്ന ക്ലാസുകാരൻ ട്യൂഷൻ സെന്ററിൽ കാണിച്ച പ്രകടനമാണ് ഉമ്മർ ഫാറൂഖിന്റെ മനസ്സിൽ മാജിക്കിന്റെ ആദ്യ വിത്ത് പാകിയത്. കൂട്ടുകാരുടെ കൺമുന്നിൽ വെറും ഒരു പെൻസിൽ കൈവെള്ളക്കുള്ളിൽ പിഴിഞ്ഞ് പിഴിഞ്ഞ് വെള്ളം ഒലിപ്പിച്ചു കാണിച്ചുകൊടുത്തു ആ മിടുക്കൻ. തന്നെപ്പോലെയുള്ള ഒരു കുട്ടിക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ തനിക്കും എന്തുകൊണ്ട് പറ്റില്ല എന്ന ചിന്തയിൽ നിന്നും തുടങ്ങിയ അഭിനിവേശം, കഠിനമായ പ്രയത്നത്തിലൂടെ ഊതിക്കാച്ചിയെടുത്തതാണ് ഇന്ന് ഉമ്മർ സ്വായത്തമാക്കിയ കൺകെട്ട് വിദ്യകൾ.
ചെറുപ്രായത്തിൽ തന്നെ ലഭ്യമായ പുസ്തകങ്ങൾ എല്ലാം തേടിപ്പിടിച്ച് ജാലവിദ്യയുടെ ബാലപാഠങ്ങൾ പരിശീലിക്കാൻ തുടങ്ങിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് തന്റെ ആദ്യ വിദ്യ വീട്ടുകാർക്ക് മുന്നിൽ ഉമ്മർ പരീക്ഷിച്ചത്. വെറും കടലാസുകൊണ്ട് ഒരു ചട്ടി ഉണ്ടാക്കി മെഴുകുതിരികൾെവച്ച് ചൂടാക്കി കടലാസ് ചട്ടിയിൽ എണ്ണയൊഴിച്ച് പപ്പടം കാച്ചി കാണിച്ചുകൊടുത്തു ഉമ്മർ.
കടലാസിന് ഒരു പോറലും ഏൽക്കാതെ തിളച്ച എണ്ണയിൽ കാച്ചിയ പപ്പടം ഉമ്മ അടക്കമുള്ള കാഴ്ചക്കാർക്ക് രുചിച്ചു നോക്കാനും കൊടുത്തു. മകന്റെ കഴിവിൽ സ്തബ്ധയായിപ്പോയ ആ മാതാവ് ഈ വിശേഷം അയൽക്കാരോടും കുടുംബക്കാരോടും ഒക്കെ അഭിമാനത്തോടെ പങ്കുവെച്ചു. ഒരു മാജിക്കുകാരൻ ജനിക്കുകയായിരുന്നു ഈ പ്രകടനത്തിലൂടെ. അന്നും ഇന്നും ഉമ്മ തന്നെയാണ് തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത് എന്ന് ഉമ്മർ സ്നേഹത്തോടെ ഓർക്കുന്നു.
തന്റെ വിദ്യകൾ നാലാൾ അറിഞ്ഞു തുടങ്ങിയത് മുതൽ സ്കൂളിലെ പരിപാടികളിലും കല്യാണവീട്ടിലും ഒക്കെ ഉമറിനെ തേടി അവസരങ്ങൾ വന്നുതുടങ്ങി. പുതിയ പുതിയ പരീക്ഷണങ്ങൾ തന്റെ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തി കയ്യടി നേടിക്കൊണ്ടിരുന്നു. ഇതിനിടെ കേരളത്തിലെ ജാലവിദ്യയുടെ ആചാര്യനായി അറിയപ്പെടുന്ന വാഴക്കുന്നം നമ്പൂതിരിപ്പാടിന്റെ മുതിർന്ന ശിഷ്യനായ ചീരക്കുഴി ഉണ്ണികൃഷ്ണനെ നേരിൽ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങി ഗുരു സ്ഥാനീയനായി നെഞ്ചിലേറ്റി. ജാതി മത ലിംഗ ഭേദമന്യേ ഏതുതരക്കാർക്കും ആസ്വദിക്കാവുന്ന ഒരു കല എന്നതിനാൽ പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും ഒക്കെ ഉമ്മറിന് വേദിയായി.
1998 പ്രവാസ ലോകത്തേക്ക് പറന്നിറങ്ങിയപ്പോൾ അത്യാവശ്യം മാജിക്കുകൾ കാണിക്കുവാനുള്ള സാധനസാമഗ്രികളും കൊണ്ടുവന്നിരുന്നു. ഒരു സ്വദേശിയുടെ മൊബൈൽ കടയിൽ ജോലി ചെയ്യുന്നതിനിടെ വീണ് കിട്ടുന്ന ഒഴിവുകളിൽ പ്രോഗ്രാമുകൾ ചെയ്യാറുണ്ടായിരുന്നു. ആവശ്യക്കാർ കൂടിയപ്പോൾ കൂടുതൽ സമയം മാജിക്കിൽ മുഴുകുവാൻ ജോലി വിട്ട് സ്വന്തം ബിസിനസിലേക്ക് ഇറങ്ങി. അർപ്പണ മനോഭാവത്തിനപ്പുറമുള്ള മാജിക്കുകളൊന്നും ബിസിനസ്സിൽ പകരം വെക്കാനാവില്ലല്ലോ ?ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയക്കുറവ് മൂലം അതും വിട്ട് മുഴുസമയ ജാലവിദ്യക്കാരനായി പ്രവാസം തുടരുകയാണ് ഉമ്മർ ഫാറൂഖ് ഇപ്പോൾ.
യുഎഇയിലും ഒമാനിലും ആയിരക്കണക്കിന് വേദികളിലാണ് ഉമർ കാണികളെ അത്ഭുതപ്പെടുത്തി ക്കൊണ്ടിരിക്കുന്നത്. മലയാളി കൂട്ടായ്മകളും കല്യാണ റിസപ്ഷനുകളും സ്വാതന്ത്ര്യദിനാഘോഷങ്ങളുമൊക്കെ ഉമറിന് തിരക്ക് കൂടുന്ന സീസണുകൾ തന്നെ. സ്വദേശികളുടെ മജിലിസുകളിലും പാലസുകളിലും അസംഖ്യം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ഉമർ. ശൂന്യതയിൽ നിന്ന് പൂവുകളും പ്രാവുകളും ജാലവിദ്യക്കാരന്റെ കൈകളിൽ എത്തുന്ന വിസ്മയ കാഴ്ചകൾക്കപ്പുറം സമൂഹത്തിന് ബോധവൽക്കരണം നടത്തുന്ന ഇനങ്ങളും ഉമറിന്റെ മാന്ത്രിക സഞ്ചിയിൽ ഉണ്ട്. ലഹരി വസ്തുക്കളെല്ലാം കൂടിയൊരു കാലിപ്പെട്ടിയിൽ ഇട്ട് കത്തിച്ച് അതിൽ നിന്നും വെറും അസ്ഥികൂടം പൊക്കിയെടുക്കുന്ന പ്രകടനം അമ്പരിപ്പിക്കുന്നതോടൊപ്പം ചിന്തക്ക് വഴിയൊരുക്കുന്നതും കൂടിയാണ്.
നാലു മക്കളുടെ പിതാവായ ഉമർ അവർക്ക് ഈ വിഷയത്തിൽ കർക്കശക്കാരനായ ഗുരുനാഥനും കൂടിയാണ്. മൂത്ത മകൻ ഹയാസ് മുഹിയുദ്ധീൻ, രണ്ടാമത്തെ മകൾ ഹയ ഫാത്തിമ, മൂന്നാമത്തെ മകൾ ഹൈഫ ഫാത്തിമ, നാലാമൻ ഹൈ ഫാസ് ബിലാൽ എന്നിവരും പിതാവിന്റെ വഴിയെ മാജിക് പരിശീലിച്ച് വേദികളിൽ കയ്യടി നേടാറുണ്ട്. ഇളയ മകൻ മൂന്നാമത്തെ വയസിൽ ജാലവിദ്യ കാണിച്ചു ആ വർഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ എന്ന ബഹുമതി നേടിയ മിടുക്കനാണ്.
ഇപ്പോൾ സ്കൂളിലെ മിക്ക പരിപാടികളിലും ഹൈഫാസിന്റെയും ഹൈഫയുടെയും പ്രകടനങ്ങൾ സ്കൂളുകൾക്ക് നിർബന്ധമാണ്. ഇവരെക്കൂടാതെ ഭാര്യ ഷെറീന മക്കളുടെയും ഭർത്താവിന്റെയും മാജിക് പഠനങ്ങൾക് പരിപൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. മുഹമ്മദ് ഹുസൈൻ ബീവി കുട്ടി ദമ്പതികളുടെ മകനാണ് ഉമ്മർ ഫാറൂഖ്. മാജിക് പഠിക്കാൻ താല്പര്യമുള്ളവർക്ക് ചിട്ടയായി പരിശീലനം നൽകാനും ഉമർ ഫാറൂഖ് സമയം കണ്ടെത്താറുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.