ഭർത്താവ് മുഖ്യാതിഥി, മത്സര വിജയിയായി ഭാര്യ; നവ്യാനുഭവമായി 'മെയ്ത്ര റൺ'
text_fieldsകോഴിക്കോട്: കോഴിക്കോട്: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് മെയ്ത്ര ഹോസ്പിറ്റൽ റോയൽ റണ്ണേഴ്സ് ക്ലബ് കാലിക്കറ്റ് സംഘടിപ്പിച്ച 'ഓർഗൻ ഡോണേഷൻ അവയർനെസ് റണ്ണിൽ' നിരവധി പേർ പങ്കെടുത്തു. ഡോ.മുരളി വെട്ടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വെറ്ററൻ റണ്ണറായ നളിനാക്ഷൻ കിഴക്കേടത്ത് മുഖ്യാതിഥിയായിരുന്നു.
അതേസമയം, മത്സരത്തിൽ നളിനാക്ഷന്റെ സഹധർമിണി അജയയാണ് മൂന്നാം സ്ഥാനത്ത് ഓടിക്കയറിത്. ഭർത്താവ് മുഖ്യാതിഥിയായി സമ്മാന വിതരണം നടത്തിയ ചടങ്ങിൽ ഭാര്യ സമ്മാനം വാങ്ങിക്കുന്ന ഒരു കൗതുകത്തിന് കൂടി റൺ സാക്ഷ്യവഹിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച നളിനാക്ഷനും ഭാര്യ അജയയും മാരത്തൺ ഓട്ടക്കാരായി മാറിയത് അടുത്ത കാലത്താണ്.
2020ൽ 'പനമ്പിള്ളി നഗർ റണ്ണേഴ്സ്' സംഘത്തിനൊപ്പം ചേർന്ന് ഓടി തുടങ്ങിയ ഇവർ ആദ്യ കാലത്ത് മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല.
മലപ്പുറത്ത് നടന്ന ഒരു മാരത്തണിലാണ് ആദ്യമായി പങ്കെടുക്കുന്നത്. തുടർന്ന് മുംബൈ മാരത്തോൺ,ഹൈദരാബാദ് മാരത്തോൺ,ഡൽഹി മാരത്തോൺ,വാഗമൺ ട്രെയിൽ റൺ, സ്പൈസ്കോസ്റ് മാരത്തോൺ,അഹമ്മദാബാദ് മാരത്തോൺ,ബംഗളൂരു മാരത്തോൺ,ചെന്നൈ മാരത്തോൺ,കോയമ്പത്തൂർ മാരത്തോൺ തുടങ്ങി ഇന്ത്യയിലെ പല അറിയപ്പെടുന്ന മത്സരങ്ങളിലും പങ്കെടുത്ത് നളിനാക്ഷൻ വിജയിയായി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തോൺ ആയ മുംബൈ മാരത്തണിൽ 2023 ൽ ഒന്നാം സ്ഥാനവും 2024 ൽ രണ്ടാം സ്ഥാനവും ലഭിച്ചു. ജൂണിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച നളിനാക്ഷൻ കൊച്ചി പനമ്പിള്ളി നഗറിൽ നിന്നും ഫറോക്ക് ചുങ്കത്തിനടുത്ത വീട്ടിലേക്ക് 168 കിലോമീറ്റർ ഓടിയത് വലിയ വാർത്തയായിരുന്നു. ഭാര്യ അജയയും മുംബൈ മരത്തോണിലും മൂന്നാർ മരത്തോണിലുൾപ്പെടെ കേരളത്തിലെ മിക്ക മരത്തോണുകളിലും പങ്കെടുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.