ബ്രിട്ടീഷ് കുടുംബത്തിന്‍റെ സ്നേഹത്തിന് നന്ദി ചൊല്ലി സുരേന്ദ്രൻ നാട്ടിലേക്ക്
text_fieldsനീണ്ട 38 വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുേമ്പാൾ സ്വന്തം വീട്ടിൽനിന്ന് ഇറങ്ങുന്നതുപോലൊരു വേദനയാണ് വടകര കടമേരി സ്വദേശി സുരേന്ദ്രൻ കേളോത്തിന്. 16 വർഷത്തോളം ഒരു ബ്രിട്ടീഷ് കുടുംബത്തിനൊപ്പം ഡ്രൈവറായാണ് ജോലി ചെയ്തത്. കുടുംബാംഗത്തെപ്പോലെ തങ്ങളോടൊപ്പം കഴിഞ്ഞ സുരേന്ദ്രനെ ഏറെ വിഷമത്തോടെയാണ് അവർ യാത്രയാക്കുന്നത്.
നവംബർ 11നാണ് സുരേന്ദ്രൻ നാട്ടിലേക്ക് തിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം അദ്ലിയയിലെ റസ്റ്റാറൻറിൽ ബ്രിട്ടീഷ് കുടുംബം സുരേന്ദ്രന് യാത്രയയപ്പ് പാർട്ടിയുമൊരുക്കി. സുരേന്ദ്രന് തിരിച്ചുവരണമെന്നു തോന്നിയാൽ അതിനും സൗകര്യമൊരുക്കി വിസ രണ്ടു വർഷത്തേക്കുകൂടി പുതുക്കി ഇൗ കുടുംബം.
18ാമത്തെ വയസ്സിലാണ് സുരേന്ദ്രൻ ബഹ്റൈനിൽ എത്തിയത്. ആദ്യ കാലത്ത് കൺസ്ട്രക്ഷൻ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്തു. പിന്നീട് ഇവിടെനിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തു. തുടർന്ന് ബഹ്റൈൻ ഗ്യാസ് ഡയറക്ടറുടെ ഡ്രൈവറായി കുറേക്കാലം ജോലി ചെയ്തു. അതിനുശേഷമാണ് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് കുടുംബത്തിനൊപ്പം ചേർന്നത്.
ഇവിടത്തെ രണ്ടു കുട്ടികളെ സ്കൂളിൽ കൊണ്ടുപോവുകയും തിരിച്ചു കൊണ്ടു വരുകയുമായിരുന്നു പ്രധാന ജോലി. കോവിഡ് കാലത്തും അതിനുമുമ്പും ഒരുപാട് സഹായിച്ച ബ്രിട്ടീഷ് കുടുംബത്തെ ഏറെ നന്ദിയോടെയും സ്നേഹത്തോടെയുമാണ് സുരേന്ദ്രൻ ഒാർക്കുന്നത്.
ബഹ്റൈനിൽ എത്തി 10 വർഷം കഴിഞ്ഞ് നാലുവർഷം സൗദിയിലും ജോലി ചെയ്തു. ഒരു പോറ്റമ്മയെപ്പോലെ കരുതുന്ന ബഹ്റൈനെ വിട്ടുപോകാൻ പ്രയാസമുണ്ടെങ്കിലും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാമെന്ന സന്തോഷമാണ് സുരേന്ദ്രനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.