കേരളം ടു ഈജിപ്ത്; സൈക്കിൾ ചവിട്ടിയൊരുസർവകലാശാല യാത്ര
text_fieldsമനാമ: ഈജിപ്ത്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനു അവസരം ലഭിച്ചപ്പോൾ അഹമ്മദ് സാബിത്ത് മറ്റൊന്നും വിചാരിച്ചില്ല, സൈക്കിളുമെടുത്ത് വെച്ചുപിടിച്ചു. കർണാടക കേരള അതിർത്തിയിലെ ദക്ഷിണ കർണാടകയിലെ ബെരിക്കട്ട എന്ന സ്ഥലത്താണ് വീട്. അവിടെ നിന്നും സൈക്കിളിൽ തിരുവനന്തപുരം ബീമാപള്ളിയിലെത്തി. 2022 ഒക്ടോബർ 19ന് ഔദ്യോഗികമായി സൈക്കിൾ യാത്ര ആരംഭിച്ചു. കൊറോണ കാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ നടത്തിയ യാത്ര നൽകിയ ആത്മ വിശ്വാസമാണ് ഇങ്ങനെ ഒരു സാഹസത്തിനു കരുത്ത് നൽകിയത്. കേരളം, കർണാടക, ഗോവ വഴി മുംബൈയിലെത്തി. ഇവിടെ നിന്നും ഫ്ലൈറ്റിലാണ് ഒമാനിലേക്ക് പുറപ്പെട്ടത്. ഒമാനിൽ നിന്നും വീണ്ടും സൈക്ലിങ് ആരംഭിച്ച് സലാല, മസ്കത്ത്, സോഹാർ, ഫുജൈറ വഴിയാണ് യു.എ.ഇയിൽ പ്രവേശിച്ചത്. ഓരോ രാജ്യത്ത് എത്തുമ്പോഴും നിരവധി മലയാളി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കാനും അവരുമായി സംവദിക്കാനും യാത്രാനുഭവങ്ങൾ പങ്കുവെക്കാനും കഴിഞ്ഞു.
സൗദിയിലെത്തിയപ്പോൾ യാത്ര ഏഴു മാസം പിന്നിട്ടിരുന്നു. അവിടെ വെച്ച് നാട്ടിൽനിന്നെത്തിയ ഉപ്പയോടും ഉമ്മയോടും ഒന്നിച്ചു ഉംറ നിർവഹിക്കാൻ കഴിഞ്ഞു. സൗദിയിലെ ഇന്ത്യൻ കോൺസലിന്റെ പ്രത്യേക അതിഥിയായി ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചതും യാത്രയിൽ ഇരട്ടി സന്തോഷം നൽകി.
സൗദി കോസ് വേയിലൂടെ ബഹ്റൈനിൽ പ്രവേശിച്ചപ്പോൾ യാത്ര ഇരുന്നൂറ്റമ്പതോളം ദിവസങ്ങൾ പിന്നിട്ടിരുന്നു. യാത്രയിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെങ്കിലും, ഇപ്പോഴത്തെ അസഹ്യ ചൂട് വെല്ലുവിളിയാണ്. ബഹ്റൈനിൽ നിന്നും ഖത്തർ, ജോർഡൻ, ഇസ്രായേൽ വഴി ഈജിപ്തിലെ ലക്ഷ്യസ്ഥാനമായ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം. മാറിൻ ഫോർ കോർണർ ഗിയർ സൈക്കിളിലാണ് യാത്ര. പാചകം ചെയ്യാനുള്ള സാമഗ്രികളും ടെന്റും മറ്റും സൈക്കിളിൽ കരുതിയിട്ടുണ്ട്. പ്രഭാഷണങ്ങൾ നടത്തി സമ്പാദിച്ച തുകയിൽനിന്നാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്.
അബ്ദുറഹ്മാൻ ഹവ്വ ദമ്പതികളുടെ മകനായ അഹമ്മദ് സാബിത് മഞ്ചേശ്വരം ദാറുൽ ഖുർആൻ കുമ്പളം ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽനിന്നാണ് ഹിഫ്ളും ബിരുദവും നേടിയത്. പിന്നീട് ഉർദുവിലും മനഃശാസ്ത്രത്തിലും ബിരുദവും നേടി. മികച്ച ട്രെയിനർ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോഡ്, കലംസ് വേൾഡ് ഓഫ് റെക്കോഡ് പുരസ്കാരങ്ങളും കഴിഞ്ഞ വർഷങ്ങളിൽ സാബിത്തിനു ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.