38 വർഷങ്ങൾ പവിഴദ്വീപിൽ; റജി തോമസ് നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 38 വർഷങ്ങൾ പവിഴദ്വീപിൽ ചെലവഴിച്ച ശേഷം പത്തനംതിട്ട സ്വദേശി റജി തോമസ് നാട്ടിലേക്ക് വിമാനം കയറുകയാണ്. 1985ൽ ബഹ്റൈനിലെത്തിയതാണ് റജി. അന്നുമുതൽ ഇന്നുവരെ ഒരേ സ്ഥാപനത്തിലായിരുന്നു ജോലി. അവാൽ സ്റ്റോറിൽ എംേപ്ലായിയായാണ് തുടക്കം.
20ാം വയസ്സിൽ ഡിഗ്രി പരീക്ഷ എഴുതി നിൽക്കുന്ന സമയത്ത് അമ്മാവനാണ് റജിയെ ബഹ്റൈനിലെത്തിച്ചത്. 2019ൽ അവാൽ സ്റ്റോറുകൾ ഉടമകൾ നിർത്തിയപ്പോൾ അവരുടെതന്നെ സ്ഥാപനമായ അവാൽ റിയൽ എസ്റ്റേറ്റിലേക്കു മാറി. മക്കൾ രണ്ടുപേരും യു.കെയിലേക്ക് പോയതോടെ നാട്ടിൽ ഭാര്യ തനിച്ചായി.
ഭാര്യാമാതാവിനെ പരിചരിക്കേണ്ട ആവശ്യകതകൂടി പരിഗണിച്ചാണ് നാട്ടിലേക്ക് തിരികെപ്പോകുന്നതെന്ന് റജി തോമസ് പറഞ്ഞു. ഈ നാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മരണം വരെ ഇവിടെ തുടരണമെന്നാണ് സ്ഥാപന ഉടമകൾ പറഞ്ഞിരുന്നത്. പ്രോപ്പർട്ടി മാനേജറായാണ് ഉദ്യോഗത്തിൽനിന്ന് പിരിയുന്നത്. ബഹ്റൈനിൽ ‘ഗൾഫ്മാധ്യമം’ പ്രസിദ്ധീകരിച്ചുതുടങ്ങിയ അന്നുമുതൽ മുടങ്ങാതെ വായനക്കാരനാണ്. ഗൾഫ്മാധ്യമം രാവിലെ വായിച്ചശേഷമേ ഓഫിസിൽ പോകാറുള്ളൂ.
പത്രം അവധിയുള്ള ദിവസങ്ങളിൽ തന്റെ ദിനചര്യകൾപോലും താളംതെറ്റുമെന്ന് അദ്ദേഹം പറയുന്നു. തന്റെ യൗവനം മുഴുവൻ ചെലവഴിച്ച ഈ നാടിനോട് എന്നും സ്നേഹം മാത്രമേയുള്ളൂ എന്നും പത്തനംതിട്ട റാന്നി ചിറപറമ്പിൽ വീട്ടിൽ റജി തോമസെന്ന റജി പറഞ്ഞു. ആഗസ്റ്റ് രണ്ടിന് റജി നാട്ടിലേക്കു തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.