39 വർഷം നീണ്ട പ്രവാസം; പ്രസന്നകുമാർ തിരികെ അഞ്ചലിലേക്ക്
text_fieldsമനാമ: നീണ്ട 39 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് കൊല്ലം പുനലൂർ അഞ്ചൽ സ്വദേശി പ്രസന്നകുമാർ നാട്ടിലേക്ക്. 1984 ജൂലൈയിൽ ബഹ്റൈനിലെത്തിയ പ്രസന്നകുമാർ ഒരു കമ്പനിയിലാണ് ഇത്രനാൾ ജോലി ചെയ്തത്. യത്തീം എയർകണ്ടീഷനിങ്ങിൽ വർക് ഷോപ് ഇൻചാർജായാണ് വിരമിക്കുന്നത്. ബഹ്റൈനിലെത്തുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത വിശാലമായ അനുഭവങ്ങളും പ്രസന്നകുമാറിനുണ്ട്.
സുഡാൻ, ഒമാൻ, ഇറാഖ്, യു.എ.ഇ എന്നീ രാജ്യങ്ങളിൽ ഏഴു വർഷത്തോളം ജോലി ചെയ്തു. ഇറാഖും ഇറാനുമായി യുദ്ധം നടക്കുന്ന കാലയളവിലാണ് ഇറാഖിലുണ്ടായിരുന്നത്. ഒമ്പതു മാസത്തോളം അവിടെ ജോലി ചെയ്തു. ഇറാഖിൽനിന്ന് പോന്നശേഷം ദുബൈയിലാണെത്തിയത്. അവിടെ കുറച്ചുകാലമേ ജോലിചെയ്തുള്ളൂ. അതിനുശേഷം ബഹ്റൈനിലെത്തുകയായിരുന്നു.
പ്രവാസം തുടങ്ങുന്നതിനുമുമ്പ് ഗുജറാത്തിലും ബോംബെയിലും ജോലി ചെയ്ത പരിചയവും പ്രസന്നനുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് ലഭിച്ച തൊഴിൽപരിചയം തനിക്ക് വളരെയേറെ സഹായകരമായെന്ന് പ്രസന്നകുമാർ പറഞ്ഞു. യത്തീം കമ്പനിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചത് കമ്പനി ഉടമകളുടെ സ്നേഹമാണ്. അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
35 വർഷം മുമ്പ് ഭാര്യ ഉഷയും ബഹ്റൈനിലെത്തി. കുട്ടികളുടെ വിദ്യാഭ്യാസം ന്യൂ ഇന്ത്യൻ സ്കൂളിലായിരുന്നു. മൂത്ത മകൾ പ്രിഞ്ചു സീഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. മകളുടെ ഭർത്താവും പേരക്കുട്ടികളുമൊന്നിച്ചായിരുന്നു ജുഫൈറിൽ താമസിച്ചിരുന്നത്. ഇളയ മകൾ രേവതി ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽനിന്ന് ആർക്കിടെക്ച്ചർ പാസായശേഷം ഇപ്പോൾ ദുബൈയിലാണ് ജോലി. ഈ മാസം ഒമ്പതിന് തിരുവനന്തപുരത്തേക്ക് പ്രസന്നകുമാറും ഉഷയും വിമാനം കയറും.
അഞ്ചലിൽ ഉഷസ്സ് എന്ന വീട്ടിലായിരിക്കും ഇനിയുള്ള ജീവിതം. റബറടക്കം അവിടെ കൃഷിയുണ്ട്. കൃഷിയും മറ്റുമായി വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. 39 വർഷമായി സ്വന്തം നാടുപോലെ കരുതിയിരുന്ന പവിഴദ്വീപിനോട് വിടപറയുമ്പോൾ വിഷമമുണ്ടെന്നും പ്രസന്നകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.