48 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം; സുദേവനും ഷീലയും നാട്ടിലേക്ക്
text_fieldsറാസല്‍ഖൈമ: അരനൂറ്റാണ്ടടുത്ത ഗള്‍ഫ് ജീവിതത്തിന് വിരാമമിട്ട് രാഘവന് സുദേവനും ഭാര്യ ഷീലയും നാടണയുകയാണ്. 1976ലാണ് സുദേവന് യു.എ.ഇയിലെത്തിയത്. ’77ല്‍ റാക് ഇംബ ട്രേഡിങ് ആൻഡ് പെയ്ന്റിങ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം പ്രോജക്ട് മാനേജര്‍ തസ്തികയില്‍നിന്ന് പിരിഞ്ഞാണ് 47 വര്‍ഷം നീണ്ട ഇംബയിലെ സേവനം അവസാനിപ്പിക്കുന്നത്.
ആഹ്ലാദകരവും സംതൃപ്തവുമായ ജീവിതമാണ് റാസല്‍ഖൈമ തങ്ങള്‍ക്ക് നല്‍കിയതെന്ന് സുദേവനും ഷീലയും ഓർക്കുന്നു. എമിറേറ്റിന്റെ വളര്‍ച്ചയുടെ ഓരോ ചുവടും അനുഭവിച്ചറിഞ്ഞത് കൗതുകപ്പെടുത്തുന്ന ഓര്‍മയാണെന്നും തദ്ദേശീയരുമായും വിവിധ രാജ്യക്കാരുമായുണ്ടാക്കിയ സൗഹൃദവലയം സന്തോഷം നല്‍കുന്നതാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നു.
റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന് ശൈഖ് സഖറുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് അഭിമാനകരമാണ്. താമസ രേഖയില്ലാത്തവരെ തിരഞ്ഞുപിടിച്ച് കയറ്റി അയക്കാന്‍ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിച്ചിരുന്ന കാലത്തും മലയാളികൾക്ക് പ്രത്യേക പരിഗണന ലഭിച്ചത് നല്ല ഓര്‍മയാണ്. നീണ്ട മരുഭൂവാസത്തില്‍ നാട്ടില്‍നിന്നുള്ള നൂറുകണക്കിനു പേര്‍ക്ക് യു.എ.ഇയില്‍ ഉപജീവനത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ഥ്യം നല്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷിത ജീവിതം സാധ്യമാക്കിയ ഭരണാധികാരികളോടും സര്‍വ പിന്തുണയും നല്കിയ കമ്പനി സ്പോണ്സര് മന്‍സൂര്‍ അല്‍ സഫവി, സഹ പ്രവര്‍ത്തകര്‍ തുടങ്ങിയവരോടും കടപ്പാടുണ്ടെന്നും എസ്.എന്‍.ഡി.പി സേവനം, ഭദ്രത അസോസിയേഷന് തുടങ്ങിയ കൂട്ടായ്മകളോട് ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സുദേവന് പറഞ്ഞു.
തിരുവനന്തപുരം വര്‍ക്കല ഇലകമണ്‍ പുതുവല്‍ കല്ലുവിള വീട്ടില്‍ രാഘവന്റെയും ഭാര്‍ഗവിയുടെയും മകനാണ് രാഘവന് സുദേവന്. തിരുവനന്തപുരം കിഴക്കേപ്പുറം സദാനന്ദന്-അംബിക ദമ്പതികളുടെ മകളാണ് ഷീല. മക്കള്‍: സ്മിത, സിബു. മരുമക്കള്‍: സുജിത്, പ്രിയ(എല്ലാവരും ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.