പന്ത് നിലംതൊടാതെ 49 മണിക്കൂർ; ലോക റെക്കോഡുമായി റികാർഡിന്യോ
text_fieldsദോഹ: പന്തുകളിക്കാനും ഗോളടിക്കാനുമെല്ലാം ആയിരങ്ങളുണ്ടാകും. എന്നാൽ, പന്തിനെ നിലംതൊടാതെ മണിക്കൂറുകൾ തട്ടിക്കളിച്ച്, ഫ്രീസ്റ്റൈൽ ഫുട്ബാളിൽ കിങ് ആയി വാഴാൻ ലോകത്ത് ബ്രസീലുകരനായ റിക്കാർഡോ സിൽവ നെവസ് എന്ന റികാർഡിന്യോ ഡി എംബിയക്സാഡിനാസ് മാത്രമേയുള്ളൂ. ഫ്രീസ്റ്റൈൽ ഫുട്ബാളിലെ കിരീടം വെക്കാത്ത രാജാവായ ഈ ബ്രസീലുകാരൻ ഏഷ്യൻ കപ്പ് ഫുട്ബാളിനിടെയും ഖത്തറിൽ ലോക റെക്കോഡ് സൃഷ്ടിച്ചു.
പത്തും 20ഉം മണിക്കൂറല്ല, തുടർച്ചയായി 49 മണിക്കൂറിലേറെ നേരം ജഗ്ലിങ് നടത്തിയാണ് കതാറ കൾചറൽ വില്ലേജിലെ പ്രത്യേക ഷോയിലൂടെ ഈ 59കാരൻ പുതിയ ലോക റെക്കോഡ് കുറിച്ചത്. കൃത്യമായി പറഞ്ഞാൽ 49 മണിക്കൂർ മൂന്നുമിനിറ്റു നേരം. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ വേളയിൽ റികാർഡിന്യോ കതാറയിൽ തന്നെ നടത്തിയ പ്രകടനത്തിലൂടെ സ്ഥാപിച്ച 48 മണിക്കൂർ എന്ന റെക്കോഡാണ് ഇത്തവണ പൊളിച്ചെഴുതിയത്. ജനുവരി 21ന് രാത്രി ഏഴുമണിക്ക് ആരംഭിച്ച ഫ്രീസ്റ്റൈൽ ഫുട്ബാൾ റെക്കോഡ് പ്രദർശനം 23ന് 49 മണിക്കൂർ പിന്നിട്ടതിനു പിന്നാലെയാണ് അവസാനിച്ചത്. ലോകറെക്കോഡ് കടന്ന് മുന്നേറിയതിനുപിന്നാലെ, പന്ത് കൈവിട്ടപ്പോൾ ശരീരം തളർന്നുവീണ റികാർഡിന്യോക്ക് ഉടൻ അടിയന്തര ചികിത്സയും നൽകി.
കതാറയിലെ അൽ ഹിക്മ ഏരിയയിലായിരുന്നു പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഷോ നടന്നത്. കാണികളെ കൂടി സാക്ഷിയാക്കിയായിരുന്നു പ്രദർശനം. അരികിലായി സമയം അടയാളപ്പെടുത്തുന്ന ഡിജിറ്റൽ ക്ലോക്കും തയാറാക്കിയിരുന്നു. ലോകകപ്പിനിടെ 48 മണിക്കൂറും രണ്ട് മിനിറ്റുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം.
ഇരുകാലുകളുപയോഗിച്ച് പന്തിനെ വായുവിൽ ഉയർത്തിയും തോളിലും തലയിലുമായി പന്തിനെ മെരുക്കിയുമെല്ലാമായിരുന്നു രണ്ടു ദിവസത്തിലേറെ നീണ്ടുനിന്ന പ്രദർശനം. ഫ്രീസ്റ്റൈൽ ഫുട്ബാളിൽ ലോകമറിയുന്ന താരമായ ഈ 59കാരന്റെ പന്തടക്കം നേരത്തെയും ലോകപ്രശസ്തമാണ്. രണ്ടു വർഷം മുമ്പുള്ള കണക്കുകൾ പ്രകാരം 32 തവണയാണ് ഇദ്ദേഹം ഫ്രീസ്റ്റൈൽ ഫുട്ബാളിൽ ലോകറെക്കോഡ് കുറിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും ഉൾപ്പെടെ പ്രാഥമിക കൃത്യങ്ങൾക്കിടയിലും പന്തിനെ നിയന്ത്രിക്കുന്ന മികവ് റികാർഡിന്യോ നേരത്തെ അഭിമുഖങ്ങളിൽ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.