49 വർഷത്തെ പാലസ് സേവനം; മുഹമ്മദ് കുഞ്ഞ് ഇനി നാട്ടിലേക്ക്
text_fieldsമനാമ: 49 വർഷം നീണ്ട ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞ് തിരികെ നാട്ടിലേക്കു പോകുകയാണ്. 1975 മേയിലാണ് പുതിയങ്ങാടി കല്ലാനകത്ത് മുഹമ്മദ് കുഞ്ഞ് ബഹ്റൈനിലെത്തിയത്. മംഗലാപുരത്തുനിന്ന് ബസിലാണ് ബോംബെയിലെത്തിയത്. പാലസിലായിരുന്നു ജോലി കിട്ടിയത് എന്നതിനാൽ വിമാനത്തിലാണ് ബഹ്റൈനിലെത്തിയത്. റഫയിലെ പാലസിലായിരുന്നു ജോലി. പിന്നീട് മസലയിലെ പാലസ് ഗസ്റ്റ് ഹൗസിലേക്കു മാറി.
1983ലാണ് കുടുംബത്തെ ഇങ്ങോട്ട് കൂട്ടിയത്. മൂത്ത രണ്ടു കുട്ടികളും ഇവിടെയാണ് ജനിച്ചത്. മൂന്നാമത്തെ മകളുടെ ജനനം നാട്ടിലായിരുന്നു. മൂന്നു കുട്ടികളും ആദ്യം ഇന്ത്യൻ സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. പിന്നീട് നാട്ടിലേക്ക് പോകുകയായിരുന്നു. കുടുംബത്തിനും തനിക്കും എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭിച്ചിരുന്നെന്ന് മുഹമ്മദ് കുഞ്ഞ് പറഞ്ഞു. ജോലിക്കാരോട് സ്നേഹപൂർവമാണ് രാജകുടുംബാംഗങ്ങൾ പെരുമാറിയിരുന്നത്. മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു.
കുട്ടികളടക്കമുള്ള രാജകുടുംബാംഗങ്ങളെല്ലാവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവിടെനിന്ന് തിരിച്ചുപോകാൻ മനസ്സുണ്ടായിരുന്നില്ല. പിന്നെ ശാരീരികാസ്വാസ്ഥ്യങ്ങൾ വർധിച്ച സാഹചര്യത്തിൽ മക്കൾ അവരുടെ കൂടെ താമസിക്കാൻ നിർബന്ധിക്കുകയായിരുന്നു. രാജകുടുംബത്തോട് ചോദിച്ച് അനുവാദം വാങ്ങിയശേഷമാണ് നാട്ടിലേക്കു പോകുന്നത്. അരനൂറ്റാണ്ടുകാലം താൻ ജീവിച്ച ബഹ്റൈൻ എന്നും മനസ്സിലുണ്ടാകുമെന്നും മുഹമ്മദ് കുഞ്ഞ് പറഞ്ഞു.
മുഹമ്മദ് കുഞ്ഞ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.