അര നൂറ്റാണ്ടിന്‍റെ പ്രവാസം; ഏളാട്ട് അബ്ദുസ്സലാം നാട്ടിലേക്ക്
text_fieldsഅബൂദബി: അരനൂറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച കണ്ണൂര്‍ സിറ്റി ഏളാട്ട് അബ്ദുസ്സലാം നാട്ടിലേക്കു മടങ്ങുന്നു. 1975ലാണ് ബോംബെയില്‍നിന്ന് ഉരുവിൽ കയറി ഇദ്ദേഹം യു.എ.ഇയിലെത്തിയത്. ആദ്യം അബൂദബി ടൂറിസ്റ്റ് ക്ലബിലായിരുന്നു ജോലി. ടാക്‌സി ഡ്രൈവറായും വീടുകളിലും മാറിമാറി ജോലി ചെയ്തു.
അബൂദബി അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷനിലും പണിയെടുത്തു. അഡ്‌നോക്കിലെ ജോലി നഷ്ടമായതോടെ, ഇവിടെ തന്നെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന ഇമാറാത്തി പൗരന്‍ സ്വന്തം ഫാമിലേക്ക് നിയമിച്ചു. 35 വര്‍ഷമായി, അബൂദബി സ്വൈഹാനിലെ ഈ ഫാം നോക്കി നടത്തിവരുകയാണ്. മൂന്നേക്കർ മരുഭൂ പ്രദേശത്ത് ആദ്യം ഈന്തപ്പന മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാലക്രമേണ ആട്, കോഴി, താറാവ്, മാന്‍, പ്രാവ് തുടങ്ങിയവയെ വളര്‍ത്താന്‍ തുടങ്ങി.
പുൽകൃഷി വ്യാപകമായി തുടങ്ങുകയും വില്‍ക്കാനും ആരംഭിച്ചു. വരുമാനം വന്നുതുടങ്ങിയതോടെ കൂടുതല്‍ തൊഴിലാളികളെ നിയമിച്ച് കൃഷിയും കാര്യങ്ങളും നോക്കിവരുകയായിരുന്നു. പിന്നീട് ഫാമിന്‍റെ നോക്കിനടത്തിപ്പ് മകന്‍ ഷംഷീര്‍ അലിക്കു കൈമാറി. സ്വൈഹാന്‍ ടൗണില്‍നിന്ന് നഹല്‍ റോഡില്‍ ഫാം ബിസിനസ് അടക്കം നടത്തിവരുകയാണ് ഷംഷീര്‍.
ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് അബ്ദുസ്സലാമിന്‍റെ ആഗ്രഹം. അബൂദബി ടൂറിസ്റ്റ് ക്ലബില്‍ ജോലി ചെയ്യുന്നതിനിടെ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ്, ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്മദ് തുടങ്ങിയ പ്രമുഖരെ കാണാനും ഇടപഴകാനും അവസരം ലഭിച്ചത് അബ്ദുസ്സലാം ഭാഗ്യമായി കരുതുന്നു.
തുടക്കകാലം മുതല്‍തന്നെ കെ.എം.സി.സിയുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കണ്ണൂര്‍ താഴെചൊവ്വ സാജിത മൻസിലില്‍ സാജിതയാണ് ഭാര്യ. സബീര്‍ അലി, സമീര്‍ അലി, സഅദിയ എന്നിവരാണ് മറ്റു മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.