ആ വിജയ യാത്രക്ക് അരനൂറ്റാണ്ട്
text_fieldsദുബൈ: 1973 ഡിസംബർ 31ന് ദുബൈ റാശിദ് തുറമുഖത്ത് ഒരു കപ്പൽ തീരമണഞ്ഞു. മുംബൈയിൽനിന്ന് പുറപ്പെട്ട ‘ദുംറ’ എന്ന യാത്രാകപ്പലായിരുന്നു അത്. നൂറുകണക്കിന് ഇന്ത്യക്കാരെയും വഹിച്ചുവന്ന ആ കപ്പലിൽ നിന്ന് പുറത്തിറങ്ങിയ ഒരു ചെറുപ്പക്കാരന് അതൊരു യാത്രയുടെ അവസാനമായിരുന്നില്ല. മറിച്ച് പ്രവാസത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ജൈത്രയാത്രയുടെ തുടക്കമായിരുന്നു. മലയാളത്തിന്റെ വിശ്വപൗരനായി വളർന്ന് വാണിജ്യ, സാമൂഹിക, ജീവകാരുണ്യ രംഗത്ത് താരതമ്യങ്ങളില്ലാത്ത ഉയരങ്ങളിലേക്ക് വളർന്ന എം.എ യൂസുഫലിയായിരുന്നു അത്.
പ്രവാസത്തിന്റെ ഇതിഹാസ നാൾവഴികളിലെ സുവർണരേഖയായി മാറിയ ആ കപ്പൽ യാത്രക്ക് ഞായറാഴ്ച അരനൂറ്റാണ്ട് തികയുകയാണ്. മലയാളി കഴിഞ്ഞ ദശകങ്ങളിൽ ദർശിച്ച ഏറ്റവും വലിയ വിജയം കൈവരിച്ച ബിസിനസുകാരനാണ് എം.എ യൂസുഫലി. മുഖവുരയില്ലാതെ എല്ലാവർക്കും പരിചിതമായ വ്യക്തിത്വം. ‘ലുലു’ എന്ന നാമം ഇന്ന് അതിന്റെ പരസ്യവാചകം പോലെ ‘ലോകം ഷോപ്പിങ്ങിന് എത്തുന്നയിട’മായിരിക്കുന്നു.
ആറു ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 250ലേറെ ഹൈപ്പർ മാർക്കറ്റുകളായി അത് വളർന്നുപന്തലിച്ചു. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഒരു കച്ചവട സാമ്രാജ്യം പടുത്തുയർത്തിയതിന്റെ പേരിൽ മാത്രമല്ല, അവശരും അശരണരുമായ മനുഷ്യരിലേക്ക് കനിവിന്റെ കൈനീട്ടിയാണ് യൂസുഫലി ജനങ്ങളുടെ മനസിൽ ഇടം നേടിയത്. എന്നാൽ, തനിക്ക് സഹായത്തിന്റെയും കാരുണ്യത്തിന്റെയും കണക്കുവെക്കാനിഷ്ടമില്ലെന്നാണ് അദ്ദേഹത്തിന്റെ നയം. അത്രയേറെ മനുഷ്യരിലേക്ക് ആ കനിവെത്തിയിട്ടുണ്ട്.
അബൂദബി അൽ വത്ബ ജയിലിലെ തൂക്കുമരത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണൻ മുതൽ യുദ്ധക്കെടുതിയിൽ വലയുന്ന ഗസ്സയിലെ പിഞ്ചു കുട്ടികളിലേക്ക് വരെ ആ കാരുണ്യത്തിന്റെ കൈകളെത്തി. സഹായങ്ങൾ മറ്റുള്ളവർക്ക് തണലാകുന്ന ഓരോ സന്ദർഭത്തിലും ‘ദൈവത്തിന് നന്ദി’ എന്ന വാക്കിൽ അദ്ദേഹം ആഹ്ലാദം അവസാനിപ്പിക്കും. സഹായത്തിനും കാരുണ്യത്തിനും മത-ജാതി പരിഗണനകളോ മറ്റു താൽപര്യങ്ങളോ യൂസുഫലി ഒരിക്കലും കണക്കിലെടുത്തിട്ടില്ല. നേരിട്ട് അറിഞ്ഞു ചെയ്യുന്നതിനേക്കാൾ അറിയാതെ ചെയ്യുന്ന സഹായങ്ങളാണ് കൂടുതലെന്നാണ് അടുത്തറിയുന്നവർ സാക്ഷ്യം പറയാറുണ്ട്.
സൗഹൃദ വലയത്തിൽ ഭരണാധികാരികളും സാധാരണക്കാരും
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുതൽ നിലവിലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വരെ അറബ് ലോകത്തെ പ്രഗൽഭരായ ഭരണാധികാരികളുമായി ബന്ധം സൂക്ഷിക്കാനും, പ്രവാസികളുടെ ആവശ്യങ്ങൾക്ക് അതുപയോഗപ്പെടുത്താനും യൂസുഫലിക്ക് സാധിച്ചു.
യു.എ.ഇയിലെ എല്ലാ ഭരണാധികാരികളുമായും വളരെ ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന അദ്ദേഹത്തെ, ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സമയത്ത് അവരെല്ലാം നേരിട്ട് ആരോഗ്യ സ്ഥിതി വിലയിരുത്താനായി ബന്ധപ്പെട്ടിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുതൽ ഇന്ത്യയിലെ ഭരണാധികാരികളുമായും അടുത്ത ബന്ധം സൂക്ഷിക്കുകയും, രാജ്യത്തിന്റെ വാണിജ്യ വളർച്ചക്കും നിക്ഷേപകരെ ആകർഷിക്കുന്നതിനും സാധ്യമാകുന്ന ഇടപെടൽ നടത്തുകയും ചെയ്യുന്നുണ്ട്.
ഉന്നത അംഗീകാരങ്ങൾ നേടുമ്പോഴും സാധാരണ പ്രവാസികളുമായുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഈ നേട്ടങ്ങളുടെയെല്ലാം നാന്ദിയായ കപ്പൽ യാത്രക്ക് അരനൂറ്റാണ്ട് പിന്നിടുമ്പോൾ പ്രവാസത്തിന്റെ ചരിത്രത്തിനും അതൊരു നാഴികക്കല്ലാണ്. ഓരോ പ്രവാസിക്കും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം പകരുന്ന, കാലത്തിന്റെ കണ്ണാടിയിൽ തിളക്കം കുറയാത്ത സുവർണാധ്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.