നറുക്കെടുപ്പിൽ 65ലക്ഷം; അവകാശിക്ക് കൈമാറി മലയാളി യുവാവിന്‍റെ സത്യസന്ധത
text_fieldsഅജ്മാന്‍: കഴിഞ്ഞ ജൂലൈ മാസത്തെ പ്രതിവാര അബൂദബി ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിലെ സമ്മാനം സ്വദേശി വനിതക്ക് ലഭിച്ചത് മലയാളിയിലൂടെ. കോഴിക്കോട് ജില്ലയിലെ വടകര, കോട്ടപ്പള്ളി സ്വദേശി പടിഞ്ഞാറയിൽ ഇബ്രാഹീമിന്‍റെ മകന്‍ ഫയാസിനാണ് അബൂദബി ഡ്യുട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചത്.
മാതൃസഹോദരന്‍റെ കൂടെ ജോലി ചെയ്യുന്ന സ്വദേശി വനിത നേരത്തേയുള്ള പരിചയത്തില്‍ പലപ്പോഴും ഫയാസ് മുഖേനെ ടിക്കറ്റ് എടുക്കാറുണ്ട്. തന്‍റെ സുഹൃത്തുക്കളുടെ പേരിലാണ് ഇതിനു മുമ്പെല്ലാം ബിഗ് ടിക്കറ്റ് എടുത്തിട്ടുള്ളത്. എന്നാൽ ജുലൈ നറുക്കെടുപ്പിന് മൂന്ന് ടിക്കറ്റ് എടുക്കണമെന്ന് സ്വദേശി വനിത ആവശ്യപ്പെട്ടപ്പോള്‍ ഫയാസ് സ്വന്തം പേരില്‍ എടുക്കുകയായിരുന്നു. സ്വദേശി വനിത ഫയാസിന്‍റെ അമ്മാവൻ സമീറിന് പണം നല്‍കുകയായിരുന്നു.
സമീറിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫയാസിന്‍റെ പേരിലാണ് ടിക്കറ്റ് എടുത്തിരുന്നത്. മൂന്നില്‍ ഒരു ടിക്കറ്റിന് നറുക്കെടുപ്പില്‍ സമ്മാനമായി മൂന്ന് ലക്ഷം ദിര്‍ഹം (ഇന്ത്യന്‍ രൂപ ഏകദേശം 6,510,000) അടിച്ച വിവരം അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ ഫയാസ് ആദ്യത്തില്‍ ഒന്ന് ഞെട്ടിപ്പോയി.
എന്നാല്‍ ഇത് തനിക്ക് അവകാശപ്പെട്ടതല്ലെന്ന് തിരിച്ചറിഞ്ഞ് സമ്മാനം ലഭിച്ച വിവരം ഫയാസ് സ്വദേശി വനിതയെ ഉടന്‍ തന്നെ വിളിച്ചറിയിച്ചു. ഫയാസ് അറിയിച്ചില്ലായിരുന്നെങ്കില്‍ സ്വദേശി വനിത സമ്മാന വിവരം അറിയുമായിരുന്നില്ല.
ഫയാസിന് സമ്മാനം ലഭിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ സുഹൃത്തുക്കള്‍ വിളിതുടങ്ങിയിരുന്നു. എന്നാൽ പണം അവകാശിക്ക് നല്‍കാനുള്ള തിരക്കിലായിരുന്നു യുവാവ്. സമ്മാനത്തുക ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടിയിരുന്നു. എല്ലാ രേഖകളും പരിശോധിച്ച് സ്ഥിരീകരണങ്ങളും കഴിഞ്ഞ് സെപ്റ്റംബര്‍ 14നാണ് ഫയാസിന്‍റെ ദുബൈ ഇസ്ലാമിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈമാറ്റം നടന്നത്.
ഉടന്‍ തന്നെ ഇത് സ്വദേശി വനിതക്ക് കൈമാറുകലും ചെയ്തു. ലഭിച്ച സൗഭാഗ്യത്തിന് സ്വദേശി വനിത ഫയാസിന് പാരിതോഷികം നല്‍കി. തന്‍റെ കൈകൊണ്ട് സമ്മാനം ലഭിക്കുന്നതിന് അവസരം കൈവന്നതില്‍ വലിയ സന്തോഷത്തിലാണ് ഏഴു വര്‍ഷത്തോളമായി യു.എ.ഇയിലുള്ള ഫയാസ്. അജ്മാനിലെ സ്കെച്ചേഴ്സ് ബ്രാന്‍ഡ് ഫോളിയോയില്‍ സെയില്‍സ് മാനായി ജോലി ചെയ്ത് വരികയാണ് ഈ യുവാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.