പ്രവാസജീവിതത്തിന് വിരാമം; അഷ്റഫ് പള്ളിക്കണ്ടം നാട്ടിലേക്ക്
text_fieldsദുബൈ: യു.എ.ഇയിലെ സാമൂഹ്യ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായ അഷ്റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസർകോട് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് അരിഞ്ചിര അബ്ദുറഹ്മാന്, പള്ളിക്കണ്ടം കുഞ്ഞായിസ്സു ദമ്പതികളുടെ മകനായി ജനിച്ച അഷ്റഫ് എഴുപതുകളുടെ അവസാനമാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്.
ചെറുവത്തൂര്‍ കാടങ്കോട്ടെ ഗവ. ഫിഷറീസ് ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയാണ് അല്‍ഐനിൽ പ്രവാസിയായെത്തിയത്. ഗള്‍ഫിലെത്തി മൂന്നാംമാസംതന്നെ പൊതുപ്രവര്‍ത്തകനെന്ന നിലയിൽ ഇടപെട്ടുതുടങ്ങിയത് ഇദ്ദേഹത്തിന്റെ വ്യത്യസ്തതയാണ്.
പ്രിഡിഗ്രി പഠനകാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങിയ പൊതുപ്രവര്‍ത്തന താല്പര്യം, അദ്ദേഹത്തെ നാല്പതു കൊല്ലത്തോളം കെ.എം.സി.സിയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിലെത്തിച്ചു.
ആദ്യത്തെ രണ്ടുവര്‍ഷം അല്‍ഐനില്‍ ശൈഖ് ഖലീഫയുടെ റൂളേര്‍സ് പ്രൈവറ്റ് ഡിപ്പാര്‍ട്മെന്റിലും തുടര്‍ന്ന് 24 വര്‍ഷം അല്‍ഐന്‍ വൈദ്യുതി ഡിപ്പാര്‍ട്മെന്റിന് കീഴില്‍ പവര്‍ഹൗസില്‍ ഫയര്‍ കണ്ട്രോള് റൂം ഓപ്പറേറ്ററായും ജോലിചെയ്ത് വിരമിച്ചശേഷം കഴിഞ്ഞ 18 വര്‍ഷമായി സ്വന്തം കച്ചവടസ്ഥാപനം നടത്തിവരുകയായിരുന്നു അഷ്റഫ്.
അല്‍ഐനിലെത്തി മൂന്നു മാസത്തിനകം അല്‍ഐന്‍ ചന്ദ്രിക റീഡേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ അഷ്റഫ് നിയമിതനായി. ചന്ദ്രിക റീഡേഴ്സ് ഫോറവും കെ.എം.സി.സിയും ലയിച്ചതിനുശേഷം പുത്തൂര്‍ റഹ്മാന് പ്രസിഡന്റായ കമ്മിറ്റിയില്‍ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു.
അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ 1984ലെ ഭരണസമിതിയില്‍ ജോ. സെക്രട്ടറിയുടെ പദവി വഹിച്ച അദ്ദേഹം പിന്നീട് രണ്ട് ടേമുകളില്‍ ഐ.എസ്.സി ഉപാധ്യക്ഷനും 2003-2005 വര്‍ഷം തുടര്‍ച്ചയായി ജനറല്‍ സെക്രട്ടറിയുമായി. 2014ല്‍ ഐ.എസ്.സി പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അല്‍ഐനിലെ ഒരു ഡസനോളം സാമൂഹിക സംഘടനകള്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏകീകൃത കൂട്ടായ്മയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.
യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാനായതിലും അതോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിഞ്ഞതിലുമുള്ള നിറസംതൃപ്തിയുമായാണ് നാട്ടിലേക്കു മടങ്ങുന്നത്. പ്രവാസം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ നാട്ടിലെ പൊതുജീവിതത്തില്‍ സജീവമാകാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഭാര്യ: ഖദീജ അഷ്റഫ്. ഷാര്‍ജയിലുള്ള ആയിഷത്ത് ഹിബ പുത്രിയും അല്‍ഐനില്‍ തന്നെയുള്ള അബ്ദുറഹ്മാന് പള്ളിക്കണ്ടം മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.