ആനിമേഷനിലെ ‘ജോഷി' മാജിക്
text_fields‘എ കോക്കനട്ട് ട്രീ’, 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരമേളയിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടര മിനിറ്റിന്റെ 2ഡി ആനിമേഷൻ ചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഷി ബെനഡിക്ട്
ഒരു കുഞ്ഞു സിനിമ, ‘എ കോക്കനട്ട് ട്രീ’, അത് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരമേളയിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നു. വലിയ തോതിൽ ജനപ്രീതി നേടുന്നു. ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തെയും ചിത്രത്തിന്റെ സംവിധായകനെയും ആളുകൾ അന്വേഷിക്കുന്നു. ഒടുവിൽ അത് എത്തിനിൽക്കുന്നത് കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിലാണ്. എട്ടര മിനിറ്റിന്റെ 2ഡി ആനിമേഷൻ ചിത്രം ജനശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്റെ സിനിമയെക്കുറിച്ചും വര അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ജോഷി ബെനഡിക്ട്.
വരയനുഭവങ്ങൾ
ചെറുപ്പം മുതൽ വരക്കുന്ന ആളാണ്. ചെറുപ്പകാലത്ത് വരക്ക് ഇന്നുള്ള അത്ര പ്രോത്സാഹനം കിട്ടിയിരുന്നോ എന്ന് സംശയമാണ്. വരയെ അത്ര വലിയ സംഗതിയായിട്ട് അങ്ങനെ ആരും അക്കാലത്ത് കണ്ടിരുന്നില്ല. 16 വയസ്സിലോ മറ്റോ ആണ് ഒരു ആനിമേഷൻ കാണുന്നത്. ദേവഗിരിയിൽ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ‘സ്നോവൈറ്റ് ആൻഡ് സെവൻ ഡാർട്സ്’ (വാൾട്ട് ഡിസ്നിയുടെ ‘സ്നോ വൈറ്റും 7 കുള്ളന്മാരും’ എന്ന സിനിമ) കോഴിക്കോട് ക്രൗൺ തിയറ്ററിൽ പോയി കാണുന്നത്. അന്ന് അത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഞെട്ടലിനെക്കാളും അതിശയം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നുള്ള ചിന്തയാണ് ആനിമേഷനോടുള്ള താൽപര്യം ഉണ്ടാക്കിയത്.
വരക്കാൻ താൽപര്യമുള്ളതുകൊണ്ട് തന്നെ അത് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ചാച്ചൻ വരക്കുന്ന ആളായിരുന്നു. എന്റെ വരകളെ നന്നായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് തൃശൂരിൽ പഠിക്കാനൊക്കെ പറ്റിയത്. ഇവനെ പടം വര പഠിക്കാൻ വിട്ടാൽ എന്താ ചെയ്യാ, ജീവിക്കാൻ പറ്റുമോ? എന്നൊക്കെ അന്ന് ആളുകൾ ചോദിക്കുമായിരുന്നു. തൃശ്ശൂർ ഫൈൻ ആർട്സിലെ വര കാലം പിന്നീട് ടൂൺസിൽ (Toonz) എത്തിച്ചു.
ആനിമേഷനിലേക്ക്
പണ്ടത്തെ സിനിമകളിൽ 30 സെക്കൻഡ്, ഒരു മിനിറ്റ് ഒക്കെയുള്ള ന്യൂസ് റീൽ ഉണ്ടാവും. അതിൽ ചിലപ്പോൾ ആനിമേഷൻ വരാറുണ്ട്. അങ്ങനെയാണ് ആനിമേഷൻ ശ്രദ്ധിച്ചുതുടങ്ങിയത്. തൃശൂർ ഫൈൻ ആർട്സിൽ അപ്ലൈഡ് ആർട്ടാണ് പഠിച്ചത്. അവിടന്ന് സ്പെസിഫൈ ചെയ്തത് പരസ്യകലയിലാണ്. എം.ടിയുടെ പൂർണസമാഹാരം സീഡി റോം ആയി ചെയ്തിരുന്നു. അഞ്ച് ഡോക്യുമെന്ററികളിൽ ക്രിയേറ്റിവ് ഡയറക്ടറായി ജോലിചെയ്തു. ആ സീഡി റോമിന് വേണ്ടി കുറേ ആനിമേഷൻ വർക്കുകളും ചെയ്തിട്ടുണ്ട്.
ആനിമേഷൻ പഠിക്കണമെന്നുള്ള ആഗ്രഹം 10ാം ക്ലാസ് കഴിഞ്ഞപ്പോഴേ ഉണ്ടായിരുന്നു. എന്നാൽ, ഇതെങ്ങനെ പഠിക്കുമെന്ന് അറിയില്ലായിരുന്നു. ടൂൺസ് ആണ് അതിന് സഹായിച്ചത്. അവിടെ ആനിമേറ്ററായി നാലഞ്ചു വർഷം ജോലി ചെയ്തു. അവിടെ ടി.വി സീരീസ് പോലുള്ള പ്രഫഷനൽ ജോലികളായിരുന്നു.
പന്നിമലത്ത് ഗ്രാഫിക് നോവൽ
നാട്ടിൻപുറത്തുള്ള ചീട്ടുകളിയാണ് ‘പന്നിമലത്ത്’. ഈ കഥയിൽ ഞാൻ കൊടുത്ത പേര് പുള്ളിമലത്ത് എന്നാണ്. പന്നിമലത്ത് എന്നത് അതിലെ കഥാപാത്രം പറയുന്ന ഒരു വാക്ക് മാത്രമാണ്. ചീട്ടുകളിയിൽ അഡിക്ട് ആയ ഒരാളുടെ ജീവിതകഥയാണിത്. അത് ഗ്രാഫിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിന് ഫിക്കി അവാർഡ് (FICCI) ലഭിച്ചു. 2003ലെ ഗ്രാഫിക് നോവൽ ഓഫ് ദ ഇയർ ‘പന്നിമലത്തി’നാണ് കിട്ടിയത്. ഇത് മലയാളത്തിലാണ് ആദ്യം ചെയ്തത്. എന്നാൽ, പബ്ലിഷേഴ്സിനെ കിട്ടിയില്ല. അങ്ങനെയിരിക്കെ ‘ഇൻഡി കോമിക് ഫെസ്റ്റ്’ വരുന്നത്. സ്വതന്ത്രമായി കോമിക് ഫെസ്റ്റ് ചെയ്യുന്നവരുടെ കൂട്ടായ്മ.
ഇവരുടെ എക്സിബിഷൻ 2017ലാണ് കേരളത്തിൽ വരുന്നത്, കൊച്ചിയിൽ. ഇതിന്റെ ആളുകൾ എന്നെ വിളിച്ച് പുസ്തകവുമായി പങ്കെടുക്കണമെന്ന് പറഞ്ഞു. അന്നിത് പുസ്തകമാക്കിയിരുന്നില്ല. ഓൺലൈൻ പതിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൽക്കാലം രണ്ട് കോപ്പി പ്രിന്റ് എടുത്ത് പുസ്തകരൂപത്തിലാക്കി കൊച്ചിയിലെത്തി. പരിപാടി കഴിഞ്ഞ് കുറെ പേർ പുസ്തകം വാങ്ങാനെത്തി. അവർക്ക് കൊടുക്കാൻ കോപ്പി ഇല്ലായിരുന്നു. അവരുടെ അഡ്രസ് എഴുതിവാങ്ങി പ്രിന്റ് എടുത്ത് അയച്ചുകൊടുത്തു.
ഞാൻ സ്വന്തമായി പബ്ലിഷ് ചെയ്ത പുസ്തകമാണ് ‘പന്നിമലത്ത്’. ഇത്രയും ആളുകളിലേക്ക് എത്തിയാൽ പോരാ എന്ന തോന്നലാണ് ഇംഗ്ലീഷ് പതിപ്പ് ഇറക്കാനുള്ള ശ്രമത്തിനു പിന്നിൽ. കെ.കെ. മുരളീധരൻ ആണ് ‘പന്നിമലത്ത്’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ‘The Pig Flip’ എന്ന പേരിൽ.
കോക്കനട്ട് ട്രീയും ദേശീയ പുരസ്കാരവും
നാട്ടിൻപുറത്തുള്ള ഒരു ചെറിയ സംഭവമാണ് ‘കോക്കനട്ട് ട്രീ’ പറയുന്നത്. മനുഷ്യരെപ്പോലെ എല്ലാ ജീവികളും തുല്യമാണ് എന്ന ചിന്തയിൽനിന്നാണ് ഇത് തുടങ്ങുന്നത്. ഒരു തെങ്ങിൻ തൈ അമ്മയെടുത്ത് വളർത്തുന്നു. കുറെക്കാലം കഴിഞ്ഞ് ഒരു സമയത്ത് ആ തെങ്ങ് അവരെ സഹായിക്കുന്നു. ഈ ആശയത്തിന് ഒരു വിഷ്വൽ രൂപം കൊണ്ടുവന്നതാണ് സിനിമ.
എല്ലാം ഞാൻ തന്നെയാണ് ചെയ്തത്. സ്റ്റോറി ബോർഡ് തയാറാക്കുകയായിരുന്നു ആദ്യ കടമ്പ. അത് കഴിഞ്ഞാൽ ഷോട്ടുകൾക്ക് എത്ര ദൈർഘ്യം വേണമെന്ന് ധാരണ കിട്ടും. മൂവ്മെന്റും മൂഡും മനസ്സിലാക്കാൻ പറ്റും. ആറേഴു മാസമെടുത്തു. ഇതിൽ സംഭാഷണങ്ങളില്ല, സംഗീതവും സൗണ്ട് ഇഫക്ടുമുണ്ട്. ബിജിബാലാണ് സംഗീതം.
‘കൊപ്രച്ചേവ്’ ഒരു പരീക്ഷണം
രണ്ടാമത്തെ ഗ്രാഫിക് നോവലാണ് ‘കൊപ്രച്ചേവ്’. ഇതൊരു എക്സ്പെരിമെന്റൽ നോവലാണ്. വടകര ഭാഗത്തൊക്കെ കൊപ്ര ഉണക്കുന്ന ഒറ്റമുറിക്ക് പറയുന്ന പേരാണ് കൊപ്രച്ചേവ്. വാക്കിലുള്ള കൗതുകമാണ് ആ പേരിടാൻ കാരണം. ഒരു കൊപ്രച്ചേവ്, എന്തൊക്കെയോ കാരണങ്ങൾകൊണ്ട് അതിന് തീ ഇടേണ്ടതായി വരുന്നതാണ് കഥ. നോൺലീനിയർ പാറ്റേണിലാണ് കഥ. ‘പന്നിമലത്ത്’ ഒരു ചെറുകഥ വായിക്കുന്നപോലെ എഴുതി വരച്ചതാണ്. എന്നാൽ, ‘കൊപ്രച്ചേവാ’ണ് ഗ്രാഫിക് നോവൽ ടച്ചിൽ ചെയ്തത്.
നാട്ടിൻപുറത്തെ കഥകൾ
പന്നിമലത്ത്, കൊപ്രച്ചേവ്, കോക്കനട്ട് ട്രീ ഇതിൽ മൂന്നിലും നാട്ടിൻപുറമാണ് കഥാപാരിസരം. നമ്മൾ കണ്ട സാഹചര്യങ്ങളും, ചുറ്റുപാടുകളും, കഥാപാത്രങ്ങളും നമ്മളെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പം മുതൽ കാണുന്നതൊക്കെ നമ്മുടെ എഴുത്തിനെയും വരയേയും സ്വാധീനിക്കും. കണ്ടു മറന്ന ഓരോ ചിത്രവും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവും.
വിശാലമായ മലകളും പുഴകളും പച്ചപ്പുമല്ല സൂക്ഷ്മമായ കുറെ കാഴ്ചകൾ ഉണ്ടല്ലോ. ചില സമയത്ത് അതൊക്കെ പ്രതിഫലിക്കും. സ്ഥിരം സഞ്ചരിക്കുന്ന വഴികൾ ഓരോ ദിവസവും കാണുമ്പോഴും ഓരോന്നായിട്ടായിരിക്കും തോന്നുക. ഒരേ സ്ഥലത്ത് തന്നെ ദിവസവും പുതിയ കാര്യങ്ങൾ കിട്ടും. മനസിൽ തങ്ങി നിൽക്കുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. അതുതന്നെയാണ് എഴുത്തിലും വരയിലും പ്രകടമാവുന്നത്.
ചിത്രകഥ v/s ഗ്രാഫിക് നോവൽ
ചിത്രകഥ എന്ന് ഗ്രാഫിക് നോവലിനെയും വിശേഷിപ്പിക്കാം. ചിത്രങ്ങൾ ഉപയോഗിച്ച് ഒരു കഥ പറയുന്നതുതന്നെയാണിത്. എന്നാൽ, ചിത്രകഥയിൽ ഒരു കഥക്കുവേണ്ട ചിത്രങ്ങൾ മാത്രമേ വരക്കുന്നുള്ളൂ. എന്നാൽ, ഗ്രാഫിക് നോവലിൽ എഴുത്തിലൂടെ വായിക്കുന്നതിനപ്പുറമുള്ള ചിത്രങ്ങളാണ് ഉണ്ടാവുക. കഥയെക്കാൾ അധികം ചിത്രങ്ങൾ കഥപറയും. എഴുത്ത് തീരെയില്ലാത്ത ഗ്രാഫിക് നോവലുകളുമുണ്ട്. ‘കൊപ്രച്ചേവി’ൽ ഈ രീതിയാണ് പ്രയോഗിച്ചിരിക്കുന്നത്. ചിത്രങ്ങളെയും എഴുത്തിനെയും അങ്ങോട്ടുമിങ്ങോട്ടും പൂരിപ്പിക്കുന്ന ഒന്നാണ് ഗ്രാഫിക് നോവൽ. ചിലപ്പോൾ എഴുത്തിന് അപ്പുറം എന്തൊക്കെയോ ചിത്രങ്ങളിലുണ്ടാവും. ചിത്രത്തിനപ്പുറം എഴുത്തിലും ഉണ്ടാവും.
ആനിമേഷനിലെ മാറ്റങ്ങൾ
എല്ലാ മേഖലയിലും പോലെ തന്നെ ആനിമേഷനിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യം 2D ആനിമേഷൻ വന്നു. പിന്നെ 3Dയായി. ഇപ്പോൾ 3D സിനിമകളാണ് കൂടുതൽ. ആനിമേഷനിൽ നമുക്ക് എന്ത് ഭാവന ചെയ്യാൻ പറ്റുമെന്നതാണ് അതിന്റെ പരിധി. നമ്മുടെ ഭാവനയിൽ എത്രത്തോളം കൊണ്ടുവരാൻ പറ്റുമോ അതൊക്കെ ആനിമേഷനിൽ ചെയ്യാൻ പറ്റും. വരക്കുന്ന ആൾക്ക് എന്തും എങ്ങനെയും ചെയ്യാലോ. പുതിയൊരു കഥാപാത്രത്തെ തന്നെ വരച്ചുണ്ടാക്കാം. ഭാവനയാണ് ഇവിടെ പ്രധാനം.
സിനിമകളിലെ ആനിമേഷൻ അധികവും എഫക്റ്റുകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. അത് ഇതിനോട് സാമ്യം എന്ന് പറയാൻ പറ്റില്ല. അതും ആനിമേഷൻ തന്നെയാണ്. കൊമേഴ്സ്യൽ സിനിമകളിൽ പലപ്പോഴും ആനിമേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും എഫക്റ്റിലേക്കാണ് അത് പോകുന്നത്. ബോളിവുഡിലേതുപോലെ മുഴുനീള ആനിമേഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടില്ല. അങ്ങനെ ഒന്ന് ഇന്ത്യയിൽ വരണം. ആനിമേഷനിൽ നല്ല വർക്കുകൾ വരണം.
2Dയും 3Dയും
വരച്ച് ചെയ്യുന്നതാണ് 2D ആനിമേഷൻ. പേപ്പറിൽ വരക്കലാണ് പണ്ടത്തെ രീതി. ലൈറ്റ് വെച്ച ഒരു ബോക്സ് ഉണ്ടാവും. അതിൽ പേപ്പർ അടുക്കി വെച്ചാണ് പടങ്ങൾ വരക്കുന്നത്. ഒരു മിനിറ്റ് അല്ലെങ്കിൽ 60 സെക്കൻഡ് ഒക്കെയുള്ള സീനിന് ഒരുപാട് പേപ്പറുകൾ വേണ്ടിവരും. എന്നാൽ ലൈറ്റ് ബോക്സിൽ ഒരേസമയത്ത് 10 പേപ്പറിൽ കൂടുതൽ വെക്കാൻ പറ്റില്ല.
കൈ അനങ്ങുന്നതാണ് വരക്കുന്നതെങ്കിൽ ഓരോ പൊസിഷനും വരച്ചു ചേർക്കണം. എന്നിട്ട് ഫ്ലിപ്പ് ചെയ്യുമ്പോഴാണ് കൈക്ക് ചലനം സംഭവിക്കുന്നത്. ഫ്ലിപ്പ് ബുക്കൊക്കെ ഇതിന് ഉദാഹരണമാണ്. കോക്കനട്ട് ട്രീ 2D ആനിമേഷനാണ്. 3D എന്നു പറഞ്ഞാൽ മോഡൽ ഉണ്ടാക്കി ആ മോഡലിന് ആനിമേഷൻ കൊടുക്കുന്നതാണ്.
നെഞ്ചിലേറിയ ചകോരം
എന്റെ സുഹൃത്ത് വഴിയാണ് ഐ.എഫ്.എഫ്.കെയിലേക്ക് എത്തുന്നത്. സെലക്ഷൻ കിട്ടി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ സ്റ്റുഡിയോയിൽവെച്ചാണ് ഇതിന്റെ വർക്കുകൾ ചെയ്തിരുന്നത്. ഓരോ ഘട്ടവും ചലച്ചിത്ര അക്കാദമിയെ കാണിച്ചിരുന്നു. 2019ലെ ഐ.എഫ്.എഫ്.കെ സിഗ്നേച്ചർ ഫിലിം ആയി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. നല്ല അഭിപ്രായമായിരുന്നു ആസ്വാദകരുടെ ഇടയിൽനിന്നുമുണ്ടായത്.
നമ്മൾ കണ്ട സാഹചര്യങ്ങളും ചുറ്റുപാടുകളും കഥാപാത്രങ്ങളും അനുഭവങ്ങളും നമ്മളെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. അതുതന്നെയാണ് എഴുത്തിലും വരയിലും പ്രകടമാവുന്നത്. ഇവിടെ ഗ്രാഫിക് നോവലിന് അത്ര റീച്ചില്ല. കേരളത്തിൽ സാഹിത്യം എന്ന ശാഖക്ക് ഒരു ഹൈപ്പ് ഉണ്ട്. വരയൊക്കെ അതിനെ സപ്പോർട്ട് ചെയ്യുന്നവയായിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്.
‘കോക്കനട്ട് ട്രീ’ക്ക് നല്ല അഭിപ്രായമാണ് ഫെസ്റ്റിവലിൽനിന്നു കിട്ടിയത്. നാഷനൽ അവാർഡിന് ആനിമേഷൻ വിഭാഗമുണ്ടെന്ന് അറിയാമായിരുന്നു. സംസ്ഥാന അവാർഡ് ആനിമേഷൻ കാറ്റഗറിയില്ല. അധ്യാപികയായ ഭാര്യ ആൻസിയും മകൻ ബെനറ്റും നാട്ടുകാരുമെല്ലാം ജോഷിയുടെ പുരസ്കാര തിളക്കം കൊണ്ടാടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.