നാടൊന്നിച്ചു; മുഹമ്മദ് അൻഷിഫിന് സ്വപ്നസാക്ഷാത്കാരം
text_fieldsകൽപറ്റ: ഫെബ്രുവരി 26ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലെ മത്സരം നേരിട്ടുകാണാൻ ഇത്തവണ വയനാട്ടിൽനിന്ന് ഏറെ സ്പെഷലായ മഞ്ഞപ്പട ആരാധകൻ കൂടിയുണ്ടാകും.
മൂപ്പൈനാട് റിപ്പൺ പൂളക്കൽ നൗഫലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് അൻഷിഫ് എന്ന 13കാരനാണ് തന്റെ സ്വപ്നസാക്ഷാത്കാരമായി കൊച്ചിയിലെത്തുക.
സെറിബ്രൽ പാൾസി ബാധിച്ച മുഹമ്മദ് അൻഷിഫ് കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനാണ്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും അത്യന്തം ആവേശത്തോടെ കാണുന്ന മുഹമ്മദ് അൻഷിഫിന് തന്റെ പ്രിയപ്പെട്ട ടീമിലെ കളിക്കാരെ നേരിൽകാണുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം. അൻഷിഫിന്റെ ഈ ആഗ്രഹമറിഞ്ഞതോടെ നാടൊന്നാകെ അത് യഥാർഥ്യമാക്കാൻ കൂടെ നിൽക്കുകയായിരുന്നു.
അതിനുള്ള ദൗത്യം കേരള ബ്ലാസ്റ്റേഴ്സ് സപ്പോട്ടേഴ്സ് ക്ലബായ മഞ്ഞപ്പട ഏറ്റെടുത്തതോടെയാണ് ഫെബ്രുവരി 26ന് നടക്കുന്ന മത്സരം നേരിട്ടുകാണാൻ അവസരമൊരുങ്ങിയത്.
റിപ്പൺ സമന്വയം ഗ്രന്ഥശാല പ്രവർത്തകൻ കെ. അഷറഫ് അലി ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് മുഹമ്മദ് അൻഷിഫിന്റെ ആഗ്രഹം പുറംലോകമറിഞ്ഞത്. ഫേസ്ബുക്ക് കുറിപ്പ് നിരവധിപേരാണ് പങ്കുവെച്ചത്.
ഇത് ശ്രദ്ധയിൽപെട്ട മഞ്ഞപ്പട ഏതുവിധേനയും അൻഷിഫിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീരുമാനിച്ചു. വിവരം മഞ്ഞപ്പട പ്രവർത്തകർ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അധികൃതരെ അറിയിച്ചപ്പോൾതന്നെ ഫെബ്രുവരി 26ന് നടക്കുന്ന മത്സരം നേരിട്ടുകാണാനുള്ള അവസരമൊരുക്കുകയായിരുന്നു.
അൻഷിഫിനെ കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്വാഗതം ചെയ്യുകയാണെന്ന വിവരം മഞ്ഞപ്പട വയനാട് വിങ് പ്രസിഡന്റ് വിപിൻ, സെക്രട്ടറി അംജദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ശരത്, സജീർ, ആഷിക് എന്നിവർ നേരിട്ട് റിപ്പണിലെ വീട്ടിലെത്തിയാണ് അറിയിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ കളിയും സാധ്യമെങ്കിൽ കളിക്കാരെയും നേരിൽ കാണാൻ അവസരമുണ്ടാക്കാമെന്ന ഉറപ്പ് നൽകിയാണ് അവർ മടങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും സ്കാർഫും അൻഷിഫിന് സമ്മാനിക്കുകയും ചെയ്തു.
അൻഷിഫിന് കരുത്തായി എപ്പോഴും കൂടെയുള്ള മാതാപിതാക്കളും സഹോദരങ്ങളും ജി.എച്ച്.എസ് റിപ്പണിലെ സ്പെഷൽ എജുക്കേറ്റർമാരായ സെബസ്റ്റീന വർഗീസും, വി.പി. ബാസിലയും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.