സഫലമായി കുടുംബവേര് തേടിയുള്ള മൂന്നംഗ സംഘത്തിന്‍റെ യാത്ര
text_fieldsപന്തളം: കുടുംബവേര് തേടിയുള്ള യാത്ര സഫലമായതിന്‍റെ സന്തോഷത്തിലാണ് ഈ മൂന്നംഗ സംഘം. പന്തളം കടയ്ക്കാട് മാവിരശൻ വീട്ടിൽ 65 വയസ്സുള്ള തക്ബീർ, പടിപ്പുരത്തുണ്ടിൽ അക്ബർ, ഹക്കീം വാഴക്കാലയിൽ എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സര ദിനത്തിൽ മുൻതലമുറയെ തേടി തമിഴ്നാട്ടിലേക്ക് തിരിച്ചത്. 170 വർഷം പഴക്കമുള്ള തലമുറയുടെ വേരുകൾ തേടി തമിഴ്നാട്ടിലെ മാനാ മധുരയിലേക്കായിരുന്നു യാത്ര.
പന്തളത്തുനിന്ന് 350 കിലോമീറ്റർ അകലെയുള്ള മാനാ മധുരയിൽ എത്തിയ സംഘം പന്തളം കടയ്ക്കാട് തെരുവിലെ അതേ മാതൃകയിലുള്ള ഗ്രാമം കണ്ടെത്തുകയും അവിടത്തെ മുസ്ലിം പള്ളിയിലെത്തി മാവിരശൻ വീട്ടിൽ അബ്ദുൽ റഹീമിനെയും അബ്ദുൽ കരീമിനെയും കണ്ടെത്തുകയുമായിരുന്നു. ഇരുകൂട്ടരും ബന്ധങ്ങൾ പുതുക്കി സൽക്കാരവും കഴിഞ്ഞാണ് മടങ്ങിയത്.
തമിഴ്നാട്ടിലെ സർക്കാർതലത്തിൽ ഉന്നത ജോലിയിൽ ഉണ്ടായിരുന്ന ഇരുവരും വിരമിച്ച ശേഷം മാനാ മധുരയിലെ കണ്ണൻ തെരുവില അമ്പള വീട്ടിലാണ് താമസം. കടയ്ക്കാട് പ്രദേശത്തെ പഴയ തലമുറയിൽ ഇപ്പോഴും തമിഴ് സംസാരിക്കുന്നവരുണ്ട്. മാനാ മധുരയിൽനിന്ന് കച്ചവടാവശ്യത്തിന് കടയ്ക്കാട്ട് എത്തിയവരാണ് ആദ്യകാല കടയ്ക്കാട്ട് മുസ്ലിംകൾ, ഇവരുടെ പിൻതലമുറക്കാരാണ് ഈ കുടുംബക്കാർ.
തുർക്കിയിൽനിന്ന് കുടിയേറി പാർത്ത ഇവരെ തമിഴ്നാട്ടിൽ അറിയപ്പെടുന്നത് തുലുക്കർ എന്നാണ്. തുർക്കി എന്ന പദത്തിൽനിന്ന് ഉരുത്തിരിഞ്ഞതുകൊണ്ടാവാം ഈ വിളിപ്പേര് വന്നത്. എന്നാൽ, കേരളത്തിൽ ഇവരെ അറിയപ്പെടുന്നത് റാവുത്തർ എന്നാണ്.ജീവിച്ചിരിക്കുന്ന പഴയ തലമുറയിലുള്ള ആൾക്കാരെ കണ്ടെത്താൻ സാധിച്ചത് പുണ്യമായാണ് അവർ കാണുന്നത്. ഇവരാകട്ടെ പുതിയ തലമുറയിലെ അഞ്ചുകുടുംബങ്ങളെ കണ്ടെത്തിയ നിർവൃതിയിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.