ദോഹ ലൈവ്: ജീവൻ തുടിക്കുന്ന കാൻവാസ്
text_fieldsരണ്ടു പതിറ്റാണ്ട് നീണ്ട ഖത്തർ പ്രവാസം, അതിലേറെ കാലത്തെ കലാപ്രവർത്തനങ്ങൾ. ഇതിനിടയിൽ മലയാളിയായ സഗീർസാലിഹിന്റെ വിരൽത്തുമ്പിലൂടെ പിറന്നത് 5000ത്തോളം രചനകളാണ്. ഇത് കൊച്ചിക്കാരൻ സഗീർ സാലിഹിന്റെ കാൻവാസാണ്. നിറങ്ങളും വരകളും അപൂർവമായൊരു തേജസ്സോടെ സമ്മേളിക്കുന്ന ഈ കാൻവാസിലേക്ക് നോക്കിയങ്ങനെ ഇരുന്നാൽ, അവിടെനിന്നും ഓരോന്നായി ജീവനോടെ ഇറങ്ങിവരുന്നതായും അനുഭവപ്പെടും. സൗദിയുടെയും ഖത്തറിന്റെയും ഭരണാധിപന്മാരുണ്ട്, മഹാത്മാ ഗാന്ധിയും നെഹ്റുവും ഉണ്ട്, പ്രകൃതിഭംഗികളും ഖത്തറിന്റെ പൈതൃക തെരുവുകളും ഉൾപ്പെടെ ഈ കാൻവാസിൽ പതിയാത്തതായി ഒന്നുമില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഖത്തറിൽ പ്രവാസിയായും അതിനു മുമ്പേ നാട്ടിലുമായി ചിത്രകലാ അധ്യാപകനായി ജോലിചെയ്ത കൊച്ചി പനയപ്പള്ളി സ്വദേശി സഗീർ സാലിഹ് വരയുടെയും പെയിന്റിങ്ങിന്റെയും ലോകത്ത് ഖത്തറിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമാണ്.
കതാറ കൾചറൽ വില്ലേജിലും മതാഫിലുമായി നിരവധി പ്രദർശനങ്ങൾ, നിരവധി മത്സരങ്ങളിലെ പങ്കാളിത്തം, അധ്യാപകൻ എന്ന നിലയിൽ സൃഷ്ടിച്ചെടുത്ത മിടുക്കരായ പ്രതിഭകൾ, എല്ലാത്തിനുമുപരി ശൈഖുമാർ ഉൾപ്പെടെയുള്ള പ്രഗല്ഭരിൽ വരെ എത്തിയ വരയുടെ വിശേഷം.
2003ൽ തന്റെ 26ാമത്തെ വയസ്സിൽ പ്രവാസി കുപ്പായമിട്ട് ഖത്തറിലേക്ക് വിമാനം കയറുമ്പോൾ കൈയിലെ വഴക്കമുള്ള പെൻസിലും ബ്രഷും, തലനിറയെയുള്ള ആശയങ്ങളുമായിരുന്നു കരുത്ത്. ഇന്ന് 20 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ ഒരു കലാകാരനെന്ന നിലയിൽ സഗീർ സമ്പന്നനാണ്. ഇതിനകം ഓയിൽ, വാട്ടർ, അക്രിലിക് തുടങ്ങി പല മീഡിയങ്ങളിലായി വരച്ചുകൂട്ടിയത് 5000ത്തോളം ചിത്രങ്ങൾ. ഇൻസ്റ്റലേഷനുകളും ത്രീഡി ചിത്രങ്ങളും ശിൽപങ്ങളും പുസ്തക കവറുകളും മുതൽ മറ്റു കലാസൃഷ്ടികൾ വേറെയും.
കലയോട് ഏറെ ഇഷ്ടമുള്ള പിതാവ് മുഹമ്മദ് സാലിഹും മികച്ച കലാകാരനായ പിതൃസഹോദരൻ അഷ്റഫുമായിരുന്നു കുഞ്ഞുന്നാളിൽ വരയുടെയും പെയിന്റിങ്ങിന്റെയും ലോകത്തേക്ക് നയിച്ചതെന്ന് സഗീർ ഓർക്കുന്നു. നാലാംക്ലാസിൽ പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളെ നോട്ട്ബുക്കിലേക്കും മറ്റും പകർത്തിയ മകൻ വളർന്നുവലുതായപ്പോൾ കലയെ കരിയറായി പുണരാനുള്ള തീരുമാനത്തിന് വീട്ടുകാർ ഒപ്പം നിന്നു. സ്കൂൾതലത്തിലും മറ്റുമായി വിവിധ മത്സരവേദികളിൽ സമ്മാനം വാരിക്കൂട്ടിയായിരുന്നു യാത്ര. പ്രീഡിഗ്രി പഠനശേഷം, ചിത്രകലയിൽ ഡിേപ്ലാമ നേടി നാട്ടിലെ സ്കൂളുകളിൽ അധ്യാപക വേഷമണിഞ്ഞു.
പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലായിരുന്നു തുടക്കം. ഇതിനിടയിൽ 1997ൽ സൗദിയിലേക്ക് പ്രവാസിയായി എത്തിയപ്പോൾ ചിത്രകലയുടെ കാൻവാസ് കൂടുതൽ വിശാലമായി. സ്പോൺസർകൂടിയായ സ്വദേശി നൽകിയ പിന്തുണയിൽ സൗദിയുടെ മണ്ണിൽ പെയിന്റിങ്ങുകൾകൊണ്ട് പുതിയൊരു ആകാശം സൃഷ്ടിച്ചു. സൗദി രാജാക്കന്മാർ ഉൾപ്പെടെ ഭരണാധികാരികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ സ്പോൺസറുടെ ആവശ്യപ്രകാരം വരച്ചുനൽകി. അദ്ദേഹം പലർക്കായി സമ്മാനിച്ച ചിത്രങ്ങൾ ഇന്നും അവിടത്തെ റോയൽ പാലസുകളുടെ ചുമരുകളിൽ അലങ്കാരമായി നിൽക്കുന്നുവെന്ന് സഗീർ അഭിമാനത്തോടെ ഓർക്കുന്നു.
പിന്നീട് 1999ൽ നാട്ടിൽ സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചതോടെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ സഗീർ ഏതാനും വർഷമേ അവിടെ തുടർന്നുള്ളൂ. അവധിയെടുത്ത് 2003ൽ ഖത്തറിലെത്തി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കലാധ്യാപകനായി. നീണ്ട 15 വർഷമായിരുന്നു എം.ഇ.എസിൽ പ്രവർത്തിച്ചത്. ഇവിടെനിന്നും ഖത്തറിലെ ചിത്രകാല ലോകത്തേക്ക് തന്റെയും കരവിരുതിനെ വളർത്തുകയായിരുന്നു ഈ കൊച്ചിക്കാരൻ. എണ്ണമറ്റ സൃഷ്ടികൾകൊണ്ട് അദ്ദേഹം തന്റെ കലാസപര്യ സജീവമാക്കി. ഇതിനിടയിൽ താൻ ഏറെ മനസ്സിൽ സൂക്ഷിച്ച പ്രിയപ്പെട്ട കലാകാരൻ എം.എഫ്. ഹുസൈനെ നേരിൽ കാണാനും അദ്ദേഹത്തിന്റെ ചിത്രം വരച്ചുനൽകി പ്രശംസ നേടാനായതും അഭിമാനത്തോടെ ഓർക്കുന്നു.
ഖത്തർ അമീറിന്റെയും പിതാവ് അമീറിന്റെയും മുതൽ രാജകുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ, മരുഭൂമിയും നഗരദൃശ്യങ്ങളും പകർത്തിയ കാൻവാസുകൾ, അറബ് സംസ്കാരത്തിന്റെ ഭാഗമായ ഫാൽക്കൺ പക്ഷികളുടെ ജീവസ്സുറ്റ ചിത്രങ്ങൾ, സൂഖ് വാഖിഫ് ഉൾപ്പെടെ പൈതൃക തെരുവുകൾ, ഈത്തപ്പഴ മരങ്ങളും ഒട്ടകങ്ങളും ഉൾപ്പെടെ അറബ് ജീവിതങ്ങൾ... അങ്ങനെ എണ്ണമറ്റ വിഷയങ്ങൾ വിരൽത്തുമ്പിലൂടെ പതിഞ്ഞു.
ഏറെയും പലരുടെയും ആവശ്യപ്രകാരം വരച്ചുനൽകുകയായിരുന്നു. ഇതിനിടയിലായിരുന്നു കതാറ ദൗ ഫെസ്റ്റിന്റെ ഭാഗമായി നടന്ന പെയിന്റിങ് മത്സരത്തിൽ സഗീറിന്റെ ചിത്രം സമ്മാനം നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കലാകാരന്മാർ മാറ്റുരച്ച മത്സരത്തിൽ മൂന്നാം സ്ഥാനമായിരുന്നു സ്വന്തമാക്കിയത്. ഒരു തവണ ഗാഫ്കോ ഫ്ലവർ ഫെസ്റ്റിൽ ‘ടാലന്റ് ഓഫ് ദ ഷോ’ പുരസ്കാരവും സഗീറിന്റെ സൃഷ്ടിയെ തേടിയെത്തി.
15 വർഷത്തോളം എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും പിന്നീട്, ഔഫാസ് ഗ്ലോബൽ സ്കൂൾ, അൽ മഹ അക്കാദമി എന്നിവിടങ്ങളിലായി ചിത്രകലാ അധ്യാപകനായി പ്രവർത്തിച്ച സഗീർ, നിലവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുന്നതിനൊപ്പം ഫ്രീലാൻസായി കലാപ്രവർത്തനങ്ങളും തുടരുന്നു. സുമയ്യയാണ് ഭാര്യ. വിദ്യാർഥികളായ നിഹാല, നസീൽ എന്നിവർ മക്കളാണ്. മാതാവ് നസീമ, സഹോദരൻ സനോബർ എന്നിവരടങ്ങിയ കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്.
ഗസ്സയുടെ സ്പന്ദനം ചിത്രങ്ങളായി
ഗസ്സ: എ പൾസ് ഓഫ് മൈ കളേഴ്‌സ്’ എന്ന പേരിൽ ഖത്തർ സർവകലാശാലയിലെ ഫൈൻ ആർട്സ് വിദ്യാർഥികൾ സംഘടിപ്പിച്ച ചിത്രപ്രദർശനം മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി സന്ദർശിക്കുന്നു
‘ഗസ്സ: എ പൾസ് ഓഫ് മൈ കളേഴ്‌സ്’ എന്ന പേരിൽ ഖത്തർ സർവകലാശാലയിലെ ഫൈൻ ആർട്സ് വിദ്യാർഥികൾ സംഘടിപ്പിച്ച ചിത്രപ്രദർശനം മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി സന്ദർശിക്കുന്നു
ഇസ്രായേൽ അധിനിവേശസേനയുടെ കനത്ത ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗസ്സ മുനമ്പിന്റെ ചരിത്രവും വർത്തമാനവും കാൻവാസിലാക്കിയിരിക്കുകയാണ് ഖത്തർ സർവകലാശാലയിലെ ഫൈൻ ആർട്സ് വിദ്യാർഥികൾ. ഗസ്സയിലെ ഉപരോധത്തെയും ഫലസ്തീൻ ജനത നേരിടുന്ന ദുരിതത്തെയുംകുറിച്ചുള്ള ‘ഗസ്സ: എ പൾസ് ഓഫ് മൈ കളേഴ്‌സ്’ എന്ന ചാരിറ്റബ്ൾ ആർട്ട് എക്‌സിബിഷനാണ് ഖത്തർ സർവകലാശാലയിൽ നടക്കുന്നത്. ഖത്തർ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി പ്രദർശനം ഉദ്ഘാടനം ചെയ്തു.
സർവകലാശാലയിലെ വിദ്യാഭ്യാസ കോളജിലെ ഫൈൻ ആർട്‌സ് വകുപ്പും ക്യു.യു അലുമ്നി അസോസിയേഷൻ കല-സാംസ്‌കാരിക വിഭാഗവും ചേർന്ന് സംഘടിപ്പിച്ച പ്രദർശനത്തിൽ അലുമ്നി അസോസിയേഷൻ പ്രസിഡന്റും നിരവധി കലാകാരന്മാരും പങ്കെടുത്തു. പെയിന്റിങ്ങുകൾക്കു പുറമേ ഫലസ്തീനുമായി ബന്ധപ്പെട്ട കരകൗശലവസ്തുക്കളും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് പ്രദർശനത്തിലെ കലാസൃഷ്ടികൾ വാങ്ങാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം ഫലസ്തീനിലെ സഹോദരങ്ങളുടെ ദുരിതാശ്വാസപ്രവർത്തനങ്ങളിലേക്ക് നീക്കിവെക്കുകയാണ് സംഘാടകർ.
സന്ദർശകർക്ക് ഒപ്പുവെക്കാൻ അവസരമൊരുക്കുന്ന ഫലസ്തീൻ ഭൂപടം ഉൾപ്പെടുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. കലാകാരന്മാരുടെ തത്സമയ ചിത്രരചനയും ഫേസ്, ഹാൻഡ് പെയിന്റിങ് തുടങ്ങിയ പ്രവർത്തനങ്ങളും ഫലസ്തീൻ ലക്ഷ്യത്തെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോകളുടെ പ്രദർശനവും പരിപാടിയിലുണ്ട്.
നിരവധി രക്തസാക്ഷികളും പരിക്കുകളാൽ ദുരിതമനുഭവിക്കുന്നവരുമാണ് ഗസ്സയിലെ യുദ്ധത്തിന്റെ ബാക്കിപത്രമെന്നും ഗസ്സക്കു മേലുള്ള ദീർഘകാല ഉപരോധവും അവിടത്തെ നാശനഷ്ടങ്ങളും കലാകാരന്മാരെ ആഴത്തിൽ സ്വാധീനിച്ചതായും ഖത്തർ സർവകലാശാല വിദ്യാഭ്യാസ കോളജ് ആർട്ട് എജുക്കേഷൻ വിഭാഗം മേധാവി ഡോ. ലതീഫ അൽ മുഗൈസീബ് പറഞ്ഞു. തങ്ങളുടെ ബ്രഷുകളെ ആവിഷ്‌കാരോപകരണങ്ങളാക്കി കലാകാരന്മാർ കാൻവാസുകളിൽ അവ പകർത്തിയെന്നും ഡോ. അൽ മുഗൈസീബ് കൂട്ടിച്ചേർത്തു.
ഗസ്സയിലെ യുദ്ധം, ഉപരോധം, നാശനഷ്ടങ്ങൾ തുടങ്ങിയ നിലവിലുള്ള സംഭവങ്ങളെക്കുറിച്ച ആർട്ട് എജുക്കേഷൻ വിദ്യാർഥികൾക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ ചാരിറ്റബ്ൾ ആർട്ട് എക്‌സിബിഷനിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
മുറിവേറ്റ ഗസ്സക്കുനേരെ തുടരുന്ന സംഭവങ്ങളോടുള്ള മാനുഷിക പ്രതികരണമായാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് അലുമ്നി കല-സാംസ്‌കാരിക വിഭാഗം ഉപാധ്യക്ഷൻ അംന അബ്ദുൽ കരീം പറയുന്നു. സംസ്‌കാരത്തെയും കലയെയും അവയെ ചുറ്റിപ്പറ്റിയുള്ള യാഥാർഥ്യങ്ങളിൽനിന്നു മാറ്റിനിർത്തപ്പെടാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്നും വാക്കുകൾക്ക് സന്ദേശങ്ങളും അർഥങ്ങളും കൈമാറാൻ കഴിയുന്നതുപോലെ കലക്ക് നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടി സംസാരിക്കുന്ന ഭാഷയാകാൻ സാധിക്കുമെന്നും അംന അബ്ദുൽ കരീം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.